ആയുസിലെ മൂന്നാം ജീവിതം തുടങ്ങുകയാണ്. നാട്ടുജീവിതത്തിന് ശേഷം തുടങ്ങിയ പ്രവാസം അവസാനിപ്പിച്ച് വീണ്ടും നാട്ടുജീവിതത്തിലേക്ക് തന്നെ യാത്രയാകുന്നു. എല്ലാ തവണയും നാട്ടിലേക്ക് പോകുന്നതു പോലെയല്ല, ഇനിയൊരു മടക്കമുണ്ടാകുമോ എന്നറിയാതെ വിമാനം കയറുന്നു. മഹാമാരിക്കാലത്ത് രോഗത്തിന് പിടികൊടുക്കാതെ നാട്ടിലെത്തണം.
പ്രവാസി എന്ന പദത്തിന്റെ മാനങ്ങൾ മാറുന്ന കാലമാണ്, പ്രവാസത്തിന്റെയും. ഇരുപത്തെട്ടു പ്രവാസ വർഷങ്ങൾ പൊഴിഞ്ഞു പോയി. തിരിഞ്ഞു നോക്കുമ്പോൾ താണ്ടിയ വഴികളെയോർക്കുമ്പോൾ മനസുനിറയെ സന്തോഷമാണ്. സാധാരണ ഗതിയിൽ ഇന്നലെകൾ നേരിയ നഷ്ടബോധമുണ്ടാക്കുമ്പോൾ കഴിഞ്ഞുപോയ പ്രവാസ ജീവിതം ചാരിതാർഥ്യമാണ് നൽകുന്നത്.
ഇരുപതാമത്തെ വയസ്സിൽ കയ്യിലൊരു കൈക്കുഞ്ഞുമായി മദ്രാസ് എയർപോർട്ടിലെ എസ്‌കലേറ്ററിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ നെഞ്ചകം നിറയെ പെരുമ്പറയായിരുന്നു. ഓഗസ്റ്റിലെ ചുട്ടുപൊള്ളുന്ന വേനലിലേക്കു പറന്നിറങ്ങുമ്പോൾ കണ്ട മണൽപാടവും പല വർണങ്ങളിൽ ചീറിപ്പായുന്ന വാഹനങ്ങളും ഉയരമേറിയ ബിൽഡിങ്ങുകളും കൗതുകമായിരുന്നു. ഫഌറ്റ് ജീവിതം ആദ്യദിവസങ്ങളിൽ ഒരൽപം സന്തോഷം നൽകിയെങ്കിലും ശരിക്കും സിമന്റ് കൊണ്ട് തീർത്ത കൂടാണെന്നറിയാൻ അധികം വേണ്ടിവന്നില്ല.. പറക്കാനായുമ്പോൾ ചിറകുകൾ ചുമരുകളിൽ തട്ടി വീഴുകയാണെന്നു തിരിച്ചറിഞ്ഞപ്പോൾ എന്റെ കൂട്ടിൽ ഞാനെന്റെ ലോകം തീർത്തു.
പ്രവാസത്തിന്റെ നാൾ വഴികളിലേക്ക് വെറുതെയൊന്നു തിരിച്ചു നടക്കുമ്പോൾ ഓർമകളുടെ പെരുമഴ പെയ്ത്താണ്. ഇന്നിന്റേയും ഇന്നലെയുടെയും പ്രവാസത്തിനു എന്തൊരന്തരം. കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന എയർ മെയിൽ കവറുകൾ. നാട്ടിലെ വിശേഷങ്ങളറിയാനുള്ള ഏക മാർഗം ആഴ്ചകൾക്കും മാസങ്ങൾക്കുമിടയിൽ പരിമിതമായ വരികളിൽ കിട്ടുന്ന സന്ദേശങ്ങൾ ബന്ധങ്ങളുടെ ഊഷ്മളതകൾക്കു തിളക്കം കൂട്ടി.
മൂന്നോ നാലോ ദിനങ്ങൾക്കപ്പുറം കയ്യിലെത്തിയിരുന്ന വാർത്തകൾക്കു ഒട്ടും ചൂടാറിയിട്ടുണ്ടായിരുന്നില്ല. ഇംഗ്ലീഷും അറബിയിലുമായി ഉണ്ടായിരുന്ന രണ്ടേ രണ്ടു ചാനലുകളുള്ള സൗദി ടി.വി എത്ര ആസ്വദിച്ചായിരുന്നു കണ്ടിരുന്നത്. റമദാനിലെ സ്‌പെഷ്യൽ സീരിയലുകൾ കാണാൻ എന്തൊരാവേശമായിരുന്നു. വ്യാഴാഴ്ചകളിൽ മാറ്റിയെടുക്കുന്ന വീഡിയോ കാസെറ്റുകളിൽനിന്നു മനസ്സിൽ പതിഞ്ഞ എത്ര സിനിമകൾ.
ബന്ധങ്ങൾക്ക് എന്തൊരു ഇഴയടുപ്പമായിരുന്നു. രക്തബന്ധങ്ങളെക്കാൾ മികച്ച വ്യക്തിബന്ധങ്ങൾ. ഭാഷയും ദേശവും തടസ്സമാകാത്ത ഈടുറ്റ സൗഹൃദങ്ങൾ. ഇന്നലെകൾ എത്ര വേഗമാണ് അടർന്നു വീണത്. എത്രയെത്ര മുഖങ്ങൾ ഭൂമിയിൽ നിന്നുമാഞ്ഞിട്ടും മനസ്സിൽ നിന്നുമായാത്തവരെത്ര പേർ. ഓർമ്മകളുടെ കൊഴിയാത്ത പൂക്കാലം തന്നെ പ്രവാസം. തിരിച്ചറിവിന്റെ വസന്തകാലം. ഉഷ്ണവും ശീതവും മാറുന്നതോടൊപ്പം മാറ്റത്തിന്റെ കുത്തൊഴുക്കും അനുഭവിക്കാനായി.
