ചെന്നൈ-ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികാ നടിയായിരുന്നു ചാര്‍മിള. ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. ഒരു കാലത്ത് തിരക്കുകളിലൂടെ ജീവിച്ച താന്‍ ഇന്ന് ഏറെ കഷ്ടപ്പാടിലൂടെയാണ് ജീവിക്കുന്നതെന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ നടി ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അസ്ഥിരോഗത്തെ തുടര്‍ന്ന് ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും തമിഴ ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങിയ നായിക കൂടിയാണ് ചാര്‍മിള. വ്യക്തിജീവിതത്തിലെ തിരിച്ചടികള്‍ ചാര്‍മിളയുടെ കരിയറിനേയും ബാധിച്ചു. സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള ജീവിച്ചു വരികയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്മിളക്കൊപ്പമാണ് കഴിയുന്നത്. വളരെ സൗകര്യം കുറഞ്ഞ ഇടുങ്ങിയ ഒരു സ്ഥലത്തായിരുന്നു ചാര്‍മിളയുടെ താമസം. സിനിമയിലേക്ക് തിരിച്ചുവരാന്‍ താല്പര്യമുണ്ടെന്ന് ചാര്‍മിള പറഞ്ഞിരുന്നു. എന്നാല്‍ അവസരങ്ങള്‍ ലഭിച്ചില്ല . തമിഴ് നടന് വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.