കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന, ഇരു ജില്ലകളിലെയും അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന, ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ ഒരവികസിത പിന്നോക്ക പ്രദേശമായിരുന്ന കാക്കഞ്ചേരി ഇന്നു വികസനത്തിൽ മലപ്പുറം ജില്ലക്കു തന്നെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ അതിവേഗം വളരുന്ന പട്ടണമായി മലപ്പുറം മാറുമ്പോൾ ജില്ലയുടെ തിലകച്ചാർത്താണ് കിൻഫ്രാ പാർക്ക്. കോഴിക്കോട് സർവകലാശാലാ കാമ്പസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 70 ഏക്കർ സ്ഥലത്താണ് കേരളാ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപറേഷന്റെ (കിൻഫ്ര) ഉടമസ്ഥതയിലുളള ഫുഡ് പാർക്ക് പ്രവർത്തിച്ചു വരുന്നത്. നാഷണൽ ഹൈവേ 47 ന്റെ ഓരത്ത് അംബരചുംബികളായ കെട്ടിടങ്ങളാൽ തലയുയർത്തി നിൽക്കുന്ന ഈ സ്ഥാപനം ഇന്ന് വ്യവസായ കേരളത്തിന് തന്നെ അഭിമാനമാവുകയാണ്. ഇരു ജില്ലകളുടെയും അതിർത്തി പ്രദേശമായതിനാൽ വികസനം ഒരു തരത്തിലും എത്തിപ്പെടാതെ അവഗണിക്കപ്പെട്ട പ്രദേശമായിരുന്നു ഒരു കാലത്ത് കാക്കഞ്ചേരി.
ചേലേമ്പ്ര പഞ്ചായത്തിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന രണ്ട് വ്യവസായ ശാലകളായിരുന്നു കാലിക്കറ്റ് മോഡേൺ സ്പിന്നിംഗ് ആന്റ് വീവിംഗ് മിൽസും 1982 ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്ത സുന്ദർ വീറ്റ് ആന്റ് ഫേക്ലർ മിൽസും. ഒരു കാലത്ത് മലപ്പുറം ജിലക്ക് തന്നെ അഭിമാനമായിരുന്ന സ്പിന്നിംഗ് മിൽ തൊഴിൽ തർക്കത്തെ തുടർന്ന് അടച്ചു പൂട്ടിയപ്പോൾ പരിസര പ്രദേശം ആകെ ഇരുളിലാണ്ടു. മിൽ നിലനിന്നിരുന്ന നാഷണൽ ഹൈവേയിലെ 12 ാം മൈൽ സ്‌റ്റോപ്പ് സ്പിന്നിംഗ് മിൽ എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. മില്ലിലെ ഷിഫ്റ്റ് മാറുന്നതിനുസരിച്ചു അലാറം മുഴങ്ങുമ്പോഴായിരുന്നു ഒരു കാലത്ത് പ്രദേശവാസികൾ തങ്ങളുടെ ദിനചര്യകളുടെ സമയം ക്രമീകരിച്ചിരുന്നത്. എന്നാൽ കിൻഫ്രാ ഫുഡ് പാർക്ക് കാക്കഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചതോടു കൂടി പ്രദേശത്തിന്റെ മുഖഛായ തന്നെ മാറി. ഒരു കാലത്ത് വാഹനാപകടങ്ങൾക്കു കുപ്രസിദ്ധി നേടിയ പ്രദേശമായിരുന്നു നാഷണൽ ഹൈവേയിലെ കാക്കഞ്ചേരി വളവ്.
പാതയുടെ ഇരുഭാഗത്തും വളരെ ആഴത്തിലുളള താഴ്ന്ന പ്രദേശമായിരുന്നു ഉണ്ടായിരുന്നത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പാർക്കിലേക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ ദൂരമേയുളളു. ഫറോക്ക്, വളളിക്കുന്ന് റെയിൽവേ സ്റ്റേഷനുകൾ പാർക്കിന്റെ വളരെ അടുത്താണ്. കൊച്ചിയിലെ അന്തർദേശീയ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലിൽ നിന്ന് 160 കിലോ മീറ്ററാണ് കിൻഫ്രയിലേക്കുളള ദൂരം. മുംബൈ വരെ നീളുന്ന നാഷണൽ ഹൈവേ 47 ൽ സ്ഥിതി ചെയ്യുന്ന കിൻഫ്ര ടെക്‌നോ ഇൻഡസ്ട്രിയൽ പാർക്ക് ഇന്ത്യയിലെ ആദ്യത്തെ ഫുഡ് പാർക്കാണ്. കിൻഫ്രയുടെ ഒരു വിളിപ്പാടകലെയാണ് കോഴിക്കോട് സർവകലാശാലാ കാമ്പസ്. വനവൽക്കരണത്തിന്റെ ഭാഗമായി ഒരു കാലത്ത് അക്കേഷ്യ മരങ്ങൾ കൊണ്ട് നിബിഢമായിരുന്ന പ്രദേശം ഇന്ന് വൈവിധ്യമാർന്ന വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് നിബിഢമാണ്. കരിപ്പൂർ എയർപോർട്ടിനെ ബന്ധിപ്പിക്കുന്ന കാക്കഞ്ചേരി - കൊട്ടപ്പുറം റോഡിന്റെ സംഗമ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിവിശാലമായ ഈ പ്രദേശം നിരപ്പായ ഭൂമി അല്ലെങ്കിലും ഫലഭൂയിഷ്ട മണ്ണിനാൽ സമ്പുഷ്ടമായിരുന്നു. സദാസമയവും ജലസമൃദ്ധമായ ഒരു നീരുറവ അതിന്റെ ഹൃദയഭാഗത്തിലൂടെ ചാലിട്ടൊഴുകിയിരുന്നു. പാർക്കിന്റെ പടിഞ്ഞാറെ ഭാഗത്തുളള അതിർത്തി റോഡിന് കുറുകെ ഇപ്പോഴും ഈ നീരുറവ ചാലിട്ടൊഴുകുന്നത് കാണാം.
