കൊച്ചി- ദിലീപ് നായകനായ രാമലീല സിനിമക്ക് പിന്തുണയുമായി മഞ്ജുവാര്യര്‍. വ്യക്തിപരമായ എതിര്‍പ്പും വിയോജിപ്പും പ്രകടിപ്പിക്കേണ്ടത് സിനിമയോടല്ലെന്നും ഒരു സിനിമയും ഒരാളുടേത് മാ്ത്രമല്ലെന്നും മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്.
സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. 'രാമലീല', ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ...കാഴ്ചയുടെ നീതി പുലരട്ടെയെന്നും മഞ്ജു പറഞ്ഞു.
മഞ്ജുവിന്റെ നേതൃത്വത്തിലുള്ള വിമണ്‍ കലക്ടീവ് എന്ന വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ദിലീപിന്റെ സിനിമക്കെതിരെ രംഗത്തുവന്നിരുന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗില്‍ പീഡിപ്പിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് വിമണ്‍ കലക്ടീവ് രംഗത്തെത്തിയിരുന്നത്. ഇതിന്റെ ചുവടു പിടിച്ച് നിരവധി പേര്‍ രാമലീല ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി രംഗത്തെത്തി. ഈ മാസം 27നാണ് രാമലീല റിലീസാകുന്നത്. ഇതിനോടൊപ്പം മഞ്ജു നായികയാകുന്ന ഉദാഹരണം സുജാത എന്ന സിനിമയും റിലീസ് ചെയ്യും.