കൊല്ലം-കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ കനി കുസൃതിയുടെ സോഷ്യല്‍ മീഡിയയിലെ പുതിയ പോസ്റ്റ് വൈറലാകുന്നു.അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം, തനിക്ക് വലിയ സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച അവാര്‍ഡ് നടി പി കെ റോസിക്ക് സമര്‍പ്പിക്കുന്നു എന്നും കനി ഇന്നലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.അതിന് പിന്നാലെ നടി പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചെങ്ങറ ഭൂസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുമ്പില്‍ രാത്രി സമരം നടത്തിയപ്പോള്‍ കൈരളി ടി.വി ഒളികാമറ ദൃശ്യങ്ങള്‍ വെച്ച് മ്യൂസിക്ക് ആല്‍ബം ഉണ്ടാക്കി അഴിഞ്ഞാട്ടക്കാരും അരാജകവാദികളുമായി ചിത്രീകരിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ചാനലിലൂടെ ഇരുപതിലേറെ തവണ സംപ്രേക്ഷണം ചെയ്തതായും അതില്‍ 'അഭിനേതാക്കളായി' കനിയടക്കമുള്ള സുഹൃത്തുക്കള്‍ ചിത്രീകരിക്കപ്പെട്ടതായും കനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പിറ്റേ ദിവസം തിരുവനന്തപുരം പ്രസ് ക്ലബില്‍ ഒരു മണിക്കൂര്‍ നീണ്ട പത്ര സമ്മേളനത്തില്‍ എല്ലാ സദാചാര വിചാരണകളെയും തങ്ങളെല്ലാം ഒരുമിച്ചിരുന്നു നേരിട്ടിരുന്നുവെന്നും ഈ അവാര്‍ഡിനെ സദാചാര പ്രചാരണത്തിലൂടെ 'ഇല്ലാതാക്കിക്കളയും' എന്ന് നെഗളിക്കുന്ന എല്ലാവര്‍ക്കുമുള്ള ഒരു മറുപടി കൂടിയായി എടുക്കുന്നതായും കുറിപ്പില്‍ കൂടി ചൂണ്ടിക്കാട്ടുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ ചെങ്ങറ സമരത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സമരത്തിനെതിരെ കൈരളി ടി.വിയിലെ 'സാക്ഷി' എന്ന പരിപാടിയിലൂടെയും ദേശാഭിമാനി പ്രസിദ്ധീകരിച്ച 'അവരുടെ രാവുകള്‍', 'ചെങ്ങറ ഭൂമികൈയ്യേറ്റം: രാത്രിസമരം മസാല മയം' എന്നിങ്ങനെ നീളുന്ന വാര്‍ത്തകളിലൂടെയും വ്യാപകമായി സദാചാര അക്രമം നടത്തിയിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.