ചെന്നൈ- ആരാധകര്‍ കാത്തിരുന്ന സൂപ്പര്‍താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഇനി വൈകില്ലെന്ന് സൂചന. വിജയദശമി ദിനത്തില്‍ സൂപ്പര്‍താരം പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നെഞ്ചിടിപ്പേറുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്ക് തമിഴ്‌നാട്ടില്‍ വഴിതുറക്കുന്നതാകും രജനിയുടെ പാര്‍ട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
'നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് രജനികാന്ത് നേരത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. കോവിഡ് വ്യാപനത്തിന് മുന്‍പുതന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു' രജനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 'രജനികാന്ത് ഇതിനോടകം തന്നെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് കഴിഞ്ഞു. ജനുവരി മുതല്‍ തമിഴ്‌നാടിന്റെ അങ്ങോളമിങ്ങോളം തെരുവിലിറങ്ങി ആത്മീയ രാഷ്ട്രീയ തരംഗം തീര്‍ക്കുന്നതിനാണ് അദ്ദേഹം തയാറെടുക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാവരുടെ കണ്ണുകള്‍ തമിഴ്‌നാട്ടിലേക്കാകും' ഹിന്ദുമക്കള്‍ കക്ഷി സ്ഥാപകന്‍ അര്‍ജുന്‍ സമ്പത്ത് പറയുന്നു. ലോക്ക്ഡൗണ്‍ കാലത്തും താരവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് സമ്പത്ത് പറയുന്നു.
'ശരിയായ സമയത്ത് രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് രജനികാന്ത് പറഞ്ഞിട്ടുള്ളത്. മഹാമാരി അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നുമില്ലാത്ത ഈ സമയത്ത് വലിയ ജനക്കൂട്ടം സംഘടിപ്പിക്കുന്നതും അതുവഴിയുണ്ടാകുന്ന ആരോഗ്യ സുരക്ഷാകാര്യത്തിലും രജനികാന്ത് ആശങ്കാകുലനാണ്.' ദളിത് രാഷ്ട്രീയ നേതാവും മുന്‍ നിയമസഭാംഗവുമായിരുന്ന സി കെ തമിളരശന്‍ പറയുന്നു. 'ഞാന്‍ ഉള്‍പ്പെടെ നിരവധി നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഏഴുമാസം മാത്രമുള്ളപ്പോള്‍ ഒരു തീരുമാനം എടുക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അദ്ദേഹം ഇതുവരെ നോ പറഞ്ഞിട്ടില്ല. കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്കാകുലരാണ്' തമിളരശന്‍ പറഞ്ഞു.
ശബ്ദവീഡിയോ സന്ദേശങ്ങള്‍ തന്നെ വലിയ സ്വാധീനമുണ്ടാക്കുന്ന ഈ കാലത്ത്, രണ്ടുലക്ഷം പേരെയെങ്കിലും പങ്കെടുപ്പിച്ച് മധുരയില്‍ പാര്‍ട്ടിയുടെ സംസ്ഥാനതല പ്രഖ്യാപനം ഗംഭീരമായി നടത്തണമെന്ന ആഗ്രഹമാണ് രജനികാന്തിനുള്ളത്. ഇതിനൊപ്പെം 1520 ജില്ലാതല യോഗങ്ങളും സംഘടിപ്പിച്ച് താഴേത്തട്ടില്‍ തരംഗം തീര്‍ക്കാനും ഡിഎംകെക്കും എഐഎഡിഎംകെക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കാനുമാണ് രജനി ലക്ഷ്യമിടുന്നത്. എന്നാല്‍ കോവിഡും സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങളുമാണ് തീരുമാനം എടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നത്.