മരുഭൂമിയെ മലർവാടിയാക്കി പ്രവാസി സംരംഭകൻ ശ്രദ്ധേയനാകുന്നു. പ്രമുഖ സംരംഭകരും ജീവകാരുണ്യ പ്രവർത്തകരുമായ ഡോ. അബ്ദുറഹിമാൻ കരിഞ്ചോലയാണ് താൻ താമസിക്കുന്ന വില്ലക്ക് ചുറ്റും വൈവിധ്യമാർന്ന പച്ചക്കറികളും ഇലകളും പഴങ്ങളും കൃഷി ചെയ്ത് മനസ്സുവെച്ചാൽ ആർക്കും മരുഭൂമിയെ മലർവാടിയാക്കാമെന്ന് തെളിയിക്കുന്നത്. ഒരു നല്ല സംരംഭകൻ എന്നും പ്രകൃതിയോട് സംവദിക്കുന്നവനും പ്രകൃതിയുടെ ധന്യമായ ഊർജം ആവാഹിക്കുന്നവനുമാണെന്നാണ് അദ്ദേഹം കരുതുന്നത്. നിത്യവും കുറച്ച് സമയം തന്റെ ചെടികളോടും പൂക്കളോടും കിന്നാരം പറഞ്ഞും അവയെ താലോലിച്ചും കഴിയുമ്പോഴുണ്ടാകുന്ന സുഖം അവാച്യമാണ്.
സഹധർമിണി ഷറീനയും ബന്ധു സുഹറ മജീദുമാണ് കൃഷിയുടെ പിന്നിലെ യഥാർത്ഥ ശക്തിയെങ്കിലും ബിസിനസിന്റെ ഏത് തിരക്കുകൾക്കിടയിലും വിളഞ്ഞുനിൽക്കുന്ന പച്ചക്കറികളും പഴങ്ങളുമൊക്കെ കണ്ടുണരുവാൻ കഴിയുകയെന്നത് മഹാ ഭാഗ്യമാണ്. വരണ്ട പ്രവാസ ജീവിതത്തിനിടയിലും പ്രകൃതിയുടെ വരദാനങ്ങളെ താലോലിക്കുകയും അവയെ പരിചരിക്കുകയും ചെയ്യുന്നതിലൂടെ ജീവിതത്തിലും കാഴ്ചപ്പാടിലുമൊക്കെ വലിയ പാഠങ്ങളാണ് ലഭിക്കുക. കൊറോണ കാരണം തിരക്കുകളൊഴിഞ്ഞപ്പോൾ മിക്കവാറും വീട്ടിലാണ്. ഈ സമയം കൂടുതലും ചെടികളെ പരിചരിക്കുവാനും ആസ്വദിക്കുവാനും ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം ജീവിതം ധന്യമാക്കുന്നത്.
പതിനാല് വർഷമായി അബ്ദുറഹിമാൻ കുടുംബ സമേതമാണ് ഖത്തറിൽ താമസിക്കുന്നത്. നാട്ടിൽ ഗാർഹിക തോട്ടമുണ്ടായിരുന്ന ഷറീന ഖത്തറിലെ ഒരു സൗഹൃദ സന്ദർശന വേളയിൽ സുഹൃത്തിന്റെ വീട്ടിൽ വിളഞ്ഞുനിൽക്കുന്ന പച്ചക്കറികൾ കണ്ടാണ് ഈ രംഗത്തേക്ക് തിരിഞ്ഞത്.ചെറിയ തോതിൽ താമസ സ്ഥലത്ത് കൃഷിയാരംഭിച്ചു. ചെറിയ കീസുകളിലും മറ്റും മണ്ണ് നിറച്ചാണ് കൃഷി തുടങ്ങിയത്. വിസ്മയകരമായ വിളവും ചെടികളുടെ വളർച്ചയുമൊക്കെ വല്ലാത്ത സന്തോഷം നൽകി. കൂടുതൽ പച്ചക്കറികളും ഇലകളും പൂക്കളുമൊക്കെ സംഘടിപ്പിച്ച് കൃഷി ചെയ്യുവാനുള്ള ആവേശം നാൾക്കുനാൾ വർധിച്ചു. നാട്ടിൽ നിന്നും വരുമ്പോഴും ഓരോ സീസണുകളിലേക്കും പറ്റിയ വിത്തുകളും ചെടികളും ഷറീന പ്രത്യേകം കൊണ്ടുവരുമായിരുന്നു. നല്ല ചെടികളൊക്കെ വാങ്ങിക്കൊടുത്താണ് അബ്ദുറഹിമാൻ ഈ സംരംഭത്തിന്റെ പ്രായോജകനായത്. തുടക്കത്തിൽ മല്ലിച്ചപ്പ്, പൊതീന, തക്കാളി, പച്ചമുളക്, വിവിധ തരം ചീരകൾ എന്നിവയാണ് കൃഷി ചെയ്തിരുന്നത്. വീട്ടിന് ചുറ്റും പച്ചപ്പ് പരക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു തുടങ്ങിയതോടെ അബ്ദുറഹിമാനും ഗാർഹിക തോട്ടത്തോടുള്ള ഹരം കൂടുകയായിരുന്നു. അത്യാവശ്യമായ പച്ചക്കറികൾക്കു പോലും അന്യ സംസ്ഥാനങ്ങളൈ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃകയാണ് ഈ പ്രവാസി സംരംഭകൻ മരുഭൂമിയിൽ സൃഷ്ടിക്കുന്നത്.
നാട്ടിൽ നിന്നും മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇവിടെ വരുന്ന സന്ദർഭങ്ങളിൽ ഈ ഗാർഹിക തോട്ടം അവർക്കൊക്കെ വലിയ അദ്ഭുതമാണ്. അവർ നൽകുന്ന പ്രോൽസാഹനം തങ്ങളെ കൂടുതൽ കൃഷിയിലേക്കിറങ്ങാൻ പ്രേരിപ്പിക്കാറുണ്ടെന്ന് ഷറീന പറഞ്ഞു.
അബ്ദുറഹിമാനും ഷറീനയും ചെയ്തുവന്ന ഗാർഹിക തോട്ടം വിപുലമായ കൃഷിയിടമായി മാറിയത് അബ്ദുറഹിമാന്റെ ബന്ധുവായ സുഹറയും മജീദും തങ്ങളുടെ വില്ലയോട് ചേർന്ന ഔട്ട് ഹൗസിൽ താമസം തുടങ്ങിയതോടെയാണെന്നും സുഹറയുടെ അടങ്ങാത്ത ആവേശവും കഠിനാധ്വാനവുമാണ് ഇന്ന് കാണുന്ന രീതിയിൽ കൃഷി വികസിക്കുവാനും പടർന്ന് പന്തലിക്കുവാനും കാരണമായതെന്നും അബ്ദുറഹിമാനും ഷറീനയും അടിവരയിടുന്നു. കാൽ നൂറ്റാണ്ടിലേറെ കാലമായി ഖത്തറിലുള്ള സുഹറക്ക് കൃഷിയെക്കുറിച്ചും ഖത്തറിന്റെ ജൈവാവസ്ഥയെക്കുറിച്ചുമൊക്കെ നല്ല ധാരണയുണ്ട്. ഏതൊക്കെ വിഭവങ്ങളാണ് ഓരോ സീസണിലിറക്കേണ്ടതെന്നും അവക്ക് ആവശ്യമായ പരിചരണമെന്തൊക്കെയാണെന്നും സുഹറക്ക് അറിയാം. ഖത്തറിലെ ഗാർഹിക തോട്ടക്കാരുടെ കൂട്ടായ്മയായ അടുക്കളത്തോട്ടത്തിന്റെ മികച്ച പ്രകടനത്തിന് അവാർഡ് നേടിയ സുഹറയാണ് കൃഷിയിലെ പുതിയ സംരംഭങ്ങൾക്കൊക്കെ നേതൃത്വം കൊടുക്കുന്നത്. സുഹറയും ഭർത്താവ് അബ്ദുൽ മജീദും മകൻ ഷാഹിറും കൃഷിയിൽ സഹായവും പിന്തുണയും ഉറപ്പാക്കിയതോടെ ഒരു പക്ഷേ കേരളത്തിൽ പോലും സാധ്യമാവാത്ത മനോഹരമായ കൃഷിയിടമാണ് സുഹറ ദോഹയിൽ ഒരുക്കിയിരിക്കുന്നത്. മുന്തിരിയും ഓറഞ്ചും റുമ്മാനുമൊക്കെ തോട്ടത്തിൽ വിളഞ്ഞു നിൽക്കുന്നത് ആർക്കും കണ്ണിനും കരളിനും കുളിരേകുന്ന കാഴ്ചയാണ്.
