Sorry, you need to enable JavaScript to visit this website.

അതിജീവനം തേടി അന്ന

അന്ന ബെൻ

നാട്ടിൽ ശമ്പളം കുറവായതിനാൽ വിദേശത്തേക്ക് പോകാൻ തയാറെടുക്കുന്ന നഴ്‌സാണ് ഹെലൻ. രാവിലെ ഐ.ഇ.എൽ.ടി.എസ് ക്ലാസിൽ പോകുന്ന ഹെലൻ രാത്രിയിൽ പാർട്ട് ടൈമായി ചിക് ഹബ് എന്ന ഫാസ്റ്റ് ഫുഡ് കൗണ്ടറിലും ജോലി ചെയ്യുന്നുണ്ട്. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ഹെലന് പപ്പയായ പോൾ ആണ് എല്ലാം. പപ്പയറിയാതെ മനസ്സിൽ സൂക്ഷിക്കുന്ന ഒരു പ്രണയവുമുണ്ട് ഹെലന്. കാനഡയിലേക്ക് പോകാനുള്ള കൂടിക്കാഴ്ച കഴിഞ്ഞ് വിമാന ടിക്കറ്റ് വരെ ഒ.കെയായ സമയത്താണ് അപ്രതീക്ഷിതമായി അവൾ ഒരു കെണിയിൽ അകപ്പെടുന്നത്. ഫോൺ പോലും കൈയിലില്ലാതെ ഒറ്റക്ക് ഒരു കൊടുംകാട്ടിൽ അകപ്പെടുകയാണ് ഹെലൻ. പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തിലെ ലിഫ്റ്റിനകത്തും മൈനസ് ഡിഗ്രിയിൽ ഫ്രീസറിനകത്തുമെല്ലാം മരണം കാത്തുകഴിയേണ്ടിവന്ന പെൺകുട്ടി. മരണത്തെ മുഖാമുഖം കാണുന്ന ഇത്തരം സന്ദർഭങ്ങളിൽ ജീവിക്കാൻ വേണ്ടി നടത്തുന്ന അതിജീവന ശ്രമങ്ങളുടെ കഥയാണ് നവാഗതനായ മാത്തുക്കുട്ടി സേവ്യർ ഹെലൻ എന്ന ചിത്രത്തിന് വിഷയമാക്കുന്നത്. ഹെലനായി അന്ന ബെന്നും പപ്പ പോളായി ലാലും കാമുകൻ അസറായി നോബിൾ ബാബു തോമസും സബ് ഇൻസ്‌പെക്ടറായി അജു വർഗീസും രംഗത്തെത്തുന്നു. വിനീത് ശ്രീനിവാസനാണ് നിർമാതാവ് എന്ന സവിശേഷതയും ഹെലനുണ്ട്.
ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയ ശൈലിയും കൊണ്ട് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്‌സ് പുറത്തിറങ്ങി ഒരു വർഷത്തോളമായിട്ടും ബേബി മോളേ എന്ന് ഇന്നും സ്‌നേഹത്തോടെ വിളിക്കുന്ന പ്രേക്ഷകരാണ് ഈ നടിയുടെ ശക്തി. ബേബിമോൾ എന്ന കഥാപാത്രത്തിൽനിന്നും തികച്ചും വ്യത്യസ്തമായ വേഷവുമായി ഹെലൻ തിയേറ്ററുകളിലെത്തുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അന്ന പറയുന്നു. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളായ അന്ന വൈപ്പിനിലെ വീട്ടിൽ മലയാളം ന്യൂസുമായി പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.

 

ഹെലനിലേക്കുള്ള വഴി?
ലാലങ്കിൾ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. ഹെലന്റെ കഥ പറയാൻ ലാലങ്കിളിന്റെ വീട്ടിലെത്തിയ വിനീതേട്ടനോട് എന്റെ പേര് നിർദേശിച്ചതും അങ്കിളായിരുന്നു. തുടർന്നാണ് സംവിധായകൻ വീട്ടിൽ വന്ന് കഥ പറയുന്നത്. കുമ്പളങ്ങി കഴിഞ്ഞതിനു ശേഷം പുതിയ ചിത്രങ്ങളിലൊന്നും കമ്മിറ്റ് ചെയ്തിരുന്നില്ല. ഓഫറുകൾ പലതുണ്ടായെങ്കിലും ചിത്രീകരണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായത് ഹെലനായിരുന്നു. തുടർന്നാണ് ഹെലനിൽ വേഷമിട്ടത്.

