കൊച്ചി- തിരുവല്ലാക്കാരിയായ ഡയാന മറിയം കുര്യനാണു ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍. എന്നാല്‍ അത് നയന്‍താര എന്ന പേരിലൂടെയാണെന്നു മാത്രം. ഡയാന മറിയം കുര്യന്‍ എന്ന പേര് മാറ്റി നയന്‍താര എന്ന് പേര് താരത്തിന് സമ്മാനിച്ചത് സിനിമാ പ്രവര്‍ത്തകനായ ജോണ്‍ ഡിറ്റോയാണ്. നയന്‍താര എന്ന പേര് കണ്ടെത്തിയതിന്റെ ഓര്‍മ്മ അദ്ദേഹം ഇപ്പോള്‍ ഫേയ്‌സബുക്കിലൂടെ പങ്ക്‌വെച്ചിരിക്കുകയാണ്.
മനസിനക്കരെയ്ക്കായി ഡയാന മറിയം കുര്യന്‍ എന്ന പേരിന് പകരം ഒരു പേര് കണ്ട് പിടിക്കാന്‍ സത്യന്‍ അന്തിക്കാട് ആവശ്യപ്പെടുകയും മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു ബംഗാളി പെണ്‍കുട്ടിയുടെ പേര് മനസില്‍ ഉടക്കുകയും ചെയ്തു. പിന്നീട് മനസിനക്കരെ എന്ന സിനിമയുടെ പേരും നയന്‍താര എന്ന പേരും സത്യന്‍ അന്തിക്കാട് അനൗണ്‍സ് ചെയ്തുവെന്നും ജോണ്‍ ഡിറ്റോ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
2003..
തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ സാജന്‍ സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.'ഡിറ്റോ ഒരു പേര് ആലോചിക്ക് 'സര്‍ നിര്‍ദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍
ചിന്തിച്ചു ..മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
...നയന്‍താര....
ഞാന്‍ പറഞ്ഞു: നയന്‍താര ..
സാജന്‍സാര്‍ തലയാട്ടി...
സ്വാമിനാഥന്‍ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ ...
സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.
ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്..