മുരിങ്ങ, കറിവേപ്പില, കോവയ്ക്ക, വിവിധ നിറങ്ങളിലുള്ള കാപ്‌സികം, വിവിധ തരം മുളകുകൾ, വഴുതന, തക്കാളി, പൊതീന, മല്ലിച്ചപ്പ്, തുളസി, നാടൻ കക്കിരി, വെള്ളരി, മണിത്തക്കാളി, ചീരകൾ, ഉള്ളിത്തണ്ട്, കാരറ്റ്, ബീറ്റ് റൂട്ട്, ലെട്ടൂസ്, കാബേജ്, കോളി ഫൽവർ, ഇഞ്ചി, വിവിധ ഇനം പയറുകൾ, കുമ്പളങ്ങ, മത്തങ്ങ, കൈപ്പ, വെണ്ട, കപ്പ, ചേമ്പ്, ചേന, കൂർക്ക, മാവ്, പൽവ്, പുളി, തെങ്ങ്, പപ്പായ, നേന്ത്രവാഴ, മൾബറി, ചാമ്പക്ക, സപ്പോട്ട, റമ്പുട്ടാൻ, കൈതച്ചക്ക, ചെറുനാരങ്ങ, കരിമ്പ്, കൂസ, നിലക്കടല, കടുക്, കറ്റാർ വാഴ, ഷമ്മാം തുടങ്ങി നൂറിലേറെ വിഭവങ്ങളാണ് ഈ കൊച്ചുഗാർഹിക തോട്ടത്തിൽ വിളയുന്നത് എന്നറിയുമ്പോൾ നാം അദ്ഭുതപ്പെടും.
ഖത്തറിലെ ഒമാനി സൂഖിൽ നിന്നുമാണ് ഡോ. അബ്ദുറഹിമാൻ മുന്തിരിവള്ളിയും ഓറഞ്ച്, റുമാൻ ചെടികളും കൊണ്ടുവന്നത്. ഒരു പക്ഷേ മിക്ക കൃഷിയിടങ്ങളിലും ഇല്ലാതിരുന്ന ഇവ എത്തിയതോടെ കൃഷിയുടെ നിലവാരം തന്നെ മാറി. വില്ലക്ക് ചുറ്റും മുന്തിരിവള്ളികൾ വിളഞ്ഞുനിൽക്കുന്നതും ഓറഞ്ചും റുമ്മാനും പഴുത്ത് പാകമായതുമൊക്കെ കാണാനും ആസ്വദിക്കുവാനും ധാരാളം ആളുകൾ എത്തുവാൻ തുടങ്ങിയതോടെ സുഹറയുടെയും ഷറീനയുടെയും ആവേശമേറി. കുടുംബങ്ങളുടെയും മക്കളുടെയും പിന്തുണ കൂടിവന്നതോടെ ഗാർഹിക തോട്ടം വലുതായി.
കഴിഞ്ഞ നാല് വർഷമായി ഇവിടെ മുന്തിരിയും ഓറഞ്ചും റുമ്മാനും വിളയുന്നുണ്ട്. വേനലിലും ശൈത്യത്തിന് മുമ്പേയും രണ്ട് തവണ കായ്ക്കും. ഒരു മുന്തിരിവളളിയിൽ നിന്നും എൺപതോളം കുലകളാണ് ഓരോ തവണയും ലഭിക്കുക. രണ്ട് തവണയും നന്നായി വെള്ളമൊഴിക്കണമെന്ന് മാത്രം. വേണമെന്ന് വെച്ചാൽ ഗൾഫിൽ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളൊരുക്കുക അത്ര പ്രയാസകരമല്ല എന്നാണ് സുഹറ പറയുന്നത്.
