മലവെള്ളപ്പാച്ചിലിൽ പെട്ട് മരണത്തിന്റെ ആഴക്കഴത്തിലേക്ക് താണുപോകുകയായിരുന്ന മൂന്നു പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സൗദി യുവാവ് ആ നിമിഷങ്ങൾ ഓർത്തെടുക്കുന്നു. അബ്ബാസ് ബിൻ മിശ്അൽ അൽസഹ്റാനിയാണ് അബഹയിലെ നിറാ താഴ്വരയിലുണ്ടായ ഭീകര നിമിഷത്തിലൂടെ കടന്നുപോകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരെ സഹായിക്കാൻ പോകുന്നതിന്റെ അനുഭവത്തിൽ കൂടിയാണ് അബ്ബാസ് മിഷ്അൽ സഹ്റാനി കുത്തൊഴുകി പോകുന്ന മലവെള്ളത്തിലേക്ക് മണ്ണുമാന്തി യന്ത്രവുമായി ചാടിയിറങ്ങിയത്.
സമാനമായ സന്ദർഭങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരെ സഹായിക്കാൻ പോകാറുണ്ടെന്ന് സഹ്റാനി വ്യക്തമാക്കി. ഈ ദിവസം സംഭവം നടക്കുന്ന മൊയ്മ എന്ന സ്ഥലത്തിനടുത്ത് തന്നെ സഹ്റാനിയുണ്ടായിരുന്നു. രണ്ടു മിനിറ്റിനുള്ളിൽ തന്നെ സംഭവസ്ഥലത്ത് എത്താനായതാണ് വഴിത്തിരിവായതെന്നും സഹ്റാനി പറയുന്നു.
വെള്ളത്തിൽ കുടുങ്ങിയവരുടെ നിലവിളി കേട്ടാണ് കൂടുതൽ കൂടുതൽ അടുത്തേക്ക് നീങ്ങിയത്. ഒന്നുകിൽ താനടക്കം നാലുപേരുടെയും ജീവൻ നഷ്ടമാകും. അല്ലെങ്കിൽ മുഴുവനാളുകളും രക്ഷപ്പെടും എന്നുറപ്പിച്ച് തന്നെയായിരുന്നു വാഹനവുമായി മുന്നോട്ട് നീങ്ങിയത്. മുന്നോട്ടുനീങ്ങുംതോറും അതിശക്തമായ ഒഴുക്ക് അനുഭവപ്പെട്ടു. ഓരോ നിമിഷവും വെള്ളത്തിന്റെ ഒഴുക്ക് കൂടിക്കൂടി വന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ സീറ്റിലേക്ക് വെള്ളമെത്താൻ അര മീറ്റർ കൂടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ സൺറൂഫിനുള്ളിലൂടെ പുറത്തിറങ്ങിയ മൂന്നുപേരെയും മണ്ണുമാന്തി യന്ത്രത്തിലേക്ക് കയറ്റി. ഈ സമയത്ത് കാർ ഒഴുകിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചു. മൂന്നുപേരെയും സുരക്ഷിതമായി കരയിൽ എത്തിച്ച ശേഷമാണ് തനിക്ക് ശ്വാസം നേരെ വീണതെന്നും സഹ്റാനി ഓർത്തെടുക്കുന്നു. വാക്കുകൾക്കതീതമായ നന്ദിയാണ് രക്ഷപ്പെട്ടവർ പിന്നീട് പ്രകടിപ്പിച്ചതെന്നും ഇത് ഒരിക്കലും മറക്കില്ലെന്നും സഹ്റാനി പറഞ്ഞു.
സഹ്റാനിയെ മഖ്വാ ഗവർണർ നായിഫ് ബിൻ മുഹമ്മദ് അൽഹസാസി പിന്നീട് ആദരിച്ചു. ഗവർണറേറ്റ് ഓഫീസിലാണ് അബ്ബാസ് ബിൻ മിശ്അൽ അൽസഹ്റാനിയെ ആദരിച്ചത്. യുവാവിന്റെ ധീരതയെ ഗവർണർ മുക്തകണ്ഠം പ്രശംസിച്ചു.