Sorry, you need to enable JavaScript to visit this website.

വിജയ് സേതുപതി ഫാന്‍സ്  അസോസിയേഷന്‍  പ്രസിഡന്റിനെ മുന്‍ സെക്രട്ടറി കുത്തി കൊന്നു

പുതുച്ചേരി-പുതുച്ചേരിയില്‍ വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ നടുറോഡിലിട്ട് കുത്തി കൊന്നു. അധികാര തര്‍ക്കത്തെ തുടര്‍ന്ന് ഫാന്‍സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും സംഘവുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊവിഡ് ഭീതിയില്‍ സിനിമാ വ്യവസായം തന്നെ നിശ്ചലമായതിന് ഇടയിലാണ് ആരാധക സംഘടനയിലെ തര്‍ക്കത്തിന്റെ പേരില്‍ തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച് ദാരുണ കൊലപാതകം.
വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായ മണികണ്ഠനെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് നടുറോഡില്‍ മുന്‍ സെക്രട്ടറിയും കൂട്ടാളികളും കുത്തി വീഴ്ത്തിയത്. ഒരു വര്‍ഷമായി പുതുച്ചേരിയിലെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റാണ് പെയിന്റര്‍ കൂടിയായ മണികണ്ഠന്‍. ആറ് മാസം കഴിഞ്ഞാല്‍ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് പ്രസിഡന്റാക്കിയത്. സ്ഥാനം ഒഴിയാന്‍ മടിച്ചതോടെ മണികണ്ഠനും മുന്‍ സെക്രട്ടറി രാജശേഖരനും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഫാന്‍സ് അസോസിയേഷന്‍ യോഗങ്ങളില്‍ പരസ്പരം പോര്‍ വിളിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെഡിയാര്‍ പാളയം മാര്‍ക്കറ്റിന് മുന്നില്‍ വച്ചാണ് രണ്ട് ബൈക്കുകളിലെത്തിയ മൂവര്‍ സംഘം ആക്രമിച്ചത്. അമിത വേഗത്തില്‍ ബൈക്കുകളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ അറിയച്ചത് അനുസരിച്ച് പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി മുറിവേറ്റ മണികണ്ഠന്‍ മരിച്ചു. രാജശേഖരനും മണികണ്ഠനും അകന്ന ബന്ധുക്കള്‍ കൂടിയാണ്. രാജശേഖരന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുമുണ്ട്. സംഭവത്തില്‍ വിജയ് സേതുപതി പ്രതികരിച്ചിട്ടില്ല. ഒളിവില്‍ പോയ രാജശേഖരനും കൂട്ടാളികള്‍ക്കുമായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.
 

Latest News