Sorry, you need to enable JavaScript to visit this website.

നായകനാവാന്‍ പോന്ന സൗന്ദര്യം അന്നും ഇന്നും തനിക്കില്ലെന്ന് മോഹന്‍ലാല്‍

പെരുമ്പാവൂര്‍-ലോകം മുഴുവനും ആശംസകള്‍ അറിയിച്ച് മോഹന്‍ലാലിന്റെ അറുപതാം ജന്‍മദിനം ആഘോഷമാക്കുകയാണ്. ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്.
കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തില്‍ നിന്നു വന്ന താന്‍ എങ്ങനെയാണ് സിനിമ എന്ന മായാപ്രപഞ്ചത്തില്‍ അകപ്പെട്ടതെന്ന് മോഹന്‍ലാല്‍ പറയുന്നു
മോഹന്‍ലാലിന്റെ ബ്ലോഗ്:
ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഞാനും ഒരു വഴിത്തിരിവില്‍ വന്ന് നില്‍ക്കുകയാണ്. ഇന്ന് മെയ് 21. എന്റെ ജീവിതത്തില്‍ എനിക്ക് ഒരു വയസ്സ് കൂടി കൂടുന്നു. എനിക്ക് അറുപത് വയസ്സ് തികയുന്നു. ലോകത്തിന്റെയും എന്റെയും വഴിത്തിരിവുകളിലെ ഈ വന്നുനില്‍പ്പ് ഒരേ സമയത്തായത് തികച്ചും യാദൃശ്ചികമാവാം. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ ഈ രൂപത്തില്‍ ഭാവത്തില്‍ ഇവിടെ വരെ എത്തിച്ചത്.
കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തില്‍ നിന്നു വരുന്ന ആ ആറാംക്ലാസ്സുകാരന്‍. അവന്‍ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മധ്യത്തിലേക്ക് പിടിച്ചു നിര്‍ത്തിയത്. വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുന്‍പേ സഞ്ചരിച്ച ഒന്നായിരുന്നു എന്ന് മാത്രം ഇന്ന് ഞാന്‍ ഓര്‍ക്കുന്നു. കമ്പ്യൂട്ടറിനെക്കുറിച്ച് അധികം കേട്ടുകേള്‍വി പോലും ഇല്ലാത്ത ഇല്ലാത്ത ഒരു കാലത്ത് കമ്പ്യൂട്ടറിനെക്കുറിച്ച് എഴുതിയ ഒരു നാടകം..
അപ്പോഴും അഭിനയം എന്റെ ഒരു പാഷനേ അല്ലായിരുന്നു. എന്റെ വഴി ഇതാണ് എന്ന ബോധ്യവും ഇല്ലായിരുന്നു. പിന്നീട് തിരനോട്ടം എന്ന സിനിമയില്‍ അഭിനയിച്ചു. എല്ലാത്തിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നില്‍നിന്ന് ഭാവങ്ങള്‍ ആവശ്യപ്പെട്ടത്. യാതൊരു പരിശീലനവുമില്ലാത്ത ഞാന്‍ എന്തൊക്കെയോ ചെയ്തു. അത് ഇങ്ങനെയൊക്കെ ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് നവോദയ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എന്റെ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചതു പോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാന്‍ അഭിനയിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു. നായകനൊന്നുമല്ലായിരുന്നു. വില്ലനായിരുന്നു. നായകനാവാന്‍ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു (അന്നും ഇന്നും). എന്തായാലും ആ വില്ലന്‍ നരേന്ദ്രനെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാന്‍ സിനിമയുടെ മായാപ്രപഞ്ചത്തില്‍ അകപ്പെട്ടു. ചുറ്റുമിരുന്ന് ആളുകള്‍ നോക്കിക്കൊണ്ടേയിരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യുകയല്ലാതെ വഴിയില്ലായിരുന്നു.
 

Latest News