1997-ൽ മക്കയിലേക്ക് ജീവിതം പറിച്ചുനട്ടു. മലകളാൽ ചുറ്റപ്പെട്ട മക്കാ നഗരത്തിന്റെ വികസനം മലകളോളം വലുതായിരുന്നു. ഉത്സവകാലത്തിന്റെ പ്രതീതിയുമായി വന്ന റമദാനും ഹജ്ജും, വർണ വിളക്കുകൾ പാഥേയമലങ്കരിക്കുമ്പോൾ മുതൽ ആത്മീയ ശോഭ മനസ്സിലേക്കും പടരുകയായി. പുണ്യഗേഹത്തിൽ ജന മഹാസാഗരങ്ങളിൽ പ്രാർത്ഥനകളിൽ അലിയുമ്പോഴുള്ള ആത്മാനുഭൂതി.
ലോകനാഥന്റെ അതിഥികൾക്ക് ആതിഥേയ യാവുമ്പോഴുള്ള ആത്മ നിർവൃതി.. റമദാനും ഹജ്ജും കഴിഞ്ഞാൽ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ തോന്നിക്കുന്ന മക്കാനഗരം. അടങ്ങാത്ത പ്രണയമായിരുന്നു ആ ഭൂമിയോടും. ഈ അവസാന യാത്രയിലും മക്ക തൊട്ട് നാട്ടിലേക്ക് പോകാനാകുന്നില്ലല്ലോ എന്ന സങ്കടം.
മക്കയിലെ സ്‌കൂളിന്റെ അഭാവം ഒരു ട്യൂഷൻ സെന്റർ തുടങ്ങാൻ പ്രേരകമായി. അനേക ദേശക്കാരായ കുരുന്നുകൾ ശിഷ്യരുമായി. പേരിനോടൊപ്പം ഒരു ടീച്ചർ പദവി കിരീടവുമായി. 22 വർഷത്തെ അധ്യാപന ജീവിതത്തിൽ അക്ഷര വെളിച്ചത്തിലേക്കു കൈ പിടിച്ചവർ ഒട്ടനവധി. മക്കയിൽ ഇന്ത്യൻ സ്‌കൂളിന്റെ പിറവിക്ക് വേണ്ടി പല വാതിലുകളിലും മുട്ടി. കോൺസൽ ജനറൽ അടക്കമുള്ള അധികൃതരുമായി പലവട്ടം സംസാരിച്ചു. അധികം വൈകാതെ മക്കയിൽ ഇന്ത്യൻ സ്‌കൂൾ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഓർമകളിൽ ഇരുളും വെളിച്ചവുമുണ്ട്. തിളക്കമുള്ള ഓർമകളിൽ ഒന്ന് മലയാളം ന്യൂസിന്റെ പിറവി തന്നെ. ദിവസങ്ങൾക്കിപ്പുറം ലഭിച്ചിരുന്ന പത്രങ്ങൾക്കു പകരം ഇവിടെ നിന്നു തന്നെ പ്രസിദ്ധീകരിച്ച ആ നാല് പേജ് പത്രമാണ് എഴുത്തിലേക്ക് വീണ്ടും തിരിച്ചു നടത്തിയത്. ആദ്യം കവിതയും പിന്നീട് കഥകളും പ്രസിദ്ധീകരിച്ചു.
ഇരുണ്ട ഒരോർമ 2004ലുണ്ടായ മക്ക ബസ് അപകടമാണ്. മക്കയിൽ നിന്നു ജിദ്ദയിലെ സ്‌കൂളിലേക്ക് കുട്ടികളായി വന്ന ബസിന്റെ അപകടം. മകളോടൊപ്പം പഠിക്കുന്ന കുറെ കുട്ടികളും അദ്ധ്യാപികയും ജീവനറ്റു കിടന്നതു ഞെട്ടലോടെയേ ഓർമ്മിക്കാനാവൂ.
ഇന്ന് എന്തൊക്കെ മാറ്റങ്ങൾ. കത്തും ടെലിഫോൺ യുഗവും കഴിഞ്ഞു വിരൽ തുമ്പിനപ്പുറം ഇന്റർനെറ്റ് ലോകം മുന്നിലുണ്ടായിട്ടും പഴയ പ്രവാസത്തിന്റെ പ്രഭാവം ഇന്നിനില്ലാതായിരിക്കുന്നു. ബന്ധങ്ങൾക്കിടയിൽ വിള്ളലുകൾ ഉണ്ടായിരിക്കുന്നു. സമൃദ്ധിയും സന്തോഷവും നിറഞ്ഞ എന്റെ പ്രവാസം അവസാനിപ്പിക്കുകയാണ്. ഒരു വേനലിൽ പറന്നിറങ്ങി മറ്റൊരു വേനലിൽ തിരിച്ചു പറക്കുമ്പോൾ മനസ്സിൽ പ്രവാസത്തിന്റെ ഓർമ്മകൾ മരുപ്പച്ചപോലെ പീലി നിവർത്തുകയാണ്.