തിരുവനന്തപുരം- മലയാള സിനിമാ ചരിത്രത്തില്‍ സ്വന്തം പേര് എഴുതി ചേര്‍ത്താണ് പഴയ കാല നടി ജമീല മാലിക് വിട പറഞ്ഞത്. പൂന്തുറയിലെ വീട്ടില്‍ വെച്ച് 73ാം വയസ്സിലാണ് ജമീല മാലിക് മരണത്തിന് കീഴടങ്ങിയത്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച ആദ്യത്തെ മലയാളി വനിതയാണ് ജമീല. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും പൂര്‍ണ സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്താണ് ജമീല തന്റെ 16ാം വയസ്സില്‍ പൂനെയില്‍ സിനിമ പഠിക്കാന്‍ പോയത്. കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റെയും തങ്കമ്മയുടേയും മകളാണ് ജമീല. മാലിക് മുഹമ്മദ് കോണ്‍ഗ്രസ് നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായിരുന്നു. ആലപ്പുഴ മുതുകളത്തായിരുന്നു ജമീലയുടെ ജനനം. സ്കൂള്‍ പഠനകാലത്ത് നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് ജമീല കാലെടുത്ത് വെച്ചത്.
പിന്നീട് നടന് മധുവിന്റെ നാടക ട്രൂപ്പില്‍ ജമീല അംഗമായി. അതിന് ശേഷമാണ് മാലിക് മുഹമ്മദും തങ്കമ്മയും ജമീലയെ സിനിമ പഠിക്കാന്‍ പ്രശസ്തമായ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. അങ്ങനെ പത്താം ക്ലാസ് പഠനത്തിന് ശേഷം പരീക്ഷയും ഓഡിഷനും വിജയിച്ച് 1970ല്‍ ജമീല ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. പഠനകാലത്ത് കെജി ജോര്‍ജിന്റെ ഫേസസ് എന്ന സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. 1973ലാണ് ജമീല നായികയായി അഭിനയിച്ച ആദ്യ ചിത്രം പുറത്തിറങ്ങിയത്. റാഗിംങ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ആദ്യത്തെ കഥ, ലൈന്‍ ബസ്, പാണ്ഡവപുരം, ലക്ഷ്മി, അതിശയ രാഗം, നദിയെ തേടി വന്ന കടല്‍ തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ചെയ്തു. ജമീല ഒപ്പമഭിനയിച്ചവിരില്‍ പ്രേം നസീര്‍, അടൂര്‍ ഭാസി, വിന്‍സെന്റ്, രാഘവന് മുതല്‍ ജയലളിത വരെയുണ്ട്. ടിവി പരമ്പരകളിലും ടെലി ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്.