കൊച്ചി- സംവിധായകന് വിനയനെ മലയാള ചലച്ചിത്ര രംഗത്ത് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പിഴയൊടുക്കണമെന്ന വിധിയ്ക്ക് എതിരെ ഇടവേള ബാബുവും ഇന്നസെന്റും സമര്‍പ്പിച്ച ഹര്‍ജി തള്ളി.മലയാള സിനിമയിലെ വിലക്കിനെ ചോദ്യംചെയ്ത് സംവിധായകന് വിനയന് നല്കിയ ഹര്‍ജിയിലായിരുന്നു ഇരുവര്‍ക്കും എതിരെ പിഴ ചുമത്തിയത്. ഇതിനെതിരെ നല്കിയ അപ്പീല്‍ ഹര്‍ജിയാണ് കോമ്പറ്റീഷന് കമ്മീഷന് തള്ളിയത്.ഇത് അനുസരിച്ച് താരസംഘടന അമ്മ, ഫെഫ്ക,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂനിയന്‍ എന്നി സംഘടനകളുടെ മൂന്ന് വര്‍ഷത്തെ വരുമാനത്തിന്റെ അഞ്ച് ശതമാനമാണ് പിഴ നല്കാന് ഉത്തരവിട്ടിരുന്നത്. കൂടാതെ സംഘടനകള്‍ക്ക് നേതൃത്വം നല്കുന്ന നടന്മാരായ ഇന്നസെന്റ്,ഇടവേളബാബു, സംവിധായകന് സിബി മലയില്‍,കെ മോഹനനന്‍ എന്നിവര്‍ മൂന്ന് വര്‍ഷത്തെ വ്യക്തിപരമായ വരുമാനത്തിന്റെ മൂന്ന് ശതമാനവും പിഴ ഈടാക്കണമെന്നും ഉത്തരവിലുണ്ട്.
കോമ്പറ്റീഷന് കമ്മീഷന് ഹര്‍ജി തള്ളിയത് ഇവര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 2008ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഉള്ളാട്ടില്‍ ഫിലിംസുമായി നടന് ദിലീപ് സിനിമയ്ക്കായി കരാറുണ്ടാക്കുകയും അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. തുളസീദാസിന്റേതായിരുന്നു സംവിധാനം. എന്നാല്‍ തുടര്‍ന്ന് തുളസീദാസിനെ മാറ്റണമെന്ന് ദിലീപ് വാശിപ്പിടിച്ചു.അല്ലാത്തപക്ഷം സിനിമയില്‍ അഭിനയിക്കില്ലെന്നും താരം അറിയിച്ചു. എന്നാല്‍ കരാര്‍ ലംഘിച്ച ദിലീപിനെതിരെ വിനയന്റെ നേതൃത്വത്തിലുള്ള മാക്ട നടപടിക്ക് ഒരുങ്ങി. എന്നാല്‍ പിന്നീട് വിനയനെ സിനിമയില്‍ നിന്ന് പുറത്താക്കാനായി ബി ഉണ്ണികൃഷ്ണന്, സിബി മലയില്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ഫെഫ്ക രൂപീകരിക്കുകയും വിലക്കിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് കോമ്പറ്റീഷന് കമ്മീഷന്റെ കണ്ടെത്തല്‍.