Sorry, you need to enable JavaScript to visit this website.

ജനപ്രിയ അവതാരകര്‍ കല്ലുവും മാത്തുവും തിരിച്ചെത്തുന്നു; 'ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍' ഉടന്‍

കൊച്ചി- ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ് കലേഷ് എന്ന കല്ലുവും, മാത്തുകുട്ടി എന്ന മാത്തുവും മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നു. സീ കേരളം അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന 'ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍' എന്ന പുതിയ സംഗീത വിനോദ പരിപാടിയിലൂടെയാണ് ഇവർ വീണ്ടും ടിവി പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നത്. ഷോയുടെ വ്യത്യസ്ത ഉള്ളടക്കത്തിലേക്ക് സൂചന നല്‍കുന്ന ഇരുവരുടേയും ചാറ്റ് കഴിഞ്ഞ ദിവസം സീ കേരളം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സ്റ്റുഡിയോക്കു പുറത്ത് പ്രേക്ഷകര്‍ക്ക് വിനോദവും വിജ്ഞാനവും വിളമ്പുന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സെറ്റിനകത്ത് എങ്ങനെയാകും ആങ്കറിങ് എന്നതായിരുന്നു ഈ പ്രൊമോ വിഡിയോയില്‍ കല്ലുവിന്റേയും മാത്തുവിന്റേയും ചര്‍ച്ച.

മാന്ത്രികനും, ഷെഫുമൊക്കെയായി വിവിധ മേഖലയില്‍ തന്റെ വൈഭവം തെളിയിച്ചയാളാണ് കലേഷ് എന്ന കല്ലു. അവതാരകനും നടനുമാണ് മാത്തുക്കുട്ടി. രണ്ടു പേരും ചേര്‍ന്നാല്‍ ചിരിയുടെ പൊടിപൂരം തന്നെ കാഴ്ചക്കാര്‍ക്കായി ഒരുക്കുമെന്ന് ഇരുവരും തെളിയിച്ചതാണ്. അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല രണ്ടു പേരും വീണ്ടും ഒന്നിച്ചെത്തുന്ന 'ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍'. പ്രോമോ വീഡിയോയിലെ ചുരുക്കം ചില നര്‍മ നിമിഷങ്ങളില്‍ ഇതു വ്യക്തമാണ്.

'ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍' ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ ഒരു സംഗീത വിനോദ പരിപാടിയായിരിക്കുമെന്ന് സീ കേരളം ഉറപ്പു നല്‍കുന്നു. എല്ലാത്തരം കാഴ്ചക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്ത ചില പരീക്ഷണങ്ങള്‍ കൂടി പരിപാടിയില്‍ ഉണ്ടാകും. സെലിബ്രിറ്റികളും സാധാരണക്കാരുമായിരിക്കും ഇതില്‍ പങ്കെടുക്കുക. ഓരോ എപ്പിസോഡും രസകരവും ഉദ്വേഗഭരിതവുമായിരിക്കുമെന്നാണ് സീ കേരളം പറയുന്നത്. നവംബര്‍ രണ്ടാം പകുതിയില്‍ 'ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍' സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങും. പുതിയ ഒട്ടനവധി വിനോദ പരിപാടികളാണ് വരും നാളുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സീ കേരളത്തിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. ഈ നവംബറില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സീ കേരളം.

Latest News