കൃഷിക്ക് ഏറ്റവും പ്രധാനം വെള്ളവും വളവുമാണ്. ജൈവ വളങ്ങൾ മാത്രമാണ് ഞങ്ങൾ ഉപയോഗിക്കുന്നതെന്നാണ് സുഹറയും ഷറീനയും പറയുന്നത്. കഞ്ഞി വള്ളവും പച്ചക്കറി, മൽസ്യ മാംസാദികളുടെ വേസ്റ്റും ചെടികൾക്കും ചുറ്റും കുഴിച്ചിട്ടാണ് പ്രകൃതിപരമായ ജൈവവളം ലഭ്യമാക്കുന്നത്. സുഹറയാണ് കൃഷിക്കായി കൂടുതൽ സമയം ചെലവഴിക്കുന്നത്. സമയം കിട്ടുമ്പോഴൊക്കെ ഷറീനയും സജീവമാകും.
കേരളത്തിന്റെ പാരമ്പര്യമായ തെങ്ങും കവുങ്ങും മാവും പൽവുമൊക്കെ വളർന്നുതുടങ്ങിയതോടെ കൃഷി വീടിന് തണലേകാനും സഹായിക്കുന്നു. ഇവയൊക്കെ കണി കണ്ടുണരുന്നത് തന്നെ വലിയ ഭാഗ്യമാണ്. അവയിൽ നിന്നും വരുന്ന കുളിർകാറ്റും തഴുകലുമൊക്കെ ഏത് കഠിനമായ ചൂടിനും ശമനം നൽകുമെന്നാണ് അനുഭവം.
ചെടികളെയൊക്കെ ഏറെ താലോലിക്കുന്ന സുഹറ ഒരു കലാകാരി കൂടിയാണ്. അതിനാൽ ഓരോ പ്രാവശ്യം വിളവെടുപ്പ് കഴിഞ്ഞാലും വിഭവത്തിലെ കലാപരമായ ഡിസൈനുകളിലാക്കി ആസ്വദിക്കൽ അവരുടെ ഹോബിയാണ്. അവ ഫോട്ടോയും വീഡിയോയുമൊക്കെ എടുത്ത് സൗഹൃദങ്ങളിൽ പങ്കുവെച്ചും വിഭവങ്ങൾ അവർക്കൊക്കെ സമ്മാനിച്ചുമാണ് സുഹറ സന്തോഷം കണ്ടെത്താറുള്ളത്.
പൂക്കളോടാണ് സുഹറക്ക് ഏറെ കമ്പം. വില്ലയുടെ ചുറ്റും സൗന്ദര്യവും സൗരഭ്യവും പരത്തുന്ന മനോഹരങ്ങളായ പൂക്കൾ പുഞ്ചിരി തൂകി നിൽക്കുന്നത് നിത്യവും അവരുടെ സ്‌നേഹ മസൃണമായ തലോടലും പരിചരണവുമേൽക്കുന്നതുകൊണ്ടാണ്.
ഡോ. അബ്ദുറഹിമാനും ഷറീനയും സുഹറയും മജീദുമൊക്കെ ഗാർഹിക തോട്ടത്തിലൂടെ മരുഭൂമിയുടെ ഊഷരതയിലും ഹരിതക വിപ്ലവം സാധ്യമാക്കിയതോടെ തൊട്ടടുത്ത വില്ലയിൽ താമസിക്കുന്ന അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വി.വി. ഹംസയും കുടുംബവും കൃഷി തുടങ്ങിയെന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്. നന്മകൾ പ്രസരിപ്പിക്കുവാനും നല്ല ശീലങ്ങൾ പടർത്തുവാനും അയൽക്കാർക്ക് വേഗത്തിൽ സാധ്യമാകുമെന്നാണ് ഇവർ തെളിയിച്ചത്. ഡോ. ഹംസയുടെ വീട്ടിലും തക്കാളി, കാരറ്റ്, മുരിങ്ങ, മല്ലിച്ചപ്പ്, പൊതീന തുടങ്ങി നിരവധി വിഭവങ്ങളാണ് വിളയുന്നത്.