ഹെലനെക്കുറിച്ച്?
നഴ്‌സിംഗും ഐ.ഇ.എൽ.ടി.എസും പാസായി കാനഡയിലേക്കു പോകാനൊരുങ്ങുന്ന ഇരുപത്തഞ്ചുകാരി. കുട്ടിക്കാലത്തു തന്നെ അമ്മയെ നഷ്ടപ്പെട്ട അവൾക്ക് കൂട്ട് പപ്പയാണ്. വീടിന്റെ ചുമതലക്കു പുറമെ പപ്പയുടെ കാര്യങ്ങളും അവളാണ് നോക്കുന്നത്. ഇതിനിടയിൽ പാർട്ട് ടൈമായി ഫാസ്റ്റ് ഫുഡ് സെന്ററിൽ ജോലി നോക്കുന്നുമുണ്ട്. സ്വതന്ത്രമായ ചിന്താഗതിയും പക്വതയോടെയുള്ള പെരുമാറ്റവുമാണ് ഹെലനെ വ്യത്യസ്തമാക്കുന്നത്. അവളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് കഥയുടെ ചുരുൾ നിവരുന്നത്. സമൂഹത്തിൽ വളരെ സജീവമായ ഒരു പെൺകുട്ടിയെ പെട്ടെന്ന് കാണാതാകുമ്പോൾ കുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥതകളും സിനിമക്ക് പ്രമേയമാകുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും സൗഹൃദങ്ങളും പ്രണയവുമെല്ലാം ചിത്രത്തിന് വിഷയമാകുന്നു.

ഹെലനു വേണ്ടിയുള്ള ഹോംവർക്ക്?
ഹെലനും എനിക്കും ഏകദേശം ഒരേ പ്രായമാണ്. അതുകൊണ്ടു തന്നെ കഥാപാത്രവുമായി എളുപ്പത്തിൽ അടുക്കാനായി. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടു തന്നെയാണ്. 
ഹെലനു വേണ്ടി ഒരുപാട് ഹോംവർക്ക് നടത്തേണ്ടിവന്നിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിക്കുക എന്ന പ്രമേയമായിരുന്നു ചിത്രത്തിന്റെ കാതൽ. അതിനായി നന്നായി അധ്വാനിക്കേണ്ടിവന്നു. പ്രീ പ്രൊഡക്ഷൻ സമയം മുതൽ ടീമിനൊപ്പം ഇരുന്ന് കഥാപാത്രത്തെക്കുറിച്ച് ചർച്ച ചെയ്താണ് ഓരോ രംഗവും അവതരിപ്പിച്ചത്. സംവിധായകന്റെ നിർദേശമനുസരിച്ച് ഓരോ സീനും എങ്ങനെ അവതരിപ്പിക്കണമെന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു. രണ്ടാമത്തെ ചിത്രത്തിൽ തന്നെ ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുകയാണ്.

സംവിധായകന്റെ സഹകരണം?
മാത്തുക്കുട്ടി സാർ പുതിയ സംവിധായകനാണെങ്കിലും സിനിമയെക്കുറിച്ചും അത് എങ്ങനെയാവണമെന്നും കൃത്യമായി ധാരണയുള്ളയാളാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചത്. പോരാത്തതിന് വിനീതേട്ടൻ നിർമാതാവായി വന്നതും ആത്മവിശ്വാസമുയർത്തി. വിനീതേട്ടൻ പാടിയ 'കണ്ടേ കണ്ടേ' എന്ന സംഗീത ആൽബത്തിൽ അഭിനയിച്ചിരുന്നതിനാൽ നേരത്തെ പരിചയമുണ്ടായിരുന്നു. മറ്റു ചിത്രങ്ങളുടെ തിരക്കിനിടയിലും അദ്ദേഹം ലൊക്കേഷനിലെത്തി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടായിരുന്നു. മാത്തുക്കുട്ടി സാറാണെങ്കകിൽ ഓരോ രംഗവും കൃത്യമായി പറഞ്ഞു തന്നിരുന്നതിനാൽ ചിത്രീകരണത്തിലും ബുദ്ധിമുട്ടുണ്ടായില്ല.

