നോയിഡ- ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ക്രൂരമായി കൊലപ്പെടുത്തിയവര്‍, കേസ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ജോലിയില്‍ പ്രവേശിക്കുന്നു. ജാമ്യത്തിലുള്ള പ്രതികള്‍ക്കെല്ലാം ഉടന്‍ ജോലി ലഭിക്കും.
ജയിലില്‍ വെച്ച് മരിച്ച പ്രതികളിലൊരാളായ രവിന്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിക്കാന്‍ പോകുന്നു. പ്രദേശത്തെ ബി.ജെ.പി എം.എല്‍.എ തേജ്പാല്‍ സിംഗാണ് സിസോദിയയുടെ കുടുംബത്തിന് നഷ്ടപരിഹാരവും മറ്റും ലഭിക്കുന്ന കാര്യം ന്യൂസ് 18 ചാനലിനോട് പറഞ്ഞത്.
ജയിലില്‍വെച്ച് മരിച്ച രവിന്‍ സിസോദിയയുടെ ഭാര്യക്ക് ഒരു മാസത്തിനകം പ്രദേശത്തെ പ്രൈമറി സ്‌കൂളില്‍ ജോലി ലഭിക്കുമെന്നും പ്രഖ്യാപിച്ച എട്ട് ലക്ഷത്തില്‍ അഞ്ച് ലക്ഷം ഒറ്റ ഗഡുവായി ലഭിക്കുമെന്നും തേജ്പാല്‍ സിംഗ് പറഞ്ഞു.
അഖ്‌ലാഖ് വധക്കേസിലെ മറ്റു പ്രതികളെ കുറിച്ചുള്ള ചോദ്യത്തിന് ജാമ്യത്തിലുള്ള അവര്‍ക്കെല്ലാം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുമെന്നും ദാദ്രി തെര്‍മല്‍ പവര്‍ കോര്‍പറേഷനില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ സ്ഥാപനങ്ങളിലായിരിക്കും ഇതെന്നും എം.എല്‍.എ മറുപടി നല്‍കി.
അഖ്‌ലാഖിനെ കൊന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നേരത്തെ എന്‍.ടി.പി.സിയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. ഇങ്ങനെ പുറത്താക്കപ്പെട്ടവരെ അതേ സ്ഥാപനങ്ങളില്‍ രണ്ടു മാസത്തിനകം നിയമിക്കും-കൊലക്കേസ് പ്രതികളാണെന്ന കാര്യം പറയാതെ എം.എല്‍.എ വ്യക്തമാക്കി.
2015 സെപ്റ്റംബര്‍ 28 ന് രാത്രിയാണ് മുഹമ്മദ് അഖ്‌ലാഖിനെ കരിങ്കല്ല് കൊണ്ട് തലക്കെടിച്ച് കൊലപ്പെടുത്തുകയും മകന്‍ ഡാനിഷിനെ അടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തത്. പ്രതികളായ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനു മുമ്പ് നിയമ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
സ്വകാര്യ മേഖലയിലെ കരാറുകാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് നിയമപ്രശ്‌നങ്ങള്‍ തടസ്സമാകേണ്ട കാര്യമില്ലെന്നും ഇക്കാര്യം കരാറുകാരെ ഉണര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പുറമെ നിന്നുള്ള കുട്ടികള്‍ക്ക് ജോലി കൊടുക്കുമ്പോള്‍ ഇവരെ കൂടി പരിഗണിച്ചുകൂടെയെന്നാണ് കരാറുകാരോട് ചോദിച്ചിരിക്കുന്നതെന്ന് തേജ്പാല്‍ സിംഗ് പറഞ്ഞു.
കുടുംബം പോറ്റാന്‍ ആളുകള്‍ ജോലി ചെയ്യുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും പക്ഷേ, കേസ് മുന്നോട്ടു പോയേ മതിയാകൂവെന്നും മുഹമ്മദ് അഖ്‌ലാഖിന്റെ സഹോദരന്‍ മുഹമ്മദ് ജാന്‍ പ്രതികരിച്ചു. അഖ്‌ലാഖിനെ കൊലപ്പെടുത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. പ്രതികള്‍ ജാമ്യത്തിലാണ്. ഇവര്‍ക്കെതിരെ ഇതുവരെ കുറ്റപത്രം പോലും തയാറാക്കിയിട്ടില്ല. അഖ്‌ലാഖിനെ കൊലപ്പെടുത്തിയതെന്ന് രാജ്യത്തിന് അറിയാം. പക്ഷേ, കേസ് ഇപ്പോഴും തുടങ്ങിയേടത്തുതന്നെയാണ്- ജാന്‍ പറഞ്ഞു.
മകന് ജോലി ശരിയാകുന്നുണ്ടെന്നും തൊഴിലുടമ വിളിക്കുന്നതിനായി കാത്തിരിക്കയാണെന്നും പ്രതികളിലൊരാളുടെ പിതാവ് പറഞ്ഞു. ബിഷാര ഗ്രാമക്കാരനായ പ്രതിക്കാണ് മൂന്ന് മാസത്തിനകം തൊഴില്‍ നല്‍കുമെന്ന് എന്‍.ടി.പി.സിയില്‍നിന്ന് ഉറപ്പ് ലഭിച്ചിരിക്കുന്നത്. പ്രദേശത്തെ എം.എല്‍.എ തേജ്പാല്‍ സിംഗ് മുന്‍കൈ എടുത്താണ് ഇതു സംബന്ധിച്ച നടപടികള്‍ മുന്നോട്ടു നീക്കുന്നത്.
അഖ്‌ലാഖ് വധക്കേസിലെ പ്രതികളില്‍ ഒരാളുടെ സഹോദരന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ജയിലില്‍വെച്ച് മരിച്ച പ്രതിയുടെ ആശ്രിതര്‍ക്ക് ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കാനും മറ്റു പ്രതികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുമുള്ള ശ്രമം ഊര്‍ജിതമായതെന്ന് ദാദ്രി പ്രദേശവാസികള്‍ പറയുന്നു.
അഖ്‌ലാഖ് കേസിലെ പ്രതിയുടെ സഹോദരനായ നീരജാണ് തൊഴില്‍ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച എന്‍.ടി.പി.സിക്ക് പുറത്ത് സ്വയം തീക്കൊളുത്തി മരിച്ചത്. സഹോദരന്‍ കേസിലുള്‍പ്പെട്ടതിനാലാണ് നീരജിന് തൊഴില്‍ നിഷേധിച്ചതെന്ന് വ്യക്തമായിരുന്നു. ആത്മഹത്യ ഗ്രാമത്തില്‍ അസ്വസ്ഥത വിതച്ചിരിക്കെയാണ് എം.എല്‍.എ മുന്നിട്ടിറങ്ങി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.