മുംബൈ-സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്‌തേക്കും. ഇതിന്റെ ഭാഗമായി ബന്‍സാലിക്ക് സമന്‍സ് അയച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബന്‍സാലിയുടെ രണ്ട് ചിത്രങ്ങളില്‍ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഈ വേഷങ്ങളില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടു. സിനിമകളില്‍ നിന്നുള്ള ഇത്തരം മാറ്റി നിര്‍ത്തലുകളും മറ്റുമാണ് സുശാന്തിനെ വിഷാദത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ഭാഗമായാണ് ബന്‍സാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.
ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതത്തിന് എതിരേയും സുശാന്തിന്റെ മരണത്തിന് നീതി ആവശ്യപ്പെട്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപ്പെട്ടിരുന്ന നടി കങ്കണ റണാവത്തിനേയും സംവിധായകന്‍ ശേഖര്‍ കപൂറിനേയും മൊഴിയെടുക്കാനായി വിളിപ്പിച്ചേക്കും.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ നടി റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു റിയ. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും റിയയോ സുശാന്തോ ഇക്കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം നല്‍കിയിരുന്നില്ല. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിയ പോലീസിനോട് പറഞ്ഞു
ബാന്ദ്രയിലെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ റിയയെ ഒന്‍പത് മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറില്‍ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താന്‍ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും സംസാരിച്ചിരുന്നുവെന്നും റിയ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
ഇതിന് പുറമേ പ്രമുഖ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇവരോട് സുശാന്തുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ നല്‍കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യഷ് രാജ് ഫിലിംസിന്റെ രണ്ട് സിനിമകളായ മനീഷ് ശര്‍മ സംവിധാനംചെയ്ത ശുദ്ധ് ദേശീ റൊമാന്‍സും ദീപാങ്കര്‍ ബാനര്‍ജി സംവിധാനംചെയ്ത ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷിയിലും സുശാന്ത് അഭിനയിച്ചിട്ടുണ്ട്. ശേഖര്‍ കപൂറിന്റെ സംവിധാനത്തില്‍ പാനി എന്നൊരു സിനിമയ്ക്ക് കൂടി പദ്ധതിയിട്ടിരുന്നെങ്കിലും അത് നിര്‍മിക്കുന്നതില്‍ നിന്ന് യഷ് രാജ് ഫിലിംസ് പിന്മാറുകയായിരുന്നു.