 

നായകനായ നോബിളിനെക്കുറിച്ച്?
ഹെലന്റെ കാമുകനായ അസറായാണ് നോബിൾ വേഷമിടുന്നത്. ആദ്യമായാണ് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ പിന്നാമ്പുറങ്ങളിലാണ് നോബിളിന്റെ സഞ്ചാരം. വിനീതേട്ടന്റെ സുഹൃത്താണ്. നിവിൻപോളി നായകനായ ജേക്കബിന്റെ സ്വർഗ രാജ്യം എന്ന ചിത്രത്തിന്റെ നിർമാതാവാണ്. ഈ ചിത്രത്തിന്റെയും തിരക്കഥാരചനയിലും നിർമാണത്തിലും പങ്കാളിയാണ് നോബിൾ.

 

പപ്പയായി വേഷമിട്ട ലാൽ?
ചിത്രത്തിലെ മനോഹരമായ രംഗങ്ങൾ ഹെലനും പപ്പയും തമ്മിലുള്ളതാണ്. അച്ഛൻ, മകൾ ബന്ധത്തിന്റെ ഒട്ടേറെ പതിപ്പുകൾ നമ്മൾ നേരത്തെ കണ്ടിട്ടുള്ളതാണ്. ലാലങ്കിളിനെപ്പോലുള്ള മുതിർന്ന നടനോടൊപ്പം വളരെ അനായാസമായി അഭിനയിക്കാൻ കഴിഞ്ഞത് ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി നന്നായി ആസ്വദിക്കാൻ കഴിഞ്ഞതു കൊണ്ടാണ്. അദ്ദേഹവുമായി നേരത്തെയുള്ള പരിചയവും കുടുംബ സുഹൃത്തുമെല്ലാമായതുകൊണ്ടാണ് ഞങ്ങൾക്ക് ഇത്രയും അടുത്ത് ഇടപഴകാൻ കഴിഞ്ഞത്.

അജുവിന്റെ മാറ്റം?
സത്യമാണത്. ഹ്യൂമർ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന അജു ചേട്ടന്റെ മറ്റൊരു മുഖമാണ് ചിത്രത്തിൽ കാണുന്നത്. സീരിയസായ ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് അജു ചേട്ടൻ ഈ ചിത്രത്തിലെത്തുന്നത്, അതും ഒരു നെഗറ്റീവ് കഥാപാത്രമായി.

 

സത്യൻ അന്തിക്കാടിന്റെ കമന്റിനെ എങ്ങനെ കാണുന്നു?
സത്യത്തിൽ അത്ഭുതവും അങ്ങേയറ്റം സന്തോഷവുമുണ്ട്. സത്യൻ സാറിനെപ്പോലുള്ള ഒരു സീനിയർ സംവിധായകന്റെ പ്രശംസക്ക് പാത്രമാകാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. 'പടം കഴിഞ്ഞിട്ടും സീറ്റിൽനിന്നും എഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.

പുതിയ സിനിമകൾ?
ഹെലനു ശേഷം മറ്റൊരു ചിത്രം കൂടി പൂർത്തിയാക്കിക്കഴിഞ്ഞു. കപ്പേള എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ മുസ്തഫയാണ്. സംവിധായകൻ രഞ്ജിത് സാറിന്റെ അസോസിയേറ്റായിരുന്നു മുസ്തഫ. 
നടൻ കൂടിയായ മുസ്തഫക്ക് സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ഐൻ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 
കപ്പേളയിൽ ഒരു നാട്ടിൻപുറത്ത് സംഭവിക്കുന്ന കഥക്ക് ദൃശ്യാവിഷ്‌കാരം നൽകിയിരിക്കുകയാണ്. കൂടാതെ രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കും കരാറായിട്ടുണ്ട്.

പഠനം?
എറണാകുളം സെന്റ് തെരേസാസിൽനിന്നും ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടി. ഒരു വർഷത്തോളം ബാംഗ്ലൂരിൽ ജോലി നോക്കി. നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് സിനിമയിൽ അവസരം ലഭിച്ചത്. അഭിനയിച്ചു തുടങ്ങിയപ്പോൾ സിനിമയിൽ സജീവമാകണമെന്നു തോന്നി. ഓരോ സിനിമയിൽ അഭിനയിക്കുമ്പോഴും കാര്യങ്ങൾ കൂടുതൽ പഠിച്ചുവരുന്നു. ഒരു അഭിനേത്രി എന്ന നിലയിലേക്കുള്ള വളർച്ചയാണത്. എന്നാൽ വീട്ടിലെന്നും ഞാൻ പഴയ അന്നക്കുട്ടി തന്നെയാണ്. 

Latest News