കൊച്ചി-ഒരു കാലത്തു മലയാളത്തിന്റെ ഇഷ്ട നായികയായിരുന്നു ശാന്തി കൃഷ്ണ. നീണ്ട ഇടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണ സിനിമയിലേക്ക് തന്റെ തിരിച്ചുവരവ് നടത്തിയത്. തിരിച്ചുവരവില്‍ ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചതോടെ താരത്തിന് സിനിമയില്‍ തിരക്കേറിയിരുന്നു. തന്റെ മൂന്നാം തിരിച്ചു വരവിലും ലുക്കില്‍ യാതൊരു മാറ്റവും ഇല്ലാത്തതിനെ കുറിച്ച് തുറന്നു പറയുകയാണ് ശാന്തി കൃഷ്ണ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസ് തുറന്നത്.
'എല്ലാവരുടെയും സ്‌നേഹത്തിന്റെ ശക്തി കൊണ്ടാകാം മൂന്നാം വരവിലും ലുക്കില്‍ മാറ്റമൊന്നും ഇല്ലാത്തത്. ആ പോസിറ്റീവ് എനര്‍ജി എന്നെ സ്വാധീനിക്കുന്നുണ്ടാവാം. കുറേയൊക്കെ എന്റെ അച്ഛന്റെയും അമ്മയുടെയും ജീനുകളുടെയും പ്രത്യേകതയുമാകാം. പ്രായമെന്നത് ഒരു നമ്പര്‍ മാത്രമാണെന്നാണ് വിശ്വാസം. പിന്നെ എന്റെ മക്കള്‍ പുതിയ കാലത്തെ കുട്ടികളാണ്. അവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കണമെങ്കില്‍ ന്യൂജനറേഷന്‍ അമ്മയായേ പറ്റൂ. ഇത്രയും വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ചാക്കോച്ചനോടൊപ്പം മാംഗല്യം തന്തുനാനേനയില്‍ അഭിനയിച്ചു. അമ്മയും മകനുമായുള്ള ഞങ്ങളുടെ കോമ്പിനേഷന്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നുണ്ട്.
ഞണ്ടുകളുടെ നാട്ടിലേക്ക് അവസരം വന്നപ്പോള്‍ അദ്ഭുതമായിരുന്നു. സിനിമയിലേക്ക് തിരിച്ചു വരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഷീല ചാക്കോ എന്ന വളരെ ശക്തമായ കഥാപാത്രം കിട്ടിയത് തന്നെ ഭാഗ്യമാണ്. ആ സിനിമ അത്രയും നല്ലതായതു കൊണ്ട് പ്രേക്ഷകരും സ്വീകരിച്ചു. പിന്നെയും സിനിമകള്‍ തേടിവരുന്നു. മോശം സമയത്ത് സിനിമ എന്നെ കൈപിടിച്ച് കയറ്റിയതാണ്. അതുകൊണ്ട് തന്നെ സിനിമാലോകത്തോട് നന്ദിയുണ്ട്. അവര്‍ തരുന്ന സ്‌നേഹവും ബഹുമാനവും അനുഭവിക്കുമ്പോള്‍ ആ ബന്ധം ഇതുവരെ വിട്ടുപോയിട്ടില്ലെന്ന് മനസിലാകുന്നുണ്ട് ശാന്തി കൃഷ്ണ പറയുന്നു.