മുംബൈ-സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്മശ്രീ പുരസ്‌ക്കാരം തിരികെ നല്‍കുമെന്ന് നടി കങ്കണ റണൗട്ട്. സുശാന്തിന്റെ ആത്മഹത്യയെ ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മൊഴി നല്‍കാനായി മുംബൈ പോലീസ് തന്നെ വിളിച്ചിരുന്നു. പക്ഷേ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയയ്ക്കാമോയെന്ന് താന്‍ തിരക്കിയിരുന്നതായും കങ്കണ പറയുന്നു.എന്നാല്‍ അതിന് ശേഷം അവരില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ല. താന്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പദ്മശ്രീ മടക്കി നല്‍കുമെന്നും കങ്കണ റിപ്പബ്ലിക്ക് ടിവിയോട് പ്രതികരിച്ചു. നടിമാരായ തപ്‌സി പന്നു, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കെതിരേയും കങ്കണ തുറന്നടിച്ചു. അവര്‍ സിനിമയേയും കരണ്‍ ജോഹറിനേയും അവര്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ആലിയാ ഭട്ടിനോ അനന്യ പാണ്ഡേയ്‌ക്കോ ലഭിച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന് കങ്കണ ചോദിക്കുന്നു.
ജൂണ്‍ 14ന് ആണ് സുശാന്ത് സിങ് രജ്പുത്ത് ബാന്ദ്രയിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്. ഇതോടെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നത്. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ സ്വജനപക്ഷപാതത്തിന്റെ വക്താവാണെന്നും കങ്കണ തുറന്നടിച്ചിരുന്നു. സുശാന്തിന്റേത് ആസൂത്രിത കൊലപാതകം ആയിരുന്നു എന്നാണ് കങ്കണ ആരോപിച്ചത്.