Sorry, you need to enable JavaScript to visit this website.

രഞ്ജിത്തിന്റെ പകർന്നാട്ടം

പൃഥ്വിരാജിനൊപ്പം രഞ്ജിത്.

കുര്യൻ ജോണിനെ ആർക്കു മറക്കാനാവും? സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ചങ്കൂറ്റവും കരളുറപ്പുമുള്ള കട്ടപ്പനക്കാരൻ നസ്രാണിയെ ആർക്കും അത്രപെട്ടെന്ന് മറക്കാനാവില്ല. പട്ടാളക്കാരനായ മകൻ കോശി കുര്യന് അട്ടപ്പാടിയിലെ പോലീസ് ഇൻസ്‌പെക്ടറായ അയ്യപ്പൻ നായരോടുള്ള പക തീർക്കാൻ തന്റേതായ ശൈലിയിൽ പ്രതികരിക്കുകയാണ് ഈ പിതാവ്. തനിക്കു മീതെ ഒരു പരുന്തും പറക്കരുതെന്ന ദുർവാശിയുള്ള ഒരു കാരണവർ കൂടിയാണ് കുര്യൻ ജോൺ.
തിരക്കഥാകൃത്തും സംവിധായകനും നിർമാതാവുമെല്ലാമായി ക്യാമറയ്ക്കു പിന്നിൽ സജീവസാന്നിധ്യമായിരുന്ന രഞ്ജിത്ത് ക്യാമറയ്ക്കു മുന്നിലുള്ള പകർന്നാട്ടം ശരിക്കും ആഘോഷിക്കുകയാണ്. സംവിധായകനിൽനിന്നും നടനിലേയ്ക്കുള്ള ദൂരം മലയാളിക്ക് കാണിച്ചുകൊടുത്തുകൊണ്ട്. പൃഥ്വിരാജിനും ബിജു മേനോനുമൊപ്പം അതേ നിലവാരം പുലർത്തുന്ന കഥാപാത്രമായി ഉയർന്നുകഴിഞ്ഞിരിക്കുന്നു ഈ കോഴിക്കോട്ടുകാരൻ.
തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ ബിരുദപഠനം കഴിഞ്ഞ് ദൂരദർശനിലെ ടെലിവിഷൻ പരിപാടികൾക്ക് തിരക്കഥയൊരുക്കിക്കൊണ്ടായിരുന്നു രഞ്ജിത്ത് കലാരംഗത്തേയ്ക്ക് ചുവടുവച്ചത്. വി.ആർ. ഗോപിനാഥ് സംവിധാനം ചെയ്ത 'ഒരു മെയ്മാസ പുലരിയിൽ' എന്ന ചിത്രത്തിന് തിരക്കഥയെഴുതി സിനിമാരംഗത്തേയ്ക്കു കടന്നുവന്നത്. തുടർന്ന് കമൽ സംവിധാനം ചെയ്ത 'ഓർക്കാപ്പുറത്ത്' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. മോഹൻലാൽ നായകനായ ഈ ചിത്രത്തിന്റെ വിജയമാണ് രഞ്ജിത്തിനെ സിനിമാരംഗത്ത് നിലയുറപ്പിച്ചത്. തുടർന്ന് ചെറിയ ബജറ്റിലുള്ള ഒട്ടേറെ ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചു.


80 കളിലും 90 കളിലുമെല്ലാം തിരക്കുള്ള തിരക്കഥാകൃത്തായി മാറുകയായിരുന്നു രഞ്ജിത്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ, പൂക്കാലം വരവായി, വിറ്റ്‌നസ്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, കാലാൾപ്പട എന്നിവ അക്കൂട്ടത്തിലുണ്ട്. ഐ.വി. ശശി സംവിധാനം ചെയ്ത നീലഗിരിയും ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കറും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയവയായിരുന്നു. മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതം ആധാരമാക്കിയൊരുക്കിയ ദേവാസുരമാണ് രഞ്ജിത്തിന്റെ തുലികയിലൂടെ പിറവികൊണ്ട സൂപ്പർഹിറ്റ്. മംഗലശ്ശേരി നീലകണ്ഠനായി വേഷമിട്ട മോഹൻലാലിന്റെ കരിയർഗ്രാഫ് തിരുത്തിക്കുറിച്ച ഈ ചിത്രം ഐ.വി. ശശിയായിരുന്നു സംവിധാനം നിർവഹിച്ചത്. തുടർന്നുവന്ന മായാമയൂരം വേണ്ടത്ര വിജയം നേടിയില്ല. എന്നാൽ യാദവം, രുദ്രാക്ഷം, രജപുത്രൻ തുടങ്ങിയ സുരേഷ്‌ഗോപി ചിത്രങ്ങൾ വിജയംകണ്ടു. മോഹൻലാലിന്റെ ആറാം തമ്പുരാൻ ഗംഭീര വിജയമായി. സമ്മർ ഇൻ ബത്‌ലഹേം, ഉസ്താദ്, വല്യേട്ടൻ, നരസിംഹം എന്നിവയും മികച്ച വിജയം നേടി.
എഴുത്തിന്റെ പാതയിൽനിന്നും സംവിധായകത്തൊപ്പിയണിഞ്ഞ രഞ്ജിത്തിനെയാണ് പിന്നീട് കണ്ടത്. ദേവാസുരത്തിന്റെ തുടർച്ചയായ രാവണപ്രഭുവിലൂടെ സംവിധായകനായി. അച്ഛനും മകനുമായി മോഹൻലാൽ ഗംഭീരപ്രകടനം കാഴ്ചവച്ച ചിത്രം സൂപ്പർ ഹിറ്റുമായി. തുടർന്ന് നന്ദനം, മിഴിരണ്ടിലും, ബ്ലാക്ക്, ചന്ദ്രോത്സവം, പ്രജാപതി, കയ്യൊപ്പ്, നസ്രാണി, റോക്ക് ആന്റ് റോൾ, തിരക്കഥ, പാലേരി മാണിക്യം, കേരള കഫേ, പെൺപട്ടണം, പ്രാഞ്ചിയേട്ടൻ, ഇന്ത്യൻ റുപ്പി, സ്പിരിറ്റ്, ബാവുട്ടിയുടെ നാമത്തിൽ, കടൽ കടന്നൊരു മാത്തുക്കുട്ടി, ഞാൻ, ലോഹം, ലീല, പുത്തൻപണം, ഡ്രാമ... തുടങ്ങി വിജയവും പരാജയവും ഏറ്റുവാങ്ങിയ ഒട്ടേറെ ചിത്രങ്ങൾ.


ഇതിനിടയിലും ഒരു അഭിനേതാവിന്റെയും വേഷപ്പകർച്ച അദ്ദേഹത്തിൽ കാണാമായിരുന്നു. കഥയും തിരക്കഥയുമൊരുക്കിയ തിരക്കഥയിലൂടെയായിരുന്നു തുടക്കം. തുടർന്ന് ഗുൽമോഹറിലും ബെസ്റ്റ് ആക്ടറിലും ജവാൻ ഓഫ് വെള്ളിമലയിലും അന്നയും റസൂലിലുമെല്ലാം ചെറിയ വേഷങ്ങളിൽ ക്യാമറയ്ക്കു മുന്നിലെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലെ അലോഷിയുടെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയിൽ മമ്മൂട്ടിയോടൊപ്പം പോലീസുകാരനായി വേഷമിട്ടശേഷമാണ് അയ്യപ്പനും കോശിയിലുമെത്തുന്നത്.
'ചിത്രത്തിലെ കുര്യൻ എന്ന കഥാപാത്രത്തിനായി മറ്റൊരു നടനെയാണ് കണ്ടെത്തിയിരുന്നത്. എന്നാൽ ആ നടന്റെ അസൗകര്യം കാരണം പകരക്കാരനായാണ് ഞാനെത്തിയത്. നിർമാതാവാകുന്ന ചിത്രം അഭിനയിച്ച് മോശമാക്കണോ എന്ന് സംവിധായകനോട് ചോദിച്ചിരുന്നു. എന്നാൽ ഞാൻ തന്നെ ആ വേഷം അഭിനയിക്കണമെന്ന് സച്ചിക്ക് നിർബന്ധമായിരുന്നു.' സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്നും അഭിനയം പഠിച്ചിറങ്ങിയ തനിക്ക് അഭിനയം പുതിയ അനുഭവമല്ലെന്ന് തെളിയിക്കുക കൂടിയായിരുന്നു രഞ്ജിത്ത്.
'എന്നാൽ അഭിനയത്തേക്കാളും സംവിധാനത്തേക്കാളും എനിക്കിഷ്ടം എഴുത്താണ്. ക്രിയേറ്റീവായ ജോലിയാണ് എഴുത്ത്. അവിടെ നാം തനിച്ചാണ്. എഴുത്തിനെ പ്രണയിച്ച് അതിന്റെ ഏകാന്തതയും ഒറ്റപ്പെടലുമെല്ലാം അനുഭവിക്കുന്നതിന് ഒരു പ്രത്യേക സുഖമുണ്ട്. എഴുത്തിന് ഒരു ഭ്രാന്തമായ അവസ്ഥയുണ്ട്. എഴുതിത്തീരുമ്പോഴേ നമ്മൾ സ്വതന്ത്രമാവുകയുള്ളു.' -രഞ്ജിത്ത് പറയുന്നു.
'കൂടെ'യ്ക്കുശേഷം ഞാനും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. ഞാൻതന്നെയാണ് നന്ദനത്തിലൂടെ പൃഥ്വിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 
ഇന്ന് തിരക്കേറിയ നടനും സംവിധായകനുമെല്ലാമാണ് പൃഥ്വി. ഒരു മകന്റെ വളർച്ചയിൽ അച്ഛൻ അഭിമാനിക്കുന്നതുപോലെ വളരെ അസൂയയോടെയാണ് ഞാനത് നോക്കിക്കാണുന്നത്. ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിർത്തിയപ്പോൾ പൃഥ്വി അഭിനയം തുടരുമോ എന്നൊന്നും അറിയുമായിരുന്നില്ല. കാരണം നന്ദനം കഴിഞ്ഞാൽ പഠനത്തിനായി വിദേശത്തേയ്ക്ക് പോകാൻ തയാറെടുത്തിരിക്കുകയായിരുന്നു. എന്നാൽ നന്ദനത്തിന്റെ വിജയം അവനെ ഇവിടെ നിലനിർത്തി. അത് മലയാള സിനിമയുടെ ഭാഗ്യവുമായി. 
രഞ്ജിത് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'അയ്യപ്പനും കോശിയും'. വേണുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ മുന്നറിയിപ്പും ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കിയ 'ഞാൻ' എന്ന ചിത്രവുമാണ് മുമ്പ് നിർമിച്ചത്.
പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ഞാൻ തന്നെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പൃഥ്വിരാജ് തന്നെയാണ് നായകൻ. അനൂപ് മേനോൻ സംവിധാനവും അഭിനയവും കാഴ്ചവയ്ക്കുന്ന 'കിംഗ്ഫിഷ്' എന്ന ചിത്രത്തിൽ നല്ലൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന ദശരഥവർമ്മയ്ക്കാണ് ഭാവം നൽകുന്നത്. കൂടാതെ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വൺ' എന്ന ചിത്രത്തിലും വേഷമിടുന്നുണ്ട്. കേരള മുഖ്യമന്ത്രിയായ കടയ്ക്കൽ ചന്ദ്രനായാണ് മമ്മൂക്ക ഈ ചിത്രത്തിലെത്തുന്നത്. മനസ്സിനിണങ്ങിയ വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ അഭിനയരംഗത്തും ഒരുകൈ നോക്കാൻ മടിയില്ല.' -രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Latest News