പുത്തൻ തലമുറ ഥാറിന്റെ ആദ്യ യൂനിറ്റ് മഹീന്ദ്ര ലേലത്തിന് വെക്കുന്നു. ലേലത്തിൽ ലഭിക്കുന്ന പണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകും. സെപ്റ്റംബർ 29 വരെ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ലേലത്തിനായി മഹീന്ദ്രയുടെ വെബ്‌സൈറ്റിൽ പ്രത്യേകം പേജുണ്ട്. ഈ ലേലത്തിൽ വിജയിക്കുന്ന വ്യക്തിക്ക് രണ്ടാം തലമുറ ഥാറിന്റെ ആദ്യ യൂനിറ്റ് സ്വന്തമാക്കാനും കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാനും സാധിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്.
ഒക്ടോബർ രണ്ട് മുതലാണ് രണ്ടാം തലമുറ ഥാറിന്റെ ബുക്കിംഗ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 15 നാണ് മഹീന്ദ്രയുടെ രണ്ടാം തലമുറ ഥാർ ഇന്ത്യയിൽ അവതരിപ്പിച്ചത്.
മഹീന്ദ്രയുടെ എംസ്റ്റാലിയൻ ശ്രേണിയിലെ 2.0 ലിറ്റർ പെട്രോൾ എൻജിനും 2.2 എംഹോക്ക് ഡീസൽ എൻജിനുമാണ് ഥാറിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളും ഇതിൽ നൽകുന്നുണ്ട്. ടു വീൽ, ഫോർ വീൽ ഡ്രൈവ് മോഡലുകളും ഥാറിലുണ്ട്.