ഇന്ത്യയിൽ ഐ.ടി വിപ്ലവത്തിന് ശില പാകിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സാം പ്രിത്രോദയുമാണ്. പിന്നിട്ട മൂന്ന് ദശകങ്ങളിൽ സങ്കൽപിക്കാനാവാത്ത വിധമാണ് ഇന്ത്യയിൽ ഐ.ടി രംഗം കുതിച്ചത്. ഫോൺ കണക്ഷനായി വർഷങ്ങൾ കാത്തിരിക്കുന്ന കാലം കഴിഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ ടെക്‌നിഷ്യനെ ഇപ്പോഴാരും കാത്തിരിക്കാറില്ല. സാധാരണക്കാർക്കെല്ലാം ഇഷ്ടം പോലെ മൊബൈൽ കണക്ഷൻ. കസ്റ്റമർ കെയർ സെന്ററിൽ പോലും പോകാതെ കാര്യം സാധിക്കാൻ റിലയൻസിന്റെ ജിയോ. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഡാറ്റ തീരുന്നത് ആലോചിക്കാതെ സമയം ചെലവഴിക്കാം. കൊച്ചു കുട്ടികൾക്ക് പോലും സുപരിചിത ബ്രാൻഡ് നെയിമായി റിലയൻസും ജിയോയും മാറിയത് വളരെ പെട്ടെന്നാണ്. കുറഞ്ഞ തുക മുടക്കി നൂറുകണക്കിന് ജിബി തരുന്നവന്റെ ജാതകം തെരയേണ്ട കാര്യമൊന്നും സാധാരണക്കാർക്കില്ലല്ലോ.
അയൽ രാജ്യമായ ചൈനയാണ് ഇപ്പോൾ നമുക്ക് വെല്ലുവിളി ഉയർത്തുന്നത്. സാമ്പത്തികമായി ക്ഷീണിച്ചിപ്പാൽ ഒചൈനയുമടങ്ങും. ചൈനക്കുള്ള പണിയുമായാണ് ജിയോ രംഗത്തെത്തുന്നത്.
റിലയൻസ് ഇന്റസ്ട്രീസിന്റെ ജിയോ സ്മാർട്ട ്‌ഫോൺ രംഗത്ത് വൻ നീക്കം നടത്താനാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. റിലയൻസിന്റെ ഈ നീക്കം സ്മാർട്ട് ഫോൺ രംഗത്ത് സ്വാധീനമുള്ള ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയാകുമെന്നാണ് സൂചന. ഗൂഗിൾ കൂടി ജിയോക്ക് ഒപ്പം കൈകോർക്കുന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട് ഫോൺ മാർക്കറ്റിലെ ചൈനീസ് കമ്പനികളുടെ സ്വാധീനം നഷ്ടമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കഴിഞ്ഞ ആഴ്ച നടന്ന കമ്പനിയുടെ വാർഷിക യോഗത്തിൽ വെച്ചാണ് സി.ഇ.ഒ മുകേഷ് അംബാനി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ചെറിയ വിലയ്ക്ക് ലഭിക്കുന്ന 4ജി, 5ജി സ്മാർട്ട് ഫോണുകൾക്കായി ഗൂഗിൾ ഒരു ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം തയാറാക്കുമെന്നായിരുന്നു പ്രഖ്യാപനം.
നിലവിൽ രാജ്യത്തെ പത്തിൽ എട്ട് സ്മാർട്ട് ഫോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഷവോമി, ബിബികെ ഇന്റസ്ട്രീസ് (റിയൽമി, ഒപ്പൊ, വിവോ) എന്നിവക്ക് ഇന്ത്യൻ വിപണിയിൽ രണ്ട് ബില്യൺ ഡോളറിന്റെ സ്വാധീനമുണ്ട്. ബജറ്റ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് റിലയൻസ് കടന്നുവന്നാൽ ഈ കമ്പനികളുടെ സ്വാധീനം നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ ലോക കോടീശ്വരന്മാരിൽ ആറാമനായ മുകേഷ് അംബാനി നടത്തിയ പ്രഖ്യാപനങ്ങൾ ഇന്ത്യക്കാരെ ആവേശഭരിതരാക്കിയിട്ടുണ്ട്.
റിലയൻസ് ജിയോ 5എ സേവനം ഉപയോക്താക്കൾക്ക് അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ വ്യക്തമാക്കി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ.ഐ.എൽ) ആദ്യ വെർച്വൽ വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സ്‌പെക്ട്രം ലഭ്യമാകുന്നതോടെ 5ജി സേവനം ലഭ്യമാക്കും. പൂർണമായി ഇന്ത്യൻ നിർമിത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ജിയോക്ക് വളരെ വേഗം തന്നെ 4ജിയിൽ നിന്ന് 5ജിയിലേക്ക് മാറാനാകും. ഇത് ഇന്ത്യയിൽ വിജയകരമാണെന്ന് തെളിഞ്ഞാൽ 5ജി സാങ്കേതിക വിദ്യകളുടെ കയറ്റുമതിക്ക് ജിയോ പ്ലാറ്റ്‌ഫോമുകൾ പ്രാപ്തമാകുമെന്നും അദ്ദേഹം അറിയിച്ചു.
ഇതുവരെ 10 കോടി ജിയോ ഫോണുകളാണ് വിറ്റുപോയത്. ചെലവ് കുറഞ്ഞ 5ജി സ്മാർട്ട് ഫോണുകൾ നിർമിക്കും, ജിയോയും ഗൂഗിളും ചേർന്ന് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഓപറേറ്റിംഗ് സിസ്റ്റം നിർമിക്കും -മുകേഷ് അംബാനി നയം വ്യക്തമാക്കി.
മുൻ വർഷങ്ങളിൽ മുംബൈയിലെ പ്രശസ്തമായ ബിർള മാതുശ്രീ ഹാളിൽ ഉത്സവം പോലെയാണ് കമ്പനി പൊതുയോഗം ചേരാറുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി ജിയോയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചു തത്സമയ അടിസ്ഥാനത്തിൽ ഒരു ചാറ്റ് ബോട്ട്, ടുവേ ലൈവ് സ്ട്രീമിംഗായാണ് പൊതുയോഗം നടത്തിയത്. റിലയൻസ് ചരിത്രത്തിൽ ഇതാദ്യമായാണ് വാർഷിക പൊതുയോഗം ഓൺലൈനായി നടത്തിയത്. വീഡിയോ കോൺഫറൻസിംഗ്, ജിയോ മീറ്റ് പ്ലാറ്റ്‌ഫോം, സിസ്‌കോ വെബെക്‌സ്, വാണിജ്യ വെബ്കാസ്റ്റ് എന്നിവ വഴിയാണ് വെർച്വൽ പൊതുയോഗം സംഘടിപ്പിച്ചത്. ഡയറക്ടർമാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും ഷെയർ ഹോൾഡർ സ്പീക്കറുകൾക്കും ദൃശ്യവും ശ്രവിക്കാവുന്ന സൗകര്യമൊരുക്കിയിരുന്നു.
500 വ്യത്യസ്ത ഇടങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം വരുന്ന ഓഹരി ഉടമകൾക്ക് ഓൺലൈനായി യോഗത്തിൽ ഒരേസമയം പങ്കെടുക്കാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയത്. വാർഷിക പൊതുയോഗം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും യുട്യൂബിലും തത്സമയം സംപ്രേഷണം ചെയ്തിരുന്നു.