കോഴിക്കോട് സർവകലാശാല നിലവിൽ വന്ന കാലത്ത് വളരെ തുഛമായ വിലക്ക് സമീപവാസികളിൽ നിന്നും ഏറ്റെടുത്ത ഭൂമിയായിരുന്നു ഇത്. 1995 ൽ അധികാരത്തിലിരുന്ന യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയായിരുന്നു ഈ വ്യവസായ പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പിന്നീടങ്ങോട്ട് പ്രവർത്തനം ഇഴഞ്ഞു നീങ്ങിയെങ്കിലും 8 വർഷം കൊണ്ട് പാർക്ക് യാഥാർഥ്യമായി. 2003 സെപ്റ്റംബർ 25 നാണ് അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം പാർക്ക് രാഷ്ട്രത്തിന് സമർപ്പിച്ചത്. കാക്കഞ്ചേരിയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ മുഹൂർത്തമായിരുന്നു രാഷ്ട്രപതിയുടെ വരവും അതിനോടനുബന്ധിച്ചു നടന്ന ഉദ്ഘാടന ചടങ്ങുകളും. ഒരു കാലത്ത് അവഗണനയുടെ മേച്ചിൽപുറമായിരുന്ന, അവികസിത പിന്നോക്ക പ്രദേശമായിരുന്ന കാക്കഞ്ചേരിയിൽ രാജ്യത്തെ പ്രഥമ പൗരൻ അതും ലോകം അറിയപ്പെടുന്ന ബഹിരാകാശ ശാസ്ത്രജ്ഞൻ എത്തിയപ്പോൾ പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷങ്ങളായിരുന്നു. പാർക്കിന്റെ പ്രവർത്തനം ആരംഭിച്ചതോടു കൂടി പ്രദേശത്തിന്റെ മുഖഛായ തന്നെ മാറി. വാഹനങ്ങളുടെ അമിതമായ തിരക്കാണ് പ്രദേശത്ത് ഇന്ന് അനുഭവപ്പെടുന്നത്.
തുടർന്നങ്ങോട്ട് വികസന പാതയിൽ ഒരു കുതിച്ചുചാട്ടം തന്നെയാണ് പാർക്ക് കൈവരിച്ചത്. മലപ്പുറം ജില്ലക്കനുവദിച്ച പ്രത്യേക സാമ്പത്തിക മേഖലയുടെ (സെസ്) മുപ്പത് ശതമാനവും കാക്കഞ്ചേരിയിലെ ഫുഡ് പാർക്കിലാണ്. ആകെയുളള 70 ഏകർ സ്ഥലത്തെ മൂന്ന് മേഖലകളാക്കി തരം തിരിച്ചിരിക്കുകയാണ്. 30 ഏക്കർ സ്ഥലം ജനറൽ ഫുഡ് സോൺ, 30 ഏക്കർ പ്രത്യേക സാമ്പത്തിക മേഖല, അവശേഷിക്കുന്ന 10 ഏക്കറിൽ ഐ.ടി പാർക്കുമാണ്. ജനറൽ ഫുഡ് സോണായി വേർതിരിച്ചിട്ടുളള 30 ഏക്കർ സ്ഥലത്ത് ഇതിനോടകം നിരവധി വ്യവസായ ശാലകൾ തുടങ്ങിക്കഴിഞ്ഞു. പ്രത്യേക സാമ്പത്തിക പദവിയുളള (സെസ്) 30 ഏക്കർ സ്ഥലത്ത് പ്രധാനമയും ഉദ്ദേശിക്കുന്നത് കയറ്റുമതി ലക്ഷ്യമാക്കിയുളള വ്യവസായ സ്ഥാപനങ്ങളാണ്. ഇതിൽ 20 ഏക്കർ സ്ഥലത്തും ഇതിനോടകം വിവിധ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സെസ് മേഖലയിൽ ബാക്കി വരുന്ന 10 ഏക്കർ സ്ഥലം വ്യവസായങ്ങൾക്കു അനുയോജ്യമായി വികസിപ്പിക്കുകയും ക്രമേണ അവിടങ്ങളിൽ വ്യവസായ ശാലകൾ ഉയരുകയും ചെയ്തു. എന്തൊക്കെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുവെന്ന വിവരങ്ങൾ അടുത്ത ലക്കത്തിൽ.