തൃശൂര്‍-ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. ഓണ്‍ലൈന്‍ ക്ലാസിനും മറ്റും വീടുകളില്‍ ടി.വിയില്ലാത്തവര്ക്കായി അഞ്ചു ടി.വി വാങ്ങി നല്‍കാനാണ് മഞ്ജു തയ്യാറായത്.
കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴിയാക്കിയിരുന്നു. എന്നാല്‍ ടി.വിയില്ലാത്തവര്ക്ക് ടി.വി എത്തിക്കുന്നതിനാണ് ഡി.വൈ.എഫ്.ഐ ടിവി ചലഞ്ച് ആരംഭിച്ചത്. ടിവി ചലഞ്ച് ആരംഭിച്ചതിന് പിന്നാലെ ആദ്യ മണിക്കൂറുകളില്‍ നിരവധി ഫോണ്‍ കോളുകള്‍ എത്തിയതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം പറഞ്ഞു. ഡിവൈഎഫ്ഐ സ്റ്റേറ്റ് കാള്‍സെന്ററിലേയ്ക്ക് നേരിട്ട് വിളിച്ച് അഞ്ച് ടിവികള്‍ നല്കാന് മഞ്ജു സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും റഹീം ഫേസ്ബുക്കിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് ഒട്ടാകെ ടി.വിയോ മൊബൈല്‍ ഫോണോ ലഭ്യമല്ലാത്ത രണ്ടര ലക്ഷത്തില്‍ അധികം പേരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 9ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.
കേടായ ടി.വി നന്നാക്കാന്‍ സാധിക്കാത്തതിനാലും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാലും കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ വിഷമം കുട്ടി പറഞ്ഞിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. നന്നായി പഠിക്കുമായിരുന്ന കുട്ടിക്ക് വിദ്യാഭ്യാസം തടസപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.