ഗൾഫിലെ മലയാളി സംരംഭകരുടെ കേവലം ഹോബി എന്നതിലപ്പുറം ഏറെ ശ്രദ്ധേയമായ ചില കാര്യങ്ങളും ഇത് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. പച്ചപ്പ് കൊണ്ട് അലങ്കരിച്ച ഈ ഭൂമിയിലെ ജീവിതം എന്തുമാത്രം മനോഹരമാണ്. മണ്ണും മനുഷ്യനും എന്നും ചങ്ങാതിമാരാണ്. ഒരേ മൂലകങ്ങളാൽ പടുത്തുയർത്തിയ പരിശുദ്ധമായ സൃഷ്ടികൾ. മനസ്സ് ശുദ്ധമായിടത്തെല്ലാം മണ്ണ് സുന്ദരമാണ്. പ്രകൃതി രമണീയമാണ്. മനസ്സ് മലിനപ്പെടുമ്പോൾ മണ്ണിലാണ് ദുർഗന്ധം വമിക്കുന്നത്. ദുര മൂത്ത മനുഷ്യന്റെ കൈകടത്തലുകളാൽ പ്രകൃതിയിൽ വിഷം നിറയുന്നു. പരിസ്ഥിതിയുടെ തകർച്ചയിൽ മഹാമാരികളും ദുരന്തങ്ങളും പെയ്തിറങ്ങുന്നു. നിസ്സാരനായ, നിസ്സഹായനായ മനുഷ്യൻ പരിഭ്രാന്തനാകുന്നു.
ദൈവത്തിന്റെ ഏറ്റവും ഉൽകൃഷ്ട സൃഷ്ടിയായ മനുഷ്യനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണ്. മണ്ണിന്റെയും വിണ്ണിന്റെയും സ്വഭാവങ്ങൾ സ്വാംശീകരിച്ചാണ് ഭൂമിയിലെ മനുഷ്യ വാസം സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിയുടെ താളവും ലയവും മനസ്സിന്റെ താളക്രമത്തെ സ്വാധീനിക്കുമെന്നതു മാത്രമല്ല ജീവിതവും സംസ്‌കാരവുമൊക്കെ തീരുമാനിക്കപ്പെടുന്നതും മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിനനുസരിച്ചാണ്. മനുഷ്യൻ മണ്ണിനോട് അകന്നപ്പോഴൊക്കെ അതിസങ്കീർണമായ സാംസ്‌കാരിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.
സമകാലിക ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ പച്ചപ്പ് പുതച്ച് അതിജീവിക്കുവാനും നമ്മുടെ ചുറ്റിലും മരങ്ങളും ചെടികളും പടർത്തി പരിസ്ഥിതിയെ അലങ്കരിക്കുവാനുമാണ് നാം ശ്രമിക്കേണ്ടത്. ആഗോള താപനവും പരിസ്ഥിതിയുടെ പച്ചപ്പ് നഷ്ടപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്ന ഓരോരുത്തരും ഓരോ ചെടികളെങ്കിലും നട്ടുവളർത്താൻ തയാറായാൽ വമ്പിച്ച മാറ്റമാണ് ഉണ്ടാവുക. ഗാർഹിക തോട്ടങ്ങളിലൂടെ വീടുകളിലേക്ക് ആവശ്യമായ പച്ചക്കറികൾ വിളയിച്ചെടുക്കുന്ന ധാരാളം കുടുംബങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിലുണ്ട്. ഇത്തരം സംരംഭങ്ങളെ പ്രോൽസാഹിപ്പിച്ചും പിന്തുണച്ചും നാമോരോരുത്തരും ഈ മുന്നേറ്റത്തിന്റെ ഭാഗമാകുമ്പോൾ നമ്മുടെ ജീവിത രീതിയിലും പരിസ്ഥിതി സംരക്ഷണത്തിലുമൊക്കെ വമ്പിച്ച മാറ്റമാണ് സംഭവിക്കുക.