റിയാദ് - വനിതാവൽക്കരണത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ വനിതകളെ ജോലിക്കു വെക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കർശനമായി പാലിക്കൽ നിർബന്ധമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. മൂന്നാം ഘട്ട വനിതാവൽക്കരണം നാളെ നിലവിൽവരാനിരിക്കേയാണ് വ്യവസ്ഥകളെല്ലാം കർശനമായി പാലിച്ചായിരിക്കണം വനിതകളെ ജോലിക്ക് വെക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. അനുയോജ്യമായ പ്രത്യേക വിഭാഗങ്ങളിൽ സ്വകാര്യത സംരക്ഷിക്കുന്ന നിലയിലായിരിക്കണം വനിതകളെ ജോലിക്കു വെക്കേണ്ടത്. ജോലിക്കിടെ പുരുഷന്മാരുമായി ഇടകലരുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. പൊതുജനങ്ങളെ സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കണം. അല്ലാത്ത പക്ഷം സി.സി.ടി.വി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കണം.
വനിതാ ജീവനക്കാർക്ക് വിശ്രമത്തിനും നമസ്‌കാരം നിർവഹിക്കുന്നതിനുമുള്ള സ്ഥലങ്ങളും ടോയ്‌ലറ്റുകളും തൊഴിലുടമകൾ ലഭ്യമാക്കൽ നിർബന്ധമാണ്. ലേഡീസ് ഉൽപന്നങ്ങളും മറ്റു ഉൽപന്നങ്ങളും വിൽക്കുന്ന, വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ എണ്ണം മൂന്നിൽ കുറവാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ലേഡീസ് ഉൽപന്നങ്ങൾ വിൽക്കുന്ന വിഭാഗങ്ങൾ പ്രത്യേകം മറച്ച് മറ്റു വിഭാഗങ്ങളിൽ നിന്ന് വേർപെടുത്തിയിരിക്കണം. ഒരു വിഭാഗത്തിൽ സ്ത്രീപുരുഷ ജീവനക്കാരെ ഒരുമിച്ച് നിയമിക്കുന്നത് ഒരിക്കലും അനുവദിക്കില്ല. ലേഡീസ് വിഭാഗങ്ങളിൽ പുരുഷ ജീവനക്കാരെ വിലക്കും. ഇതേപോലെ പുരുഷന്മാർ ജോലി ചെയ്യുന്ന വിഭാഗങ്ങളിൽ വനിതാ ജീവനക്കാർക്കും വിലക്കുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഖാലിദ് അബൽഖൈൽ പറഞ്ഞു.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനും പ്രാദേശിക വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്തുന്നതിനും പലവിധ പദ്ധതികൾ മാനവ ശേഷി വികസന നിധി (ഹദഫ്) ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുകയും തൊഴിൽ പരിശീലനം നൽകുകയും ചെയ്യുന്ന വനിതകളുടെ വേതന വിഹിതം ഹദഫിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്. വനിതാ ജീവനക്കാരുടെ ചെറിയ കുട്ടികളെ തൊഴിൽ സമയത്ത് ക്രഷെകളിൽ പരിചരിക്കുന്നതിനും ഓൺലൈൻ ടാക്‌സി കമ്പനികളുമായി സഹകരിച്ച് വനിതാ ജീവനക്കാർക്ക് ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതിനും ധനസഹായം നൽകുന്ന പദ്ധതികൾക്കും ഹദഫ് തുടക്കം കുറിച്ചിട്ടുണ്ട്.
വനിതകൾക്കുള്ള അത്തറുകൾ, വാനിറ്റി ബാഗുകൾ, പാദരക്ഷകൾ, സോക്‌സുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകളിലും സ്റ്റാളുകളിലും നാളെ മുതൽ വനിതാവൽക്കരണം നടപ്പാക്കൽ നിർബന്ധമാണ്. വ്യത്യസ്ത വിഭാഗങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ലേഡീസ് റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന വിഭാഗങ്ങളും പർദകളും മാക്‌സികളും ലേഡീസ് ആക്‌സസറീസും വിവാഹ വസ്ത്രങ്ങളും മാതൃപരിചരണ ഉൽപന്നങ്ങളും വിൽക്കുന്ന, വേറിട്ട് പ്രവർത്തിക്കുന്ന ചെറുകിട കടകളും ഷോപ്പിംഗ് മാളുകളിൽ ലേഡീസ് ആക്‌സസറീസും കോസ്‌മെറ്റിക്‌സും വിൽക്കുന്ന ഫാർമസികളിലെ വിഭാഗങ്ങളും നാളെ മുതൽ വനിതാവൽക്കരണത്തിന്റെ പരിധിയിൽ വരുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.