ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യദല്‍ഹി- ഇസ്്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി  ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്കുവരും. ഷെഫിന്‍ ജഹാനു തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ അഖില ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീം കോടതയില്‍ നല്‍കിയിട്ടുണ്ട്. രണ്ടു പത്രവാര്‍ത്തകളും പോപ്പുലര്‍ ഫ്രണ്ടിന്റെ പണപ്പിരിവിനെക്കുറിച്ചു വെബ്സൈറ്റിലുള്ള വിവരങ്ങളും ഇതിലുള്‍പ്പെടുന്നു. വിവാഹം അസാധുവാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നു കഴിഞ്ഞ ഒന്‍പതിനു കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ കക്ഷി ചേരാന്‍ കൂടുതല്‍ ഹരജികള്‍ സമര്‍പ്പിച്ചിരിക്കെ, ഹരജിക്കാരനു പുറമെ, ഹാദിയയുടെ പിതാവിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇതിനകം മൂന്നു റിപ്പോര്‍ട്ടുകള്‍ രഹസ്യരേഖയായി കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ,  കോടതി നിര്‍ദേശം പാലിക്കാതെ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തെ ചോദ്യം ചെയ്തു ഷെഫിന്‍ ജഹാന്‍ ഇന്നു കോടതിയലക്ഷ്യ ഹരജി നല്‍കുമെന്ന് കരുതുന്നു. ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേട്ട ഹൈക്കോടതി സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നാണ് കോഉത്തരവിട്ടിരുന്നത്. എന്നാല്‍, മേല്‍നോട്ടത്തിനു തയാറല്ലെന്നു ജസ്റ്റിസ് രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മറ്റാരെയും മേല്‍നോട്ടത്തിനു കോടതി നിയോഗിച്ചിട്ടുമില്ല. തുടര്‍ന്നും അന്വേഷണം നടത്തിയ എന്‍.ഐ.എ നടപടി കോടതിയലക്ഷ്യമെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ പറയുന്നു.

Latest News