പൊന്നാനി-നടന്‍ സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ്. സിദ്ദിഖിന്റേത് ഒരു സ്ത്രീലമ്പടന്റെ രൂപമാണെന്നും ധിക്കാരമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ടിജെഎസ് ജോര്‍ജ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ നിലപാട്, സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍, ഭാര്യയുടെ ആത്മഹത്യ എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ സമകാലികം മലയാളം ആഴ്ചപ്പതിപ്പിലെ വിയോജനക്കുറിപ്പ് എന്ന ലേഖനത്തിലാണ് ടിജെഎസിന്റെ പ്രതികരണം. 'ഒരു ധിക്കാരിയുടെ ഗര്‍വ്വും ബുദ്ധിശൂന്യതയും' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍:
ധിക്കാരമാണ് നടന്‍ സിദ്ദിഖിന്റെ മുഖമുദ്ര. ഫേസ്ബുക്കില്‍ കിട്ടുന്ന ഒരു ഡസന്‍ പടങ്ങള്‍ ഒന്ന് ഓടിച്ചുനോക്കുക. ഒരു ഫോട്ടോയില്‍ സഹജീവി സ്‌നേഹമോ, ഒരു നേരിയ മന്ദസ്മിതമോ കണ്ടാല്‍ ഭാഗ്യം. സാധാരണഗതിയില്‍ ആ മുഖത്ത് പ്രതിഫലിക്കുന്നത് ഗര്‍വ്വാണ്. കലര്‍പ്പില്ലാത്ത ഞാന്‍ ഞാന്‍ എന്ന ഗര്‍വ്വ്. അടുത്തകാലത്ത് ഒരു പൊതുവേദിയില്‍ ഇത് പ്രകടമായതാണ്. മനോരമ കോണ്‍ക്ലേവില്‍ വിശേഷിച്ച് ഒരു പ്രലോഭനവും ഇല്ലാതെ, പെട്ടെന്ന് സിദ്ദിഖ് തുറന്നടിച്ചു. 'മാധ്യമങ്ങള്‍ എന്നെ വേട്ടയാടി, എന്റെ സ്വകാര്യത ഇല്ലാതാക്കുന്നത്'.
പൊതുജനം എന്നെ ഹൃദയത്തില്‍ ഉള്‍ക്കൊളളണമെന്നും എന്നാല്‍ എന്റെ സ്വകാര്യതയില്‍ തൊടരുതെന്നും ഒരു ശ്വാസത്തില്‍ പറയുന്നത് ധിക്കാരം മാത്രമല്ല, ബുദ്ധിശൂന്യതയും കൂടിയാണ്. ഒപ്പം ഇത്ര നല്ല ഒരു മാന്യനെ തലതിരിഞ്ഞ മാധ്യമങ്ങള്‍ എന്തിന് വേട്ടയാടുന്നു എന്ന ചോദ്യവും ഉയരുന്നു. വാസ്തവത്തില്‍ പെണ്‍ബലഹീനതകളെ ചൂഷണം ചെയ്യാന്‍ പ്രമാണികള്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ അവരെ വേട്ടയാടാന്‍ ചിലരെങ്കിലും ധൈര്യപ്പെട്ടല്ലോ എന്നത് സമൂഹത്തിന് ഒരാശ്വാസമായിട്ടാണ് കാണേണ്ടത്.
ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാല്‍ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം. നടി ആക്രമിക്കപ്പെട്ട കേസിലാണ് ടിയാന്‍ തന്റെ ഒറ്റയാന്‍ സവിശേഷത എടുത്തുകാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ നിസഹായതയില്‍ പൊതുസമൂഹത്തിന് സഹതാപം തോന്നിയപ്പോള്‍ ആക്രമണത്തിന് മുതിര്‍ന്നയാളുടെ വശത്താണ് സിദ്ദിഖ് സ്ഥാനമുറപ്പിച്ചത്. എന്റെ സ്‌നേഹിതന്റെ വാക്കുകളല്ലാതെ മറ്റൊന്നും വിശ്വസിക്കാന്‍ എനിക്ക് സാദ്ധ്യമല്ല എന്നായിരുന്നു ന്യായീകരണം. ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് സ്‌നേഹിതനെ ബോധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാന്‍ തക്ക പൗരബോധം ഇല്ലാതെ പോയതാണ് കാരണം.
പലതരം അപവാദങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും നടുവിലാണ് ഈ സിനിമാതാരത്തിന്റെ ജീവിതം. ആദ്യത്തെ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ വിശദവിവരങ്ങള്‍ ആരും അന്വേഷിച്ചിട്ടില്ല എന്നത് സമൂഹത്തിന്റെ ഒരു മര്യാദ എന്ന് കരുതിയാല്‍ മതി.
അടുത്തകാലത്ത് രേവതി സമ്പത്ത് എന്ന നടി സിദ്ദിഖിനെതിരെ ഫേസ്ബുക്കില്‍ പരസ്യമായി പരാതികള്‍ പ്രസിദ്ധപ്പെടുത്തി. തനിക്ക് 21 വയസുളളപ്പോള്‍ തിരുവനന്തപുരത്തെ ഒരു തിയറ്ററില്‍വെച്ച് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ഈ മുഖംമൂടിയിട്ട ജെന്റില്‍മാന്‍ എന്ന് നടിക്കുന്നയാള്‍ ശ്രമിച്ചു എന്നാണ് അവര്‍ പറഞ്ഞത്. യു ട്യൂബില്‍ മറ്റൊരു സ്ത്രീ വിശദവിവരങ്ങള്‍ വെളിപ്പെടുത്തി സിദ്ദിഖിനെ വിമര്‍ശിക്കുന്നുണ്ട്.
സാമാന്യ മര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ് ആരോപണങ്ങളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും രൂപപ്പെടുന്നത്. തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാകുമെന്ന വസ്തുത, ഒന്നുകില്‍ അദ്ദേഹം അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും കൂട്ടാക്കുന്നില്ല. സാധാരണക്കാര്‍ കൂട്ടാക്കുന്ന കാര്യങ്ങള്‍ ധിക്കാരികള്‍ കൂട്ടാക്കാറില്ലല്ലോ.-ജോര്‍ജ് വിശദമാക്കി.