കോട്ടയം-അവതാരകയും നടിയുമായ മീര അനില്‍ ബുധനാഴ്ചയാണ് വിവാഹിതയായത്. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയുടെ വരന്. തിരുവന്തപുരത്ത് ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസങ്ങള്‍ക്കു മുമ്പേ വിവാഹം ഉറപ്പിച്ചിരുന്നു. ജൂണ്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം ലോക്ഡൗണിനിടെ നീട്ടി വയ്ക്കുകയായിരുന്നു. വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
എന്നാല്‍ വിവാഹത്തിന് മുന്നേ പലരും തങ്ങളെ ഡിവോഴ്സ് ആക്കിയിരുന്നു എന്നാണ് മീര പറയുന്നത്. 'നിശ്ചയം കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൊക്കെ വലിയ വാര്‍ത്തകള്‍ വന്നു. ഞാന്‍ പലയിടത്തും പോകുമ്പോള്‍ എല്ലാവരും ചോദിക്കുക 'കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നില്ലല്ലോ. എന്താ ഡിവോഴ്സ് ആണോ'എന്നാണ്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞതെന്നു പറഞ്ഞു മടുത്തു' എന്ന് മീര അഭിമുഖത്തില്‍ പറഞ്ഞു.
ഒരിക്കല്‍ ഒരു ചേച്ചി തന്റെ കാറിനുള്ളിലേക്ക് നോക്കിയിട്ട്' യൂ ട്യൂബില്‍ കല്യാണം കഴിഞ്ഞതു കണ്ടു. ഭര്‍ത്താവ് ഒപ്പം ഇല്ലേ? ' എന്ന് ചോദിച്ചു. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞത് എന്ന് പറഞ്ഞപ്പോള്‍ 'അല്ല കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ആയി എന്ന് യൂട്യൂബില്‍ കണ്ടല്ലോ' എന്നാണ് അവര്‍ പറഞ്ഞതെന്നും മീര പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടെ 'ആദ്യം ഞങ്ങള്‍ ഒന്നു കല്യാണം കഴിച്ചോട്ടെ. പിന്നെ ഡിവോഴ്സിനെക്കുറിച്ച് പറയാം' എന്ന് തമാശയായി പറഞ്ഞതായി മീര പറയുന്നു. എന്നാല്‍ അഭിമുഖം എത്തിയപ്പോള്‍ 'ഡിവോഴ്സിനെ പറ്റി മീര'എന്നായിരുന്നു അവരുടെ ടൈറ്റില്‍ എന്നും ആ വീഡിയോ തുറന്നു പോലും നോക്കാതെയാണ് പലരും തെറ്റിദ്ധരിച്ചതെന്നും മീര വ്യക്തമാക്കി.
ടെലിവിഷന്‍ പരിപാടികള്‍, സ്റ്റേജ് ഷോകള്‍ എന്നിവയിലൂടെയാണ് മീര മലയാളികളുടെ പ്രിയ അവതാരകയായി മാറിയത്. നര്‍ത്തകി കൂടിയായ മീര 'മിലി' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
മാട്രിമോണിയല്‍ വഴിയാണ് മീര വിഷ്ണുവിനെ കണ്ടത്. പിന്നീട് ഇഷ്ടത്തിലായെന്നും മീര പറഞ്ഞിരുന്നു.