Sorry, you need to enable JavaScript to visit this website.

റിയൽ എസ്റ്റേറ്റ് ഉപഭോക്താക്കൾക്ക് നിയമ പരിരക്ഷയുമായി 'റെറ'

റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി തടയാനും ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കും നിയമ പരിരക്ഷ ഉറപ്പാക്കാനും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (റെറ) നിലവിൽ വരുന്നതോടെ സാധിക്കുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ  പറഞ്ഞു. അതോറിട്ടിയിൽ രജിസ്‌ട്രേഷൻ ഇല്ലാത്ത പദ്ധതികൾ ഇനി മുതൽ വിപണനം ചെയ്യാൻ സാധിക്കില്ല. റെറയുടെ പ്രവർത്തനങ്ങളെപ്പറ്റി വിവിധ മേഖലകളിലുള്ളവർക്കായി കൊച്ചിയിൽ നടത്തിയ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ. 
പദ്ധതികളിൽ നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനുള്ള അധികാരം അതോറിറ്റിക്കുണ്ടെന്ന് റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു.

 
ഫഌറ്റുകളും വില്ലകളും മറ്റും വാങ്ങുന്നതിനു മുൻപ് എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണോ അവ നിർമിക്കുന്നതെന്നും മറ്റും ഉപഭോക്താക്കൾക്ക് പലപ്പോഴും ഉറപ്പാക്കാനാകാറില്ല. നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നവർക്കു മാത്രമേ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. അനുമതികളെല്ലാം അതോറിറ്റി പരിശോധിച്ച് സുതാര്യത ഉറപ്പാക്കും. അതുകൊണ്ടു തന്നെ ഇത്തരം പ്രോജക്ടുകൾ വാങ്ങുന്നവർക്ക് നിയമ പരിരക്ഷ ഉറപ്പായിരിക്കും. ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാനും ഇനി മുതൽ റെറ രജിസ്‌ട്രേഷൻ നിർബന്ധമാണ്. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ പറയുന്ന വസ്തുതകൾ മാത്രമേ പരസ്യത്തിൽ കൊടുക്കാൻ പാടുള്ളൂ. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പരസ്യപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി സാധിക്കില്ല.


 കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രവർത്തിച്ചിരുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ ക്രമപ്പെടുത്താനും നിയമത്തിന്റെയും ചട്ടങ്ങളുടെയും പരിധിയിൽ പൂർണമായും കൊണ്ടുവരാനും റെറ നിലവിൽ വരുന്നതോടെ സാധിക്കും. ഫഌറ്റുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും ബിൽറ്റ് ഏരിയ, കാർപറ്റ് ഏരിയ, പാർക്കിംഗ് ഇടം, ഗാരേജ് തുടങ്ങി എല്ലാ കാര്യങ്ങൾക്കും കൃത്യമായ നിർവചനം ഇതിലുണ്ട്.
 ഫഌറ്റുകളും വില്ലകളും സംബന്ധിച്ച് ഉപഭോക്താക്കളുടെ മാത്രമല്ല ബിൽഡർമാരുടെയും ഡെവലപ്പർമാരുടെയും പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും റെറക്ക് അധികാരമുണ്ട്. അതോറിറ്റി നിലവിൽ വന്ന ഉടൻ തന്നെ പരാതികളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വൈകാതെ രജിസ്‌ട്രേഷനും പരാതി സ്വീകരിക്കലുമെല്ലാം പൂർണമായും ഓൺ ലൈനാക്കും. പരാതി നൽകാനുള്ള അപേക്ഷാ ഫോറം ഇപ്പോൾ ൃലൃമ.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിൽ ലഭ്യമാണ്.


 നിലവിൽ നിർമാണത്തിലുള്ളതും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും വരാൻ പോകുന്ന പദ്ധതികളും റെറയിൽ രജിസ്റ്റർ ചെയ്തിരിക്കണം. നിറുത്തിവെച്ചിരിക്കുന്ന പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നവ എന്ന ഗണത്തിൽ പെടുത്തി രജിസ്റ്റർ ചെയ്യണം. പദ്ധതികൾക്ക് ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മൂന്നു മാസത്തിനകം രജിസ്റ്റർ ചെയ്തു നൽകണമെന്നാണ് ചട്ടം.


 റെറയുടെ വെബ്‌സൈറ്റ് പൂർണ സജ്ജമാകുന്നതോടെ ഓരോ റിയൽ എസ്‌റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതിൽ ലഭ്യമാകും. നിർമാണ കമ്പനിയുടെ മുൻകാല പ്രവർത്തനവും പദ്ധതിയുടെ വിലയും നിർമാണ നിലവാരവും പദ്ധതിക്ക് ലഭിച്ചിട്ടുള്ള അനുമതികളുമെല്ലാം ഇതിലുണ്ടാകും. തങ്ങളുടെ പദ്ധതികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും ചതിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കൾക്കും ഇതിലൂടെ സാധിക്കുമെന്ന് പി.എച്ച്. കുര്യൻ പറഞ്ഞു. റെറ അംഗം പ്രീത പി. മേനോനും ടെക്‌നിക്കൽ സെക്രട്ടറി എച്ച്. പ്രശാന്തും സംശയങ്ങൾക്ക് മറുപടി നൽകി.

 

Latest News