തന്റെ ചിത്രം സോളോയെ കൂവിക്കൊല്ലരുതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും പ്രിയപ്പെട്ട രുദ്രയുടെ കഥയെ പരിഹസിക്കുകയും കൂവുകയും ചെയ്യുമ്പോള്‍ ഹൃദയം തകരുകയാണ്. സോളോ എന്റെ സ്വപ്ന ചിത്രമാണ്. അതിനായി ഹൃദയവും ആത്മാവും നല്‍കി. ചോര നീരാക്കിയാണ് തങ്ങള്‍ ചെറിയ ബജറ്റില്‍ ചിത്രം പൂര്‍ത്തിയാക്കിയത്.
സോളോ എന്തുകൊണ്ട് ചെയ്തു എന്നും ഒഴിവാക്കാമായിരുന്നില്ലേയെന്നും പലരും ചോദിക്കുന്നു. താന്‍ പോകുന്നിടത്തെല്ലാം കഥകള്‍ തെരയുന്ന ആളാണ്. വാര്‍ത്താ ലേഖനങ്ങളായാലും കണ്ടുമുട്ടുന്ന ആളുകളായാലും കാണുന്ന സിനിമകളായാലും വായിക്കുന്ന പുസ്തങ്ങളായാലും. പരീക്ഷണവും വ്യത്യസ്തയുമാണ് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഏതു കഥയും പറയാന്‍ തക്ക ധൈര്യം പ്രേക്ഷകര്‍ എപ്പോഴും നല്‍കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം തകരുകയാണ്. വീര്യത്തെ നശിപ്പിക്കുകയാണ്. നിങ്ങള്‍ ഇതുവരെ നല്‍കിയ ധൈര്യത്തേയും അത് കൊല്ലുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്. സോളോയെ കൊല്ലരുത്. ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു