ഗ്വാങ്‌ഷോ- വ്യക്തിഗത വിവരങ്ങള്‍ മുതല്‍ ചാരവൃത്തി വരെയുള്ള മേഖലകളില്‍ പാലിക്കേണ്ട തത്വങ്ങളുടെ പുതിയ രൂപരേഖയുമായി ചൈന. ഡാറ്റ മുതല്‍ ടെലികമ്മ്യൂണിക്കേഷന്‍ വരെയുള്ള മേഖലകളില്‍ ലോകമെമ്പാടും സ്വീകാര്യമാകുന്ന മാനദണ്ഡങ്ങള്‍ ക്രമീകരിക്കാനാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായ ചൈനയുടെ ശ്രമം.
ചൈനയിലെ സാങ്കേതിക കമ്പനികളില്‍ യു.എസ് സമ്മര്‍ദ്ദം തുടുരന്നതിനിടെയാണ് ചൈന ആഗോള ഡാറ്റാ സുരക്ഷാ രൂപരേഖ ആരംഭിച്ചിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ കമ്പനികളെ സമ്മര്‍ദത്തിലാക്കിയതിനു പുറമെ, ഈ കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കാനും നിരോധിക്കാനും അമേരിക്ക മറ്റു രാജ്യങ്ങളെ പ്രേരിപ്പിച്ചുവരികയാണ്. അമേരിക്കയുടെ ശ്രമങ്ങളെ ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായാണ് സ്വകാര്യ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച സുപ്രധാന നടപടികള്‍ വിദേശകാര്യ മന്ത്രി വാങ് യി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.
മറ്റ് രാജ്യങ്ങളുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനോ ഡാറ്റ മോഷ്ടിക്കുന്നതിനോ സാങ്കേതികവിദ്യ ഉപയോഗിക്കാതിരിക്കുക, സേവന ദാതാക്കള്‍ അവരുടെ ഉല്‍പ്പന്നങ്ങളില്‍ പിന്നമ്പുറ സംവിധാനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്നും ഉപയോക്തൃ ഡാറ്റ നിയമവിരുദ്ധമായി ശേഖരിക്കുന്നില്ലെന്നും ഉറപ്പാക്കുക തുടങ്ങി എട്ട് പ്രധാന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ചൈനയുടെ നീക്കം.
വ്യക്തിഗത വിവരങ്ങള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും മറ്റ് രാജ്യങ്ങള്‍ക്കെതിരെ വ്യാപകമായ നിരീക്ഷണം നടത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ എതിര്‍ക്കാനും ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
കമ്പനികള്‍ ആതിഥേയ രാജ്യങ്ങളിലെ നിയമങ്ങളെ മാനിക്കുകയും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ സ്വന്തം പ്രദേശത്ത് സൂക്ഷിക്കാന്‍ ആഭ്യന്തര കമ്പനികളെ നിര്‍ബന്ധിക്കുന്നത് അവസാനിപ്പിക്കുകയും വേണം. ഡാറ്റകള്‍ അമേരിക്കയില്‍തന്നെ സൂക്ഷിക്കണമെന്ന് നേരത്തെ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ഉപയോക്തൃ ഡാറ്റകള്‍ ശേഖരിച്ച് അവ ബീജിംഗിലേക്ക് അയക്കുന്ന ചൈനയുടെ സാങ്കേതിക കമ്പനികള്‍ അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ചൈനീസ് കമ്പനികള്‍ക്ക് ചൈനയുടെ സൈന്യവുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ ഹുവാവേ, ബൈറ്റ്ഡാന്‍സ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ നിഷേധിച്ചിരുന്നു.
വ്യവസ്ഥകളില്‍ ഒപ്പുവെക്കുന്നവര്‍ മറ്റ് രാജ്യങ്ങളിലെ ഡാറ്റയുടെ പരമാധികാരം, അധികാരപരിധി, ഭരണം എന്നിവ മാനിക്കുകയും മറ്റ് രാജ്യങ്ങളില്‍ സ്ഥിതിചെയ്യുന്ന കമ്പനികളോ വ്യക്തികളോ അനുവാദമില്ലാതെ ഡാറ്റ നല്‍കാന്‍ ആവശ്യപ്പെടാതിരിക്കുകയും വേണം.
സെന്‍സര്‍ഷിപ്പുമായും ഡാറ്റയുമായും ബന്ധപ്പെട്ട് ചൈനയ്ക്ക് അതിന്റേതായ നിയമങ്ങളുണ്ട്. ഗൂഗിള്‍, ഫേസ് ബുക്ക് എന്നിവ പോലുള്ള സേവനങ്ങളെ ഗ്രേറ്റ് ഫയര്‍വാള്‍ എന്നറിയപ്പെടുന്ന സംവിധാനം വഴി ഫലപ്രദമായി തടയുന്നു. ഇതോടൊപ്പം ചൈനയുടെ സെന്‍സര്‍ഷിപ്പ് അധികൃതര്‍ പതിവായി രാജ്യത്തെ ഇന്റര്‍നെറ്റ് കമ്പനികളോട് ഉള്ളടക്കം നീക്കംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
അതിനിടെ, ചൈനയുടെ പുതിയ നിയമനിര്‍മാണത്തിലെ രണ്ട് ഭാഗങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടാല്‍ ബീജിംഗിന് ഡാറ്റ കൈമാറാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകുമെന്നാണ് ഇതിലൊന്ന്.
ചൈനയുടെ പുതിയ നിയമത്തില്‍ ഒരു രാജ്യം ഒപ്പുവെച്ചാല്‍ അത് എങ്ങനെ നടപ്പാക്കുമെന്നോ നിരീക്ഷിക്കുമെന്നോ വ്യക്തമായിട്ടില്ല.