Sorry, you need to enable JavaScript to visit this website.

ലേഡീസ് ഷോപ്പുകളിൽ ശക്തമായ പരിശോധന

അബഹയിൽ ലേഡീസ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ അസീർ പ്രവിശ്യ സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഹുസൈൻ അൽമരിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

റിയാദ് - മൂന്നാം ഘട്ട വനിതാവൽക്കരണം നിലവിൽ വന്നതോടെ ലേഡീസ് ഷോപ്പുകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ശക്തമായ പരിശോധനകൾ ആരംഭിച്ചു. മൂന്നാം ഘട്ട വനിതാവൽക്കരണത്തിന്റെ പരിധിയിൽ വരുന്ന ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ സൗദി വനിതകളാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പു വരുത്തുന്നതിനും നിയമം ലംഘിച്ച് ജോലി ചെയ്യുന്ന വിദേശികളെയും പുരുഷ ജീവനക്കാരെയും കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുമാണ് പരിശോധനകൾ നടത്തുന്നത്. പോലീസുമായി സഹകരിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ വിവിധ പ്രവിശ്യകളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. 
അബഹയിൽ നടത്തിയ പരിശോധനകൾക്ക് അസീർ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഹുസൈൻ അൽമരി നേരിട്ട് നേതൃത്വം നൽകി. അസീർ പ്രവിശ്യയിലെ മറ്റു നഗരങ്ങളിലെ ലേഡീസ് ഷോപ്പുകളിലും പരിശോധനകൾ നടത്തിയതായി ഹുസൈൻ അൽമരി പറഞ്ഞു. റെയ്ഡുകൾക്കിടെ സൗദിവൽക്കരണ, തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി ഹുസൈൻ അൽമരി പറഞ്ഞു. 
സകാക്കയിൽ ലേഡീസ് ഷോപ്പുകൡ നടത്തിയ റെയ്ഡുകൾക്ക് അൽജൗഫ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുൽ അസീസ് അൽറുവൈലിയും ഉപമേധാവി സഅദ് അൽഅനസിയും സകാക്ക ലേബർ ഓഫീസ് മേധാവി നഫാൽ അൽബഖമിയും നേതൃത്വം നൽകി. റെയ്ഡുകൾക്കിടെ വനിതാവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട 27 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനങ്ങൾ ഇല്ലാതാക്കുന്നതിന് ലേഡീസ് ഷോപ്പുകളിൽ പരിശോധനകൾ തുടരുമെന്ന് അൽജൗഫ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുൽ അസീസ് അൽറുവൈലി പറഞ്ഞു. തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് ഓൺലൈൻ വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ ഏകീകൃത കസ്റ്റമർ സർവീസ് നമ്പറായ 19911 ൽ ബന്ധപ്പെട്ടോ അറിയിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.


Also Read: മടങ്ങിവരൂ...ഉമ്മാ...ഇനി ഞാൻ  ഇത്താത്ത പറയുന്നത് കേൾക്കാം


ശനിയാഴ്ചയാണ് മൂന്നാം ഘട്ട വനിതാവൽക്കരണം നിലവിൽവന്നത്. വനിതകൾക്കുള്ള അത്തറുകൾ, വാനിറ്റി ബാഗുകൾ, പാദരക്ഷകൾ, സോക്‌സുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകളിലും സ്റ്റാളുകളിലും വനിതാവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ലേഡീസ് റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന വിഭാഗങ്ങളും പർദകളും മാക്‌സികളും ലേഡീസ് ആക്‌സസറീസും വിവാഹ വസ്ത്രങ്ങളും മാതൃപരിചരണ ഉൽപന്നങ്ങളും വിൽക്കുന്ന, വേറിട്ട് പ്രവർത്തിക്കുന്ന ചെറുകിട കടകളും ഷോപ്പിംഗ് മാളുകളിൽ ലേഡീസ് ആക്‌സസറീസും കോസ്‌മെറ്റിക്‌സും വിൽക്കുന്ന ഫാർമസികളിലെ വിഭാഗങ്ങളും ശനിയാഴ്ച മുതൽ വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്നു. 

Latest News