ലോസ് ഏഞ്ചല്‍സ്-കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍ ക്യാന്‍സറിന് കാരണമാകുമെന്ന് അമേരിക്കന്‍ മോഡലും അവതാരകയുമായ കര്‍ട്‌നി കര്‍ദാഷിയാന്‍. സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ ക്യാന്‍സറിന് കാരണമാകുമെന്ന കര്‍ട്‌നിയുടെ പ്രസ്താവന വിവാദമായി.
നീല സര്‍ജിക്കല്‍ മാസ്‌ക്കിന്റെ നിര്‍മ്മാണത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു ക്യാന്‍സറിന് കാരണമാകുന്നു എന്നാണ് താരത്തിന്റെ കണ്ടെത്തല്‍. കൂടാതെ, ഈ രാസവസ്തു കരള്‍, വൃക്ക, സ്തന അര്‍ബുദത്തിനും ഉയര്‍ന്ന കൊളസ്‌ട്രോളിനും രക്തസ്രാവത്തിനും കാരണമാകുന്നു എന്നും താരം പറയുന്നു. നീല സര്‍ജിക്കല്‍ മാസ്‌ക്കിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഈ പരാമര്‍ശം. താരത്തിന്റെ ഈ പോസ്റ്റിനെതിരെ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരരം വ്യാജപരാമര്‍ശങ്ങള്‍ ആളുകളെ ഭീതിയിലാഴ്ത്തുമെന്നാണ് പലരുടെയും അഭിപ്രായം. താരത്തിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഇല്ലെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ പ്രതികരണം. ഇത്തരം പ്രസ്താവനകള്‍ ഖേദകരമാണെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള കര്‍ട്‌നി തികച്ചും നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.