മുംബൈ-കോണ്‍ഗ്രസ് വിട്ട നടി ഊര്‍മിള മണ്ഡോദ്ക്കര്‍ നാളെ ശിവസേനയില്‍ ചേരും. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഊര്‍മിള ശിവസേനയില്‍ എന്ന് അംഗത്വമെടുക്കുമെന്ന ചോദ്യത്തിന് അവര്‍ നാളെ പാര്‍ട്ടിയുടെ ഭാഗമാകുമെന്നായിരുന്നു റാവത്തിന്റെ മറുപടി. ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ ശിവസേന നേതൃത്വം ഇതുവരെ തയ്യാറായിരുന്നില്ല.
കോണ്‍ഗ്രസില്‍ നിന്ന് 2019 സെപ്റ്റംബറിലാണ് ഊര്‍മിള രാജിവെച്ചത്. കഴിഞ്ഞ വര്‍ഷം മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കന്മാര് തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഊര്‍മിള പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്.
ഊര്‍മിളയെ നിയമസഭാ കൗണ്‍സിലേക്ക് ശിവസേന നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.സംസ്ഥാന നിയമസഭയുടെ അപ്പര്‍ ഹൗസിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന 12 പേരുടെ പട്ടികയില്‍ ഊര്‍മിള മഡോദ്കറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അടുത്തിടെ നടി കങ്കണാ റണൗത്തും ശിവസേനാ എം.പി സഞ്ജയ് റാവത്തും തമ്മിലുള്ള വഴക്കില്‍ പങ്കാളിയായ ഊര്‍മിള മുംബൈയ്ക്ക് വേണ്ടി ശിവസേനയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു.
കങ്കണ അനാവശ്യമായി ഇര കളിക്കുകയാണെന്നും സ്ത്രീകാര്‍ഡ് ഇറക്കുകയാണെന്നും കങ്കണ ശരിക്കും പോരാടേണ്ടത് സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ മയക്കുമരുന്ന് ഭീഷണിയോട് ആണെന്നും ഊര്‍മിള പരിഹസിച്ചിരുന്നു. ഇതിനു കങ്കണ തിരിച്ചടിക്കുകയും ചെയ്തിരുന്നു. കങ്കണക്കെതിരെ ഇനി ശിവസേനയുടെ നീക്കം ഊര്മിളയിലൂടെയായിരിക്കുമെന്നു വ്യക്തമായി.