മുംബൈ- സിനിമയില്ലെങ്കിലും സിനിമക്കാരുടെ സങ്കടം പറച്ചിലുകള്‍ തീരുന്നില്ല. ബോളിവുഡില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെയും സ്വജനപക്ഷപാതത്തെയും കുറിച്ചാണ് തപ്‌സി പന്നു വാചാലയാവുന്നത്. സിനിമയിലെ തുടക്കകാലത്ത് താന്‍ നേരിട്ട അനുഭവങ്ങളാണ് തപ്‌സി ചൂണ്ടിക്കാണിക്കുന്നത്. താന്‍ സുന്ദരിയല്ലെന്നും കാണാന്‍ കൊള്ളില്ലെന്നുമൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്ന കാരണങ്ങള്‍. നായകന്റെ ഭാര്യയ്ക്ക് ഇഷ്ടമായില്ലെന്ന കാരണത്താല്‍ മാത്രം ഒരു സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും നായികയ്ക്ക് തന്നെക്കാള്‍ പ്രാധാന്യമുള്ള സീന്‍ വേണ്ടെന്നുളള നായകന്റെ വാശി കാരണം മറ്റൊരു ചിത്രത്തില്‍ നിന്നും തന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും താരം പറയുന്നു.ഹീറോയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താല്‍ താന്‍ ഡബ്ബ് ചെയ്തിരുന്ന ഒരു ഡയലോഗ് മാറ്റി റെക്കോര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരാളുടെ ഇഷ്ടപ്രകാരം തന്റെ ഡയലോഗ് മാറ്റാന്‍ തയ്യാറാകാഞ്ഞതിനാല്‍ പിന്നീട് മറ്റൊരാളെക്കൊണ്ടാണ് ആ ഭാഗം റീറെക്കോര്‍ഡ് ചെയ്യിപ്പിച്ചത്. തപ്‌സി കൂട്ടിചേര്‍ത്തു.
പല നിര്‍മ്മാതാക്കളും സംവിധായകരും ഈയടുത്ത കാലം വരെ 'ബാഡ് ലക്ക്' നടിയാണെന്ന് വിശ്വസിച്ചിരുന്നതായും താരങ്ങളുടെ മക്കള്‍ക്ക് വേണ്ടി പലപ്പോഴും വഴി മാറിക്കൊടുക്കേണ്ടി വന്നതായും തപ്‌സി മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. സമാനമായ അനുഭവം നേരിട്ടതായി കൃതി സനോണ്‍, പ്രിയങ്ക ചോപ്ര എന്നിവരും പറഞ്ഞിട്ടുണ്ട്