ചെന്നൈ- സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം തിങ്കളാഴ്ച നടത്തിയേക്കുമെന്ന് സൂചന. ഇതിന്റെ മുന്നോടിയെന്നോണം രജനീകാന്തിന്റെ ഫാന്‍സ് അസോസിയേഷന്‍ രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. കോടമ്പാക്കത്തുള്ള കല്യാണ മണ്ഡപത്തില്‍വെച്ചുനടക്കുന്ന യോഗത്തിലേക്ക് എത്താന്‍ ആര്‍എംഎം ഭാാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഞങ്ങള്‍ക്ക് ഹെഡ്ഓഫീസില്‍നിന്നു വിളി വന്നിട്ടുണ്ട്. രജനി മക്കള്‍ മന്‍ട്രത്തിന്റെ എല്ലാ ജില്ലാ സെക്രട്ടറിമാരോടും രാഘവേന്ദ്ര മണ്ഡപത്തില്‍ തിങ്കളാഴ്ച രാവിലെ എത്താനാണ് അറിയിച്ചിരിക്കുന്നത്. അത് തീര്‍ച്ചയായും തമിഴ്‌നാട്ടില്‍ ഒരു രാഷ്ട്രീയ ഇളക്കം തന്നെയുണ്ടാക്കും. നാളെ ആ സന്തോഷവാര്‍ത്തയുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷി ക്കുന്നത്', ആര്‍എംഎമ്മിന്റെ ചെന്നൈ സെന്‍ട്രല്‍ മണ്ഡലം സെക്രട്ടറി എവികെ രാജ പറഞ്ഞു.
മണ്ഡപത്തില്‍ 50 പേരെ പങ്കെടുപ്പിക്കാന്‍ പോലീസ് അനുമതി നല്‍കിയിട്ടുണ്ട്.
2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചത്. തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് പലപ്പോഴും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പാര്‍ട്ടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. പാര്‍ട്ടി പ്രഖ്യാപനവും നടന്നിരുന്നില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി പദവി തന്റെ സ്വപ്‌നമല്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ടാകുമെന്നും അദ്ദേഹം വീണ്ടും പറഞ്ഞിരുന്നു. രജനീകാന്തിനെ ബിജെപിയുമായി അടുപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. ചെന്നൈയില്‍ എത്തിയ കേന്ദ്രമന്ത്രി അമിത് ഷാ രജനിയുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം. രജനീകാന്തിന്റെ രാഷ്ട്രിയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറേ നാളുകളായി തമിഴകത്ത് സജീവമായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അദ്ദേഹത്തെ മുന്നണിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊന്നും അനുകൂല നിലപാട് താരത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ല.