കൊച്ചി- നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപടക്കമുള്ള പ്രതികള്‍ക്ക് കുറ്റപത്രം നല്കിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പുതിയ തടസ ഹര്‍ജിയുമായി ദിലീപ്. കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ദിലീപ് വിചാരണക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതിന്റെ പരിശോധനാ ഫലം ലഭിക്കും വരെ സാക്ഷി വിസ്താരം നിര്‍ത്തിവെക്കണമെന്നാണ് പുതിയ ഹര്‍ജിയിലെ ദിലീപിന്റെ ആവശ്യം. നേരത്തെ വിടുതല്‍ ഹര്‍ജി തീര്‍പ്പാക്കുന്നതു പത്തുദിവസത്തേക്കു നീട്ടിവയ്ക്കണമെന്നു ദിലീപ് അഭ്യര്‍ത്ഥിച്ചെങ്കിലും ജഡ്ജി വഴങ്ങിയിരുന്നില്ല. മാത്രമല്ല ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. സ്റ്റേ ഇല്ലാത്തതിനാല്‍ അപ്പീലുമായി ദിലീപ് മേല്‍കോടതികളെ സമീപിച്ചാലും വിചാരണയ്ക്കു തടസമുണ്ടാകില്ല. സാക്ഷി വിസ്താരവുമായി പ്രോസിക്യൂഷനു മുന്നോട്ടുപോകാനാവും. ഇത് മനസിലാക്കിയാണ് പുതിയ ഹര്‍ജി. കേസിന്റെ തുടക്കം മുതല്‍ വിചാരണ നീട്ടുന്നതിനുള്ള ദിലീപിന്റെ ഹര്‍ജികളായിരുന്നു.
സംഭവത്തിന്റെ മുഴുവന്‍ സൂത്രധാരനും ദിലീപ് ആണെന്നായിരുന്നു പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. ദിലീപിന് വേണ്ടിയാണ് സുനില്‍ കുമാര്‍ ഇത്തരമൊരു കുറ്റകൃത്യത്തിന് തയ്യാറായതെന്നും ഒരു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ സംഭവമാണ് ഇതെന്നുമായിരുന്നു പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്.
ദിലീപ് നിഷ്ക്കളങ്കനല്ല. ദിലീപിന്റെ ഓരോ നീക്കങ്ങള്‍ക്കും തെളിവുണ്ട്. ക്വട്ടേഷന്‍ പണം നല്‍കിയതിന് തെളിവുണ്ട്. അതിന് അനുസൃതമാകുന്ന സാക്ഷിമൊഴികളുണ്ട്. ഇത്തരമൊരു കുറ്റകൃത്യം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യത്തിന് സാക്ഷിമൊഴികളുണ്ട്. ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. പൂര്‍വ വൈരാഗ്യമാണ് ക്വട്ടേഷന്‍ വഴി വെച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ല എന്നത് കൊണ്ട് മാത്രം കുറ്റപത്രത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു.