മുംബൈ-വാട്‌സാപ് ഫോര്‍വേഡ് മെസേജ് ട്വീറ്റ് ചെയ്ത് ട്രോളുകളില്‍ നിറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. എല്ലാവര്‍ക്കും പിറന്നാള്‍ ആശംസകളെന്ന് പറഞ്ഞ് തുടങ്ങുന്ന ട്വീറ്റില്‍ ഒരു കണക്കാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നിങ്ങളുടെ പ്രായവും ജനിച്ച വര്‍ഷവും കൂട്ടിയാല്‍ ഉത്തരമായി എല്ലാവര്‍ക്കും ഇപ്പോഴത്തെ വര്‍ഷം (2020) കിട്ടുമെന്നും ഇത് ആയിരം വര്‍ഷം കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണെന്നുമാണ് അമിതാഭ് ബച്ചന്റെ ട്വീറ്റ്. ഒപ്പം തന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ 'കണ്ടെത്തലി'നെ ചോദ്യം ചെയ്യുന്ന പ്രതികരണങ്ങളാണ് അദ്ദേഹത്തിന് കൂടുതലും ലഭിച്ചത്. ഈ പറഞ്ഞതിന് ആയിരം വര്‍ഷം കാത്തിരിക്കേണ്ടതില്ലെന്നും വയസ്സും ജനിച്ച വര്‍ഷവും ഏത് വര്‍ഷം കൂട്ടിനോക്കിയാലും ആ വര്‍ഷം തന്നെ ഉത്തരമായി ലഭിക്കുമെന്നാണ് അനേകം പേര്‍ പ്രതികരിച്ചിരിക്കുന്നത്. ദയവായി 2019ലേക്ക് മടങ്ങിപ്പോയി ഈ കണക്ക് കൂട്ടിനോക്കാനാണ് പല ഉപയോക്താക്കളും ബിഗ് ബിയെ ഉപദേശിക്കുന്നത്. അതേസമയം ഇത്രയും മുതിര്‍ന്ന, ബഹുമാനിക്കപ്പെടുന്ന ഒരാളെ ട്രോള്‍ ചെയ്യരുതെന്നും അദ്ദേഹം ഉദ്ദേശിച്ചത് സര്‍ക്കാസം ആയിരിക്കാമെന്നുമൊക്കെ മറ്റൊരു വിഭാഗം അദ്ദേഹത്തെ ന്യായീകരിക്കുന്നുമുണ്ട്.