Sorry, you need to enable JavaScript to visit this website.

കുഞ്ചാക്കോ ബോബന് വാറന്റ്;  സംയുക്തയെ വിസ്തരിച്ചില്ല

കൊച്ചി-നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷി പട്ടികയിലുള്ള നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. സാക്ഷികളായ ഗീതു മോഹന്‍ ദാസും സംയുക്ത വര്‍മയും കോടതിയില്‍ എത്തിയിരുന്നു. ഗീതുവിനെ വിസ്തരിച്ചു. രണ്ട് പേര്‍ക്കും പറയാനുള്ളത് ഒരേ കാര്യമായതിനാല്‍ സംയുക്ത വര്‍മയെ വിസ്തരിച്ചില്ല. മഞ്ജു വാര്യരുടെ വിസ്താരം വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു. മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറുവരെ നീണ്ടതോടെ നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിയിരുന്നു.കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍. വിസ്താരം നടക്കുമ്പോള്‍ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 12ാം സാക്ഷി ബിന്ദു പണിക്കര്‍, 13ാം സാക്ഷി സിദ്ദിഖ് എന്നിവര്‍ വൈകിട്ട് 5.30 വരെ കോടതിയില്‍ കാത്തിരുന്നു. എന്നാല്‍, മഞ്ജു വാര്യരുടെ എതിര്‍ വിസ്താരം 6.30 വരെ നീണ്ടു. ഇതേത്തുടര്‍ന്നാണ് ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിയത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ കൃത്യമായ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ഉന്നയിച്ചത് മഞ്ജു വാര്യരാണ്. കൊച്ചിയില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു മഞ്ജു വാര്യരുടെ പ്രസ്താവന.ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം ആക്രമണത്തിരയായ നടി കണ്ടെന്നും ഇതിനെക്കുറിച്ച് മഞ്ജുവിനൊപ്പം സംയുക്ത, ഗീതു എന്നിവര്‍ അറിഞ്ഞിരുന്നു എന്നുമാണ് നേരത്തെയുള്ള മൊഴി. ദിലീപും ആക്രമണത്തിരയായ നടിയും തമ്മില്‍ ഇതിന്റെ പേരില്‍ പരസ്യമായി വാക്കുതര്‍ക്കം നടന്നിരുന്നതായും പറഞ്ഞിരുന്നു. അന്ന് രംഗം ശാന്തമാക്കിയത് സിദ്ദിഖ് ആയിരുന്നു എന്നാണു മൊഴി.

Latest News