Sorry, you need to enable JavaScript to visit this website.

എയർപോർട്ടിലെ  സെക്യൂരിറ്റി ചെക്കിംഗ്  ഇല്ലാതാകും

മുഖം ഒപ്പിയെടുക്കാൻ വീഡിയോ ടണൽ
യാത്രക്കാരെ തിരിച്ചറിയുന്നതിനും സുരക്ഷാ പരിശോധനക്കുമായി ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ വീഡിയോ ടണൽ വരുന്നു. ചുമരുകളിൽ പ്രത്യക്ഷപ്പെടുന്ന അക്വേറിയവും മരുഭൂമിയുമൊക്കെ കണ്ട് ആസ്വദിച്ച് ടണലിന്റെ അവസാനമെത്തിയാൽ അറിയാം. ഈസിയായി പോകാൻ പറ്റുമോ, അതോ യാത്ര തുടരാൻ വീണ്ടുമൊരു പരിശോധനക്ക് പോകേണ്ടതുണ്ടോ? 
ദുബായ് എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണ്. 2020 ആകുമ്പോഴേക്കും 124 മില്യൺ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. സെക്യൂരിറ്റി ചെക്ക് പോയന്റുകൾ ഫലപ്രദമാക്കാനാണ്  80 ഫേഷ്യൽ റക്കഗ്നിഷനും കണ്ണുകൾ സ്‌കാൻ ചെയ്യാനുള്ള ക്യാമറകളും ഉൾക്കൊള്ളുന്ന ടണൽ സ്ഥാപിക്കുന്നത്. 
ടണലിന്റെ ചുമരിൽ കാണുന്ന മത്സ്യത്തിന്റേയും മറ്റും ചിത്രങ്ങൾ ആസ്വദിക്കാമെങ്കിലും അതിന്റെ ലക്ഷ്യം അതല്ല. യാത്രക്കാരന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള നോട്ടത്തിനു പുറമെ, ക്യാമറകൾ മുഖവും പകർത്തിക്കഴിഞ്ഞിരിക്കും. 
എയർപോർട്ടിലെ പരമ്പരാഗത സെക്യൂരിറ്റി കൗണ്ടറുകൾ എങ്ങനെ മാറ്റാമെന്നതിനെ കുറിച്ച് കഴിഞ്ഞ നാലു വർഷമായി പഠിച്ചുവരികയായിരുന്നുവെന്നും ഭാവിയിൽ കൗണ്ടറുകൾ തീർത്തും വേണ്ടിവരില്ലെന്നും ദുബായ് റസിഡൻസി ആന്റ് ഫോറിൻ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയരക്ടർ ജനറൽ ഉബൈദ് അൽ ഹമീരി പറയുന്നു. 
ബോർഡിംഗ് പാസുകൾക്ക് പകരം പുതിയ സാങ്കേതിക വിദ്യ ഇപ്പോൾ പല രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. പാസ്‌പോർട്ട് പരിശോധിക്കാതെയും എയർപോർട്ട് ഉദ്യോഗസ്ഥരോട് സംസാരിക്കാതെയും യാത്രക്കാർക്ക് വിമാനത്തിൽ കയറാമെന്നതാണ് ഫേഷ്യൽ, ഐറിസ്, ഫിംഗർ പ്രിന്റ് സാങ്കേതിക വിദ്യകളുടെ നേട്ടം. അമേരിക്കയിൽ സുരക്ഷാ നടപടികളുടെ ഭാഗമായി ഫേഷ്യൽ റക്കഗ്നിഷൻ പരീക്ഷിക്കുന്നു. 
ഏതാനും മാസങ്ങൾക്കകം ദുബായ് എയർപോർട്ടിൽ ആദ്യത്തെ വിർച്വൽ ബോർഡർ ടണൽ സ്ഥാപിക്കും. എയർപോർട്ട് ടെർമിനലിൽ 2020 ഓടെ കൂടുതൽ ടണലുകൾ ഉൾപ്പെടുത്താനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.  വീഡിയോ ടണലിൽവെച്ച് മുഖവും കണ്ണുമായിരിക്കും ആദ്യഘട്ടത്തിൽ സക്ാൻ ചെയ്യുക. കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും പിന്നാലെ ഏർപ്പെടുത്തും.  

Latest News