Sorry, you need to enable JavaScript to visit this website.

'മെർസലി'ൽ ബി.ജെ.പി ഒറ്റപ്പെട്ടു, വിവാദ ഭാഗങ്ങൾ നീക്കില്ലെന്ന് നിർമാതാക്കൾ

ചെന്നൈ- ബി.ജെ.പിയുടെ കോപത്തിനിരയായ തമിഴ് ചിത്രം മെർസൽ  മികച്ച ജനപിന്തുണയുമായി തിയേറ്ററുകളിൽ തകർത്തോടവേ, സിനിമാ പ്രവർത്തകരും പ്രമുഖരും സിനിമയെ അനുകൂലിച്ച് രംഗത്തെത്തിയത് ബി.ജെ.പിക്ക് ക്ഷീണമായി. കേന്ദ്ര സർക്കാരിന്റെ  അഭിമാന പരിപാടിയായ ചരക്ക്, സേവന നികുതിക്ക് (ജി.എസ്.ടി) എതിരായി സിനിമയിലുള്ള പരാമർശങ്ങളാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. കടുത്ത എതിർപ്പുമായി ബി.ജെ.പി രംഗത്തെത്തിയെങ്കിലും മെർസലിൽനിന്ന് ജി.എസ.്ടിക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കേണ്ട എന്നാണ് നിലപാടെന്നു നിർമാതാക്കളുടെ സംഘടന അറിയിച്ചു. രംഗങ്ങൾ ഒഴിവാക്കുകയോ ബീപ് ശബ്ദം ഇടുകയോ ചെയ്യില്ലെന്നു മെർസലിൻെറ നിർമാതാക്കളിലൊരാളായ ഹേമ രുക്മിണി വ്യക്തമാക്കി. മെർസൽ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ മറികടന്നാണു ആറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തിയേറ്ററുകളിലെത്തിയത്. റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് വിവാദമായത്. സിംഗപ്പൂരിൽ ഏഴു ശതമാനം മാത്രം ജി.എസ്.ടിയുള്ളപ്പോൾ ഇന്ത്യയിലേത് 28 ശതമാനമാണ്. കുടുംബ ബന്ധം തകർക്കുന്ന ചാരായത്തിനു ജി.എസ്.ടിയില്ല, പക്ഷേ ജീവൻ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണു ബി.ജെ.പിയെ ചൊടിപ്പിച്ചത്. ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യയെയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നാണു ബി.ജെ.പിയുടെ ആവശ്യം.
ബി.ജെ.പിയുടെ വിമർശങ്ങൾക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു. നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയും തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാൽ, അഭിനേതാക്കളായ കമൽഹാസൻ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, സംവിധായകൻ പാ രഞ്ജിത് തുടങ്ങിയവർ സിനിമക്കെതിരായ നീക്കങ്ങളെ അപലപിച്ചു. രാഹുൽ ഗാന്ധിയടക്കമുള്ള രാഷ്ട്രീയ നേതാക്കളും ബി.ജെ.പിക്കെതിരെ രംഗത്തെത്തി.ചിത്രം സെൻസർ ചെയ്തതാണെന്നും സിനിമ ഉയർത്തുന്ന വിമർശങ്ങളെ വസ്തുതകൾ കൊണ്ടാണു നേരിടേണ്ടതെന്നും കമൽഹാസൻ വ്യക്തമാക്കി. അഭിപ്രായങ്ങൾ തുറന്നു പറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു. വിമർശങ്ങളെ ഇത്തരത്തിൽ നിശബ്ദമാക്കുകയല്ല വേണ്ടതെന്നു പറഞ്ഞാണു സംവിധായകൻ പാ രഞ്ജിത് പിന്തുണയുമായെത്തിയത്.സിനിമയിലെ രംഗങ്ങൾ നീക്കണമെന്നു രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു വിശാൽ പറഞ്ഞു. ഹോളിവുഡിൽ യു.എസ് പ്രസിഡന്റിനെ കളിയാക്കുന്ന എത്രയോ സിനിമകൾ റിലീസ് ചെയ്യാറുണ്ട്. അവിടെയൊന്നും പ്രശ്‌നമില്ല. ഇത് ജനാധിപത്യമാണ്. നമുക്ക് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. 
ഒരുവട്ടം സെൻസർ ചെയ്ത സിനിമ വീണ്ടും സെൻസർ ചെയ്യണമെന്നു പറയാൻ ആർക്കും അവകാശമില്ലെന്നും വിശാൽ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്നു വിളിക്കരുത്, ശബ്ദം ഉയരേണ്ട സമയമായി എന്നാണു വിജയ് സേതുപതി ട്വിറ്ററിൽ കുറിച്ചത്. ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടർമാരും രംഗത്തെത്തിയിരുന്നു. ചിത്രം തിേയറ്ററിൽ ചെന്നു കാണരുത് എന്നതടക്കമുള്ള സന്ദേശങ്ങൾ ഒരു വിഭാഗം ഡോക്ടർമാർ പ്രചരിപ്പിക്കുന്നുണ്ട്.  സിനിമക്കും നടൻ വിജയിനുമെതിരായ വിമർശം ശക്തമാക്കാനാണു ബി.ജെ.പിയുടെ ശ്രമം. വിജയ് ക്രിസ്ത്യാനിയാണെന്ന തരത്തിലുള്ള പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ ബി.ജെ.പി നടത്തുന്നുണ്ട്. 

Latest News