തിരുവനന്തപുരം-പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടി നമിത കിണറ്റില്‍ വീണു. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ബൗ വൗ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കിണറിന് സമീപത്ത് വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ നമിതയുടെ കൈയ്യില്‍ നിന്ന് താഴെ പോയ ഫോണ്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നമിത കിണറ്റിലേക്ക് വീണത്. ആരാധകരും അണിയറ പ്രവര്‍ത്തകരും നോക്കിനില്‍ക്കെ 35 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് നമിത വീണത്
ഷൂട്ടിങ് കണ്ടു നിന്നവരെല്ലാം ഒരു നിമിഷം പേടിച്ചുപോയി. ഈ സമയം സംവിധായകരായ ആര്‍.എല്‍. രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്. നമിത കിണറ്റില്‍ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.
സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ബൗ വൗ. ഒരു നായയാണ് നായകന്‍. ഒരാള്‍ കിണറ്റില്‍ വീഴുകയും അവരെ പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ച് നായ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മറ്റു നിരവധി ഭാഷകളിലും ചിത്രം പുറത്തിറക്കും.