ന്യൂദല്‍ഹി- മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്തി ജിഎസ്ടി കൗണ്‍സില്‍. നിലവില്‍ 12% ആയിരുന്ന ജിഎസ്ടി 18% ആക്കിയാണ് ഇന്ന്‌ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ പിരിഞ്ഞത്.ഇതേതുടര്‍ന്ന് രാജ്യത്ത് മൊബൈല്‍ഫോണ്‍ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിവരം.
പുതിയ തീരുമാനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രധനവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. കൂടാതെ എയര്‍ക്രാഫ്റ്റുകള്‍ക്കുള്ള മെയിന്റനന്‍സ് റിപ്പയര്‍ ഓവറോള്‍ (mro) സര്‍വീസിനുള്ള ജിഎസ്ടി അഞ്ച് ശതമാനം കുറച്ചിട്ടുണ്ട്. നിലവില്‍ 12 ശതമാനമായിരുന്നു . യന്ത്ര,കൈ നിര്‍മിത തീപ്പെട്ടിയുടെ നികുതി നിരക്ക് 12 % ആക്കി നിജപ്പെടുത്തിയതായും കൗണ്‍സില്‍ അറിയിച്ചു.
കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വാര്‍ഷിക വരുമാന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലതാമസ ഫീസ് ഒഴിവാക്കാന്‍ തീരുമാനിച്ചു. 2 കോടി ജിഎസ്ടി കാലതാമസത്തിന് ജൂലൈ 1 മുതല്‍ അറ്റനികുതി ബാധ്യതയ്ക്ക് പലിശ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി നെറ്റ് വര്‍ക്കിന്റെ ഹാര്‍ഡ് വെയര്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഇന്‍ഫോസിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎസ്ടിഎന്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസ് 2020 ജൂലൈയില്‍ മെച്ചപ്പെട്ട ജിഎസ്ടിഎന്‍ സംവിധാനം നല്‍കുമെന്ന് അറിയിച്ചു.