കോഴിക്കോട്- ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ - ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ ബിഗ് ബസാറുകള്‍ നിത്യോപയോഗ സാധനങ്ങള്‍പോലും സ്റ്റോക്കില്ലാതെ അന്ത്യശ്വാസം വലിക്കുന്നു.
ശര്‍ക്കര മുതല്‍ നിത്യോപയോഗ സാധനങ്ങളും ബൂസ്റ്റ്, ഹോര്‍ലിക്‌സ് തുടങ്ങിവയും മിഠായികളും സോപ്പുകള്‍പോലും സ്റ്റോക്കില്ലാതെയാണ് ദിവസങ്ങളായി രാജ്യത്തെ റീട്ടെയ്ല്‍ മേഖലയിലൊന്നാകെ വലിയ കോളിളക്കം സൃഷ്ടിച്ച് 2013ല്‍ കടന്നുവന്ന ബിഗ് ബസാറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷത്തിലെ ഏറ്റവും വലിയ കച്ചവടം നടക്കുന്ന ദീപാവലി സീസണ്‍ സമയത്തും ഇതേപോലെയാണ് ഇപ്രാവശ്യം രാജ്യത്തൊന്നാകെയുള്ള ബിഗ് ബസാറുകള്‍ പ്രവര്‍ത്തിച്ചത്.
വന്‍സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞ ഉടനെ ബിഗ്ബസാര്‍ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് റിട്ടെയ്ല്‍ വെന്‍ച്വേര്‍സ് ലിമിറ്റഡ് ആഗസ്തില്‍ ഏറ്റെടുത്തിരുന്നു. 24,713 കോടിക്കാണ് രാജ്യമൊന്നാകെയുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തികളടക്കം റിലയന്‍സ് സ്വന്തമാക്കിയത്. ഇന്ത്യയൊട്ടാകെ ഏഴുനൂറ് നഗരങ്ങളിലായി 11,806 സൂപ്പര്‍ മാര്‍ക്കറ്റുകളടക്കമുള്ള റിലയന്‍സ് ഫ്രഷ് 400 നഗരങ്ങളിലായി 1500 സ്റ്റോറുകള്‍ കൂടിയുള്ള ബിഗ് ബസാറുകള്‍കൂടി കൈവശമാക്കുന്നതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശ്യംഖലയായി മാറുകയായിരുന്നു റിലയന്‍സ് റീട്ടെയിലിന്റെ ലക്ഷ്യം.
എന്നാല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപമുള്ള ആമസോണ്‍.കോം ഇതിനെതിരെ സിംഗപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതിയില്‍ കേസ് കൊടുത്തതോടുകൂടി റിലയന്‍സുമായുള്ള വില്‍പന താല്‍ക്കാലികമായി തടയപ്പെട്ടു. ഇതോടുകൂടിയാണ് ബിഗ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉല്‍്പന്നങ്ങളില്ലാതെ പ്രതിസന്ധി രൂക്ഷമായത്. സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കുള്ള കുടിശ്ശിക വര്‍ധിച്ചതോടെ ചെറുകിട കമ്പനികളടക്കമുള്ളവര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചതോടെയാണ് നിത്യോപയോഗ സാധനങ്ങളടക്കമുള്ളവ ബിഗ്ബസാറില്‍ ലഭ്യമാകാതെ തുടങ്ങിയത്. ഇതുകാരണം കേരളത്തിലെ സ്റ്റോറുകളിലടക്കം സാധനങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്. നേരത്തെ വന്നതിന്റെ മൂന്നിലൊന്ന് ഉല്‍പന്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വരുന്നത്. പച്ചക്കറി, പാല്‍പോലുള്ളവ മാത്രമാണ് ദിനേന ഇവിടെയെത്തുന്നത്. അതിനിടെ ഫ്യൂച്ചര്‍ ഗ്രൂപ്പും നിയമവഴിക്കുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നറിയുന്നു.അതിനിടെ റിലയന്‍സ് ഗ്രൂപ്പിന്റെ ജീയോ മാര്‍ട്ടുമായി കരാറുണ്ടാക്കി, അവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുവാനുള്ള നീക്കം നടക്കുന്നതായും അടുത്ത മാസത്തോടെ ഇത് ശരിയായാല്‍ ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെടുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.