ജനപ്രിയ ഹ്രസ്വ വീഡിയോ ആപായ ടിക് ടോക്കിന്റെ എതിരാളിയായി വിശേഷിപ്പിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായ ട്രില്ലർ ആപിൽ അക്കൗണ്ട് തുറന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടു ദിവസം കൊണ്ട് സോഷ്യൽ മീഡിയ ആപിൽ ട്രംപ് പതിനായിരത്തിലേറെ ഫോളോവേഴ്‌സിനെ നേടി. നാല് വീഡിയോകളാണ് ട്രംപിന്റെ ടീം ട്രില്ലറിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടെക്‌നോളജിയിൽ പ്രൊഫഷണലാണെന്ന് അവകാശപ്പെടുന്ന വീഡിയോ 60 ലക്ഷത്തിലേറെ പേർ കണ്ടു.
ട്രില്ലർ തുടങ്ങി ഒരു വർഷത്തിനുശേഷം 2016 ലാണ് തുടക്കം കുറിച്ചതെങ്കിലും ടിക് ടോക്ക് ആപ് 200 കോടി തവണയാണ് ഡൗൺ ലോഡ് ചെയ്തത്. യു.എസ് എതിരാളിയാകട്ടെ 25 കോടിയും. ടിക് ടോക്കിനു വെല്ലുവിളി ഉയർത്താൻ അമേരിക്കയിൽ ബൈറ്റ് എന്ന പേരിൽ മറ്റൊരു ആപ് രംഗത്തുണ്ട്. ഇതിനു പുറമെ ഫേസ് ബുക്ക് തങ്ങളുടെ ഹ്രസ്വ വീഡിയോ ഷെയറിംഗ് സംവിധാനമായ റീലും പുറത്തിറക്കിയിട്ടുണ്ട്.
രണ്ട് മാസം മുമ്പ് ഇന്ത്യയിൽ നിരോധിക്കപ്പെട്ട ടിക് ടോക്ക് അമേരിക്കയിലും സമാന ഭീഷണി നേരിടുകയാണ്. ചൈനീസ് ആപുകളായ ടിക് ടോക്കിന്റേയും വീ ചാറ്റിന്റേയും യു.എസ് പതിപ്പുകൾ വിൽപന നടത്താൻ രണ്ടു മാസത്തെ സമയം നൽകയിരിക്കയാണ് ട്രംപ്. ഇവ നിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനും ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കാനുമുള്ള എക്‌സിക്യുട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചിരുന്നു.
ടിക് ടോക്ക് ശേഖരിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ ചൈനീസ് അധികൃതർക്ക് കൈമാറുന്നുവെന്നാണ് ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നത്.
എന്നാൽ ആരോപണങ്ങൾ ശക്തിയായി നിഷേധിക്കുന്ന ടിക് ടോക്ക് തങ്ങളുടെ ആപിലെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത് ചൈനയിലെ സെർവറുകളിലല്ലെന്നും സിംഗപ്പൂരിലെ സെർവറുകളിലാണെന്നും വാദിക്കുന്നു. ടിക് ടോക്കിന്റെ അമേരിക്കൻ പതിപ്പ് വാങ്ങാൻ മൈക്രോസോഫ്റ്റ് ചർച്ച നടത്തിവരികയാണ്. ഇടപാടിൽ താൽപര്യം പ്രകടിപ്പിച്ച് ട്വിറ്ററും രംഗത്തുവന്നിരുന്നു.