കൊച്ചി- നിർബന്ധ മതപരിവർത്തനത്തിന് വിധേയയായി എന്നാരോപിച്ച് വീട്ടുതടങ്കലിലായ അഖില എന്ന ഹാദിയയെ സംഘ്പരിവാർ ബന്ധമുള്ള രാഹുൽ ഈശ്വർ വീട്ടിൽ സന്ദർശിച്ചത് വിവാദമാകുന്നു. കനത്ത പോലീസ് കാവലിലാണ് മാസത്തിലേറെയായി ഹാദിയ കഴിയുന്നത്. ഹാദിയയെ വീട്ടിൽ സന്ദർശിക്കാൻ അടുത്ത ബന്ധുക്കൾക്ക് പോലും അനുവാദമില്ലെന്നിരിക്കെയാണ് രാഹുൽ ഈശ്വർ വീട്ടിൽ സന്ദർശനത്തിനായി എത്തിയത്. ഹാദിയയുടെ അമ്മയുമായി രാഹുൽ ഈശ്വർ സംസാരിക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. അതിനിടെ ഇരുവരും സംസാരിക്കുന്നതിനിടെ കയറി വന്ന ഹാദിയ നിങ്ങളെന്തിനാണ് എന്നെ ഇവിടെ പൂട്ടിയിട്ടിരിക്കുന്നതെന്നും ഇത് കൊണ്ട് എന്താണ് നിങ്ങളുദ്ദേശിക്കുന്നത് എന്നും ചോദിക്കുന്നുണ്ട്.
എന്താണ് അമ്മക്ക് പറയാനുള്ളത് എന്ന് ചോദിച്ചാണ് രാഹുൽ ഈശ്വർ പോസ്റ്റ് ചെയ്ത വീഡിയോ ആരംഭിക്കുന്നത്.
എന്റെ പൊന്നുമകളെ തിരിച്ചുകിട്ടണം എന്ന് പറഞ്ഞ് കരഞ്ഞാണ് ഹാദിയയുടെ അമ്മ സംസാരിക്കുന്നത്. ഇതിനിടെ എന്നെ ഇങ്ങിനെയിട്ടാൽ എന്റെ ജീവിതം മതിയോ എന്ന് ചോദിച്ച് ഹാദിയയുടെ ദൃശ്യവും വീഡിയോയിലുണ്ട്. എന്നാൽ ഹാദിയയെ അധികം സംസാരിക്കാൻ രാഹുൽ ഈശ്വർ അനുവദിക്കുന്നില്ല. അമ്മക്ക് അഖില മതം മാറിയതാണോ വിവാഹം ചെയ്തതാണോ കൂടുതൽ സങ്കടമായത് എന്ന് ചോദിച്ചാണ് രാഹുൽ ഈശ്വർ സംഭാഷണം തുടരുന്നത്.
അതേസമയം, ഓരോ അമ്മയും കേൾക്കേണ്ട കണ്ണുനീർ എന്ന് പറഞ്ഞാണ് വീഡിയോ രാഹുൽ ഈശ്വർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷയത്തിൽ പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും രണ്ടു ഭാഗവും കൊടുത്തിട്ടുണ്ടെന്നും രാഹുൽ അവകാശപ്പെടുന്നു.
നിർബന്ധിത മത പരിവർത്തനം സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നും സ്വന്തം അമ്മയെ സ്വർഗ്ഗം പറഞ്ഞു മത പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത് അമ്മയെയും ദൈവത്തെ അവഹേളിക്കുന്നത് പോലെയാണെന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു.
ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ഞായറാഴ്ചയും മുസ്‌ലിം സഹോദരങ്ങൾക്ക് വെള്ളിയാഴ്ചയും പോലെ ഹിന്ദു സമൂഹത്തിനു ശനിയാഴ്ച ആത്മീയ വിദ്യാഭ്യാസം കിട്ടാത്തതിന്റെ അടിസ്ഥാന പ്രശ്‌നമാണിതെന്നും ഇതിന്റെയെല്ലാം അടിസ്ഥാന പ്രശ്‌നം ഹിന്ദുക്കളിലാണെന്നും രാഹുൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എന്നാൽ, അതീവ സുരക്ഷയിലും പോലീസ് കാവലിലും കഴിയുന്ന ഹാദിയയുടെ വീട്ടിലേക്ക് രാഹുൽ ഈശ്വറിന് കടന്നു ചെല്ലാനും അമ്മയുടെ വീഡിയോ ചിത്രീകരിക്കാനും അനുവാദം നൽകിയത് വിവാദമായി. സംഘ്പരിവാർ ബന്ധമുള്ള പോലീസുകാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ആരോപണം.