കൊച്ചി- പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന എന്ന പരാതിയിന്മേല്‍ നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
താരത്തിനെതിരെ കേസെടുത്തെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍ പെട്ടെന്നും എന്നാല്‍ ഇതില്‍ വസ്തുതയില്ലെന്നും കമ്മിഷന്‍ പി.ആര്‍.ഒ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
'ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.' പത്രക്കുറിപ്പില്‍ പറയുന്നു.
ജനതകര്‍ഫ്യൂ ദിനത്തില്‍ നാം ക്ലാപ്പടിക്കുന്നത് വലിയ ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇത് അശാസ്ത്രീയമായ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി ദിനു എന്ന യുവാവാണ് പരാതി നല്‍കിയത്.