ന്യുദല്‍ഹി- ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ട 15 പ്രതികള്‍ക്ക് ജോലി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ എന്‍ ടി പി സി രംഗത്തെത്തി.
പ്രാദേശിക എംഎല്‍എയുടെ ശുപാര്‍ശയില്‍ 15 കൊലക്കേസ് പ്രതികള്‍ക്ക് കരാര്‍ ജോലി നല്‍കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ദാദ്രിയിലെ എന്‍ടിപിസി മാനേജ്മെന്റാണ് നിഷേധിച്ചത്. ഈ വാര്‍ത്ത അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കമ്പനി അറിയിച്ചു.
പ്രതികള്‍ക്ക് ജോലി നല്‍കാനുള്ള ഒരു കരാറും നീക്കങ്ങളും നടത്തിയിട്ടില്ല. അവര്‍ക്ക് ജോലി നല്‍കിയിട്ടുമില്ല. അതേസമയം കമ്പനി സ്ഥിതി ചെയ്യുന്ന ദാദ്രിയിലുള്ള സമീപവാസികളെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും എന്‍ടിപിസി അറിയിച്ചു.
എന്‍ടിപിസിക്കു കീഴിലുള്ള കരാര്‍ കമ്പനികളില്‍ കേസിലുള്‍പ്പെട്ട യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പ്രദേശത്തെ എംഎല്‍എയാണ് വാര്‍ത്താ ലേഖകരെ അറിയിച്ചിരുന്നത്.