Sorry, you need to enable JavaScript to visit this website.

തേയിലക്ക് പ്രതാപകാലം; മികച്ച ഇനം സർവകാല റെക്കോർഡിൽ 

ദക്ഷിണേന്ത്യൻ തേയിലക്ക് ഇത് പ്രതാപകാലം, വിദേശ ഡിമാന്റിൽ മികച്ചയിനം സർവകാല റെക്കോർഡിലാണ്.  പ്രതികൂല കാലാവസ്ഥയും കോവിഡും തേയില തോട്ടങ്ങളുടെ പ്രവർത്തനത്തെ താറുമാറാക്കിയതോടെയാണിത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കടുത്ത വരൾച്ചയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും കൊളുന്ത് കരിഞ്ഞ് ഉണങ്ങിയതിന് പിന്നാലെ രാജ്യം ലോക് ഡൗണിൽ പൂർണമായി സ്തംഭിച്ചത് തേയില ഉൽപാദനം കുറച്ചു. വൻ കുറവാണ് നാല് മാസങ്ങളിൽ സംഭവിച്ചത്. ഇതിനിടയിൽ വിദേശ ഓർഡറുകൾ ലേലത്തിൽ തേയില വില ഉയർത്തി. മുഖ്യ ഉൽപാദന മേഖലയായ നീലഗിരിയിൽ ചരക്ക് ക്ഷാമമുണ്ട്. മേയിൽ അവിടെ ഉൽപാദനം 35 ശതമാനം കുറഞ്ഞു. ജൂണിലെ കണക്ക് കൂടി പുറത്തുവരുന്നതോടെ ലഭ്യത ചുരുങ്ങും. ആഗോള വിപണിയിൽ ഇന്ത്യൻ തേയിലക്ക് ശക്തമായ ഡിമാന്റുണ്ട്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും സി ഐ എസ് രാജ്യങ്ങളും റഷ്യയും, ജപ്പാനും ഇന്ത്യൻ ചരക്ക് എടുത്തു. കൂന്നുരിൽ നടന്ന ലേലത്തിൽ വിർജിൻ ഗ്രീൻ ടീ കിലോയ്ക്ക് 6110 രൂപയെന്ന സർവകാല റെക്കോർഡിലെത്തി. 2018 ലെ 2401 രൂപയായിരുന്നു മുൻ റെക്കോർഡ്.  കയറ്റുമതി ഡിമാന്റിൽ കൊച്ചി ലേലത്തിലും നിരക്ക് ഉയർന്നു. ലീഫ് ലേലത്തിൽ 2,71,000 കിലോ ഓർത്തഡോക്‌സും 73,000 കിലോ സി റ്റി സി യും ഡസ്റ്റ് വിഭാഗത്തിൽ 10,600 കിലോ ഓർത്തഡോക്‌സും 9,33,000 കിലോ സി റ്റി സി യും ലേലം കൊണ്ടു. മൺസൂണായതിനാൽ കൊളുന്ത് നുള്ള് മാന്ദഗതിയിലാണ്, ഇതിന് പുറമേ തൊഴിലാളികളുടെ അഭാവവും തോട്ടങ്ങളെ തളർത്തി. 


ഏലം കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ ഇലക്‌ട്രോണിക്ക് കാർഷിക വിപണി (ഇനാം) മിൽ ഏലക്കയെ ഉൾപ്പെടുത്താൻ നടപടി തുടങ്ങി. കർഷകർക്ക് ഇടനിലക്കാരില്ലാതെ വാങ്ങലുകാർക്ക് നേരിട്ട് ഉൽപ്പന്നം കൈമാറാനാവും. നിലവിലുള്ള ഇ -ലേലത്തിന് പുറമെയാണ് വാണിജ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഓൺലൈൻ ലേലം ആരംഭിക്കുക. അനുകൂല വാർത്തകളിൽ ഏലക്ക വില മെച്ചപ്പെട്ടു. വാരാരംഭത്തിൽ 1917 രൂപയിൽ കൈമാറിയ മികച്ചയിനം വാരാന്ത്യ ലേലത്തിൽ 2300 രൂപയായി. കഴിഞ്ഞവാരം അഞ്ച് ലേലത്തിൽ നാലിലും ചരക്ക് പൂർണ്ണമായി വിറ്റഴിഞ്ഞു. അറബ് രാജ്യങ്ങളുടെ പിന്തുണ തുടരുമെന്നത് ഹൈറേഞ്ചിലെ ഉൽപാദകർക്ക് ആശ്വാസമാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ കൂടുതലായി തിരിച്ച് എത്തിയാൽ മാത്രം തോട്ടങ്ങളുടെ പ്രവർത്തനം വേണ്ടവിധം പുരോഗമിക്കും. 


വിൽപ്പനയ്ക്ക് എത്തിയ കുരുമുളകിൽ ജലാംശതോത് ഉയർന്നതും വിലയെ ബാധിച്ചു. രണ്ടാഴ്ച്ച സ്‌റ്റെഡിയായി നിലകൊണ്ട മുളക് വാരാവസാനമാണ് തളർന്നത്. ഓഫ് സീസണായതിനാൽ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. അൺ ഗാർബിൾഡ് കുരുമുളക് 31,500 രൂപയിൽനിന്ന് 31,200 രൂപയായി. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 4400 ഡോളറാണ്. വിയറ്റ്‌നാം കുരുമുളക് വില ടണ്ണിന് 2450 ഡോളറാണ്. ഇന്തോനേഷ്യയും ബ്രസീലും 2500 ഡോളറിന് ക്വട്ടേഷൻ ഇറക്കി. 
കേന്ദ്ര സർക്കാർ പച്ചത്തേങ്ങയുടെ താങ്ങ് വില അഞ്ച് ശതമാനം വർധിപ്പിച്ച് ക്വിന്റലിന് 2700 രൂപയാക്കി. 2019 ൽ താങ്ങ് വില 2571 രൂപയായിരുന്നു. പുതുക്കിയ വിലയ്ക്ക് സംഭരണം തുടങ്ങുന്നതോടെ ദശലക്ഷക്കണക്കിന് ചെറുകിട കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവും. കൊച്ചിയിൽ പത്ത് ദിവസമായി നാളികേരോൽപ്പന്നങ്ങളുടെ വില സ്റ്റെഡിയാണ്. വെളിച്ചെണ്ണ 14,500 ലും കൊപ്ര 9760 രൂപയിലുമാണ്. 


റബർ വിലയിൽ വ്യതിയാനമില്ല. ടയർ നിർമ്മാതാക്കൾ ആർ എസ് എസ് നാലാം ഗ്രേഡ് 11,750 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 11,000-11,500 രൂപയ്ക്കും ശേഖരിച്ചു. പല ഭാഗങ്ങളിലും ടാപ്പിങ് തുടങ്ങിയെങ്കിലും കൊച്ചി, കോട്ടയം വിപണികളിൽ വരവ് കുറവാണ്. 
സ്വർണം ഒരിക്കൽ കൂടി തിളങ്ങി. റെക്കോർഡ് പ്രകടനത്തിലൂടെ ആഭരണ കേന്ദ്രങ്ങളിൽ പവൻ 35,520 ൽനിന്ന് സർവകാല റെക്കോർഡായ 35,920 രൂപയായി. ഗ്രാമിന് വില 4490 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1743 ഡോളറിൽ നിന്ന് 1773 ലേയ്ക്ക് ഉയർന്നു. ക്ലോസിങിൽ നിരക്ക് 1770 ഡോളറാണ്. 

Latest News