Sorry, you need to enable JavaScript to visit this website.

ദമാമില്‍ വ്യാപക പരിശോധന; നൂറു കണക്കിന് വിദേശികള്‍ പിടിയില്‍

ദമാം- ദാമാമിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന ശക്തമായതോടെ നൂറുകണക്കിന് നിയമ ലംഘകർ പിടിയിലായി. സൗദി ഭരണാധികാരി  സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി  അവസാനിക്കാൻ ഏതാനും ദിവസം മാത്രം അവശേഷിക്കേയാണ് പരിശോധന കർശനമാക്കിയത്. ദമാം, അൽ കോബാർ, ജുബൈൽ എന്നിവിടങ്ങളിൽ വിദേശികൾ താമസിക്കുന്ന കെട്ടിടങ്ങൾ ലേബർ, ജവാസാത്ത്, പോലീസ് വിഭാഗങ്ങൾ സംയുക്തമായി ചേർന്നാണ് പരിശോധന നടത്തുന്നത്. നൂറുകണക്കിന് നിയമ ലംഘകർ ഇതിനകം പിടിയിലായിട്ടുണ്ട്.
 സ്‌പോൺസറിൽ നിന്നും മാറി ജോലി ചെയ്യുന്നവർ, ഹുറൂബായവർ, മദ്യ നിർമാണവും വിൽപനയുമായി ബന്ധപ്പെട്ടവർ അടക്കം പിടിയിലായിട്ടുണ്ട്. നാല് മാസത്തോളം പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും പിടിയിലായ ഹുറൂബ് രേഖപ്പെടുത്തിയവരിലേറെയും ഇന്ത്യക്കാരാണ്. 
ഇന്ത്യൻ എംബസി,  സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ,  ഇന്ത്യൻ എംബസി വളണ്ടിയർമാർ എല്ലാം തന്നെ വിവിധ ക്യാമ്പുകളിലും പത്ര ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ വഴിയും നിരന്തരം ബോധവൽക്കരണം നടത്തിയെങ്കിലും ഇതൊന്നും ചെവി കൊള്ളാൻ ഇക്കൂട്ടർ തയ്യാറായില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. നാട്ടിൽ പോകുന്നതിനായി ഔട്ട് പാസ് എടുത്തവർ വരെ പിടിയിലായവരിലുണ്ട്. യഥാർത്ഥ തിരിച്ചറിയൽ രേഖകൾക്ക് പകരം പകർപ്പ് കൈവശം വെച്ച കുടുംബങ്ങളും പിടിയിലായതായി അറിയുന്നു. 
നിയമ ലംഘകർക്ക് യാതൊരു ഇളവും മേലിൽ ലഭിക്കില്ലെന്നും തടവും പിഴയും നൽകി ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നുമാണ് അധികൃതരുടെ നിലപാട്. വിദേശികൾ തങ്ങളുടെ ഇഖാമയിലെ തസ്തികകളിൽ തന്നെയാണോ ജോലി ചെയ്യുന്നതെന്നും സ്‌പോൺ്‌സറുടെ കീഴിൽ തന്നെയാണോ ജോലി ചെയ്യുന്നതെന്നും പരിശോധിക്കുന്നുണ്ട്. വ്യാപാര കേന്ദ്രങ്ങളിൽ കടകളും ഓഫീസുകളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. മൊബൈൽ ഷോപ്പുകളിൽ സൗദിവൽക്കരണം സമ്പൂർണമാണെന്നിരിക്കേ വിദേശികൾ ഇപ്പോഴും ഇതിനെ ചുറ്റിപ്പറ്റി ജോലികൾ ചെയ്തുവരുന്നണ്ട്. ഇവരും പിടികൂടിയവരിൽ ഉൾപ്പെടും.
പൊതുമാപ്പ് അവസാനിക്കുന്നതോടെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നാണ് സൂചന. അതിനായി ഔദ്യോഗിക വകുപ്പുകൾ പൂർണ സന്നാഹത്തോടെ ഒരുങ്ങിയതായാണ് അറിയുന്നത്. 
ജോലി സ്ഥലത്തേക്കു പോകുന്നവരും പുറത്തിറങ്ങുന്നവരും ശരിയായ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 
അതിനിടെ പൊതുമാപ്പ് നീട്ടാനും സാധ്യതയുള്ളതായി അറിയുന്നു.
 

Latest News