ന്യൂദല്‍ഹി- കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഭീമന്‍ റിലയന്‍സ് ഇന്റസ്ട്രീസിനും വന്‍ തിരിച്ചടി നേരിട്ടതായി സൂചന. ഇതേതുടര്‍ന്ന് ജീവനക്കാര്‍ക്ക് പത്ത് മുതല്‍ അമ്പത് ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചതായി കമ്പനി അറിയിച്ചു. ഓയില്‍-ഗ്യാസ് ബിസിനസ് മേഖലയിലെ ജീവനക്കാരുടെ ശമ്പളമാണ് വെട്ടിക്കുറക്കുന്നത്. കൂടാതെ റിലയന്‍സ് മേധാവി മുകേഷ് അംബാനി തന്റെ ശമ്പളം പൂര്‍ണമായും വേണ്ടെന്ന് വെച്ചിട്ടുണ്ട്. പ്രതിവര്‍ഷ വരുമാനം പതിനഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് പത്ത് ശതമാനവും സീനിയര്‍ എക്‌സിക്യൂട്ടിവ് ജീവനക്കാര്‍ക്ക് മുപ്പത് മുതല്‍ അമ്പത് ശതമാനവുമാണ് ശമ്പളം വെട്ടിക്കുറച്ചിരിക്കുന്നത്.
കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് റിലയന്‍സിന്റെ ഹൈഡ്രോകാര്‍ബണ്‍ ബിസിനസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പെട്രോകെമിക്കല്‍സിനും റിഫൈന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കും കുത്തനെയാണ് ഡിമാന്റ് ഇടിഞ്ഞത്. ഇതേതുടര്‍ന്നാണ് ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരെ കമ്പനിയുടെ വിവിധ വിഭാഗങ്ങളുടെ മേധാവികള്‍ കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുകേഷ് അംബാനി അദ്ദേഹത്തിന്റെ 15 കോടി രൂപയാണ് ശമ്പളം ഇനത്തില്‍ വേണ്ടെന്ന് വെച്ചിരിക്കുന